ജെറുസലേം: പലസ്‌തീനിലെ ഗാസ മുനമ്പില്‍ ഇന്ന് പ്രാദേശിക സമയം 8.30ഓടെ (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് പന്ത്രണ്ട് മണി) ഇസ്രയേല്‍ ഹമാസ് വെടിനിര്‍ത്തില്‍ കരാര്‍ നിലവില്‍ വരുമെന്ന് മധ്യസ്ഥരായ ഖത്തര്‍ അറിയിച്ചു. ഇതോടെ പതിനഞ്ച് മാസം നീണ്ട യുദ്ധത്തിന് വിരാമമാകും. ഗാസയില്‍ ഹമാസ് തടവിലാക്കിയിരിക്കുന്ന ബന്ദികളെ വിട്ടയക്കുന്നതോടൊപ്പം ഇസ്രയേല്‍ തടവിലാക്കിയിട്ടുള്ള നൂറ് കണക്കിന് പലസ്‌തീന്‍കാരെയും മോചിപ്പിക്കും.
കഴിഞ്ഞ ദിവസമാണ് വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കിയത്. അമേരിക്ക, ഖത്തര്‍, ഈജിപ്റ്റ്, തുടങ്ങിയ രാജ്യങ്ങളുടെ മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സര്‍വവിനാശകാരിയായിരുന്ന ഒരു യുദ്ധം അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2023 ഒക്‌ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 1200 ഇസ്രയേലികള്‍ കൊല്ലപ്പെട്ടു. 250 പേരെ ബന്ദികളാക്കുകയുമുണ്ടായി. ഇപ്പോഴും നൂറോളം ബന്ദികള്‍ ഗാസയില്‍ തുടരുകയാണ്. തുടര്‍ന്ന് ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ പതിനായിരക്കണക്കിന് സ്‌ത്രീകളും കുട്ടികളുമടക്കം അന്‍പതിനായിരത്തോളം പലസ്‌തീനികള്‍ കൊല്ലപ്പെട്ടു.
ആവശ്യമെങ്കില്‍ ഇസ്രയേല്‍ യുദ്ധം തുടരും
ഇതിനിടെ ആവശ്യമെങ്കില്‍ യുദ്ധം തുടരാന്‍ ഇസ്രയേലിന് അവകാശമുണ്ടെന്ന പ്രഖ്യാപനവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. ഇതിന് അമേരിക്കയുടെ പിന്തുണയുമുണ്ട്. പലസ്‌തീനിലുള്ള മുഴുവന്‍ ബന്ദികളെയും ഇസ്രയേലില്‍ എത്തിക്കാത്ത പക്ഷമാകും യുദ്ധം വീണ്ടും തുടങ്ങുക.
മുപ്പത്തി മൂന്ന് ബന്ദികളെയാണ് തങ്ങള്‍ക്ക് തിരികെ വേണ്ടതെന്നും നെതന്യാഹു കഴിഞ്ഞ ദിവസം ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇന്ന് ആരംഭിക്കുന്ന 42 ദിവസത്തെ വെടിനിര്‍ത്തല്‍ ഒരു താത്ക്കാലിക കരാര്‍ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധം പുനരാരംഭിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായാല്‍ അതിലേക്ക് പോകും. യുദ്ധം ആരംഭിച്ച ശേഷം പശ്ചിമേഷ്യയുടെ മുഖം ആകെ മാറിയിരിക്കുകയാണ്. ഇസ്രയേലിന് തങ്ങളുടെ അധിനിവേശ ലക്ഷ്യങ്ങള്‍ സാധിക്കാനായില്ലെന്ന് ഹമാസ് പറഞ്ഞു. യുദ്ധക്കുറ്റങ്ങള്‍ ചെയ്യുന്നതില്‍ മാത്രമാണ് അവര്‍ വിജയിച്ചതെന്നും ഹമാസ് ചൂണ്ടിക്കാട്ടുന്നു. ഇത് മാനവരാശിയുടെ അന്തസ് കെടുത്തുന്നതായിരുന്നുവെന്നും ഹമാസ് ചൂണ്ടിക്കാട്ടി.
ബന്ദികളുടെയും-തടവുകാരുടെയും കൈമാറ്റം
ആദ്യഘട്ട 42 ദിന വെടിനിര്‍ത്തല്‍ വേളയില്‍ ഹമാസ് 33 ബന്ദികളെ കൈമാറും. മൂന്ന് പേരെ ഇന്ന് തന്നെ കൈമാറും. പകരം ഇസ്രയേല്‍ 700 പലസ്‌തീന്‍ തടവുകാരെയും വിട്ടയക്കും. ഇതില്‍ ചിലരെ നാടുകടത്തുകയാകും ചെയ്യുക.
വെടിനിര്‍ത്തലിന്‍റെ ആദ്യഘട്ടത്തില്‍ 737 പലസ്‌തീന്‍ തടവുകാരെ വിട്ടയക്കുമെന്നാണ് ഇസ്രയേല്‍ നീതിന്യായ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. ഇന്ന് നാല് മണിക്ക് മുമ്പ് തന്നെ ഇവരെ വിട്ടയക്കുമെന്നും ഇസ്രയേല്‍ അറിയിച്ചിട്ടുണ്ട്.
യുദ്ധം അവസാനിപ്പിക്കാന്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ച ഖത്തറും അമേരിക്കയും ഈജിപ്റ്റും വെടിനിര്‍ത്തല്‍ കരാറിന്‍റെ വിശദാംശങ്ങള്‍ വ്യക്തമാക്കി. അതിനിടയിലും ഇസ്രയേല്‍ ഗാസയില്‍ ആക്രമണം തുടരുകയാണ്. തെക്കന്‍ ഗാസയിലെ ഖാന്‍ യുനിസില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു.
ജെറുസലേമിലും സ്‌ഫോടനങ്ങള്‍ നടന്നു. യെമനിലെ ഹൂതി വിമതരാണ് ഇസ്രയേലില്‍ മിസൈലാക്രമണം നടത്തിയത്. വെടിനിര്‍ത്തലിന് തൊട്ടുമുമ്പ് ഹമാസിന് പിന്തുണ പ്രകടിപ്പിച്ച് കൊണ്ടുള്ള ആക്രമണമായിരുന്നു ഇത്. ടെല്‍ അവീവിലെ പ്രതിരോധമന്ത്രാലയം ലക്ഷ്യമിട്ടാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്ന് ഹൂതികള്‍ വ്യക്തമാക്കി. ചെങ്കടലിലെ എലിയാട്ട് നഗരത്തില്‍ രണ്ട് മിസൈലുകളുപയോഗിച്ച് ആക്രമണം നടത്തി.
വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരുന്നത് ട്രംപിന്‍റെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുമ്പ്
തങ്ങള്‍ 2023 ഡിസംബര്‍ ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറിലാണ് ഈയാഴ്‌ച ഒപ്പ് വച്ചതെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്‌ദുള്‍ റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനി സ്‌കൈ ന്യൂസിനോട് പറഞ്ഞു. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റായി രണ്ടാം വട്ടം അധികാരമേല്‍ക്കുന്നതിന് തൊട്ടുമുമ്പാണ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുന്നത് എന്നതും ശ്രദ്ധേയമാണ്.
യുദ്ധം അവസാനിപ്പിക്കണമെന്ന് താന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നതായി ട്രംപ് അമേരിക്കന്‍ വാര്‍ത്താശൃംഖലായ എന്‍ബിസിയോട് വ്യക്തമാക്കിയിരുന്നു. യുദ്ധത്തിന് ശേഷം ഗാസയുടെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ ഇസ്രയേല്‍ അധീന വെസ്റ്റ് ബാങ്കില്‍ ഭാഗിക അധികാരമുള്ള പലസ്‌തീന്‍ അതോറിറ്റി തയാറായെന്ന് പലസ്‌തീന്‍ പ്രസിഡന്‍റ് മഹമ്മൂദ് അബ്ബാസ് പറഞ്ഞു.
അതേസമയം യുദ്ധാനന്തര ഭരണത്തെക്കുറിച്ച് യാതൊരു നിലപാടും ഇസ്രയേല്‍ പ്രകടിപ്പിച്ചിട്ടില്ല. എന്നാല്‍ ഹമാസിനോ പലസ്‌തീന്‍ അതോറിറ്റിക്കോ ഭരണത്തില്‍ പങ്കുണ്ടാകരുതെന്ന അഭിപ്രായം അവര്‍ക്കുണ്ട്. എന്നാല്‍ പലസ്‌തീന്‍ അതോറിറ്റിക്ക് കീഴിലാകും ഗാസയെന്നാണ് അധികാരമൊഴിയുന്ന അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ അറിയിച്ചത്.
വീടുകളിലേക്ക് മടങ്ങാന്‍ തയാറെടുത്ത് ഗാസയിലെ ജനത
വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുന്നതോടെ സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ തയാറെടുക്കുകയാണ് പലയാനം ചെയ്‌ത പലസ്‌തീനികള്‍. തന്‍റെ ഭൂമിയെ ചുംബിക്കാന്‍ പോകുന്നുവെന്നാണ് ഗാസയില്‍ നിന്ന് പലായനം ചെയ്‌ത് ഇപ്പോള്‍ ഒരു ക്യാമ്പില്‍ കഴിയുന്ന നസര്‍ അല്‍ ഘരാബ്ലി പ്രതികരിച്ചത്. പലായനം ചെയ്യപ്പെട്ടയാളായി ഇവിടെ കഴിയുന്നതിനെക്കാള്‍ സ്വന്തം മണ്ണില്‍ മരിച്ച് വീഴുന്നതാണ് നല്ലതെന്ന് കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദീര്‍ഘകാലമായി തങ്ങള്‍ കാത്തിരുന്ന കരാറാണ് നിലവില്‍ വന്നിരിക്കുന്നതെന്ന് ജെറുസലേം നിവാസികള്‍ പറയുന്നു. പരാമാവധി തടവുകാര്‍ തിരിച്ചെത്തുമെന്നാണ് സര്‍വകലാശാല വിദ്യാര്‍ത്ഥിയായ ബീരി യെമനി പറഞ്ഞു. ഇരുഭാഗത്തിന്‍റെയും കഷ്‌ടതകളുടെ അവസാനത്തിന്‍റെ തുടക്കമാണിതെന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പണ്ടേക്കു പണ്ടേ യുദ്ധം അവസാനിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കരാറിനെതിരെ ഇസ്രയേലിലിലെ തീവ്രവലതു പക്ഷ സര്‍ക്കാരിലെ എട്ട് മന്ത്രിമാര്‍ വോട്ട് ചെയ്‌തു. തീവ്രവലതു പക്ഷ നിലപാടുകാരായ ഇതാമര്‍ ബെന്‍ ഗ്വിറും ബെസാലെല്‍ സ്‌മോട്രികുമടക്കമുളളവരാണ് കരാറിനെതിരെ വോട്ട് ചെയ്‌തത്.
മാസങ്ങളായി നടക്കുന്ന മധ്യസ്ഥ ചര്‍ച്ചകള്‍ ട്രംപ് അധികാരത്തിലേറും മുമ്പ് ധാരണയിലെത്തിയിരുന്നില്ലെങ്കില്‍ തികച്ചും ഫലമില്ലാതെ പോകുമായിരുന്നു. അധികാരമൊഴിയുന്ന പ്രസിഡന്‍റ് ജോബൈഡന്‍റെ പ്രതിനിധിയായ ബെറ്റ് മക്ഗര്‍ക്കും ചര്‍ച്ചയുടെ ഭാഗമായി. ട്രംപിന്‍റെ ദൂതന്‍ സ്റ്റീവ് വിത്കോഫും അവസാനഘട്ട കരാറിന്‍റെ ഭാഗമായെന്ന് അമേരിക്കന്‍ അധികൃതര്‍ അറിയിച്ചു.
ജീവനുള്ള ബന്ദികളെയാകണം കൈമാറേണ്ടതെന്ന് നെതന്യാഹു അറിയിച്ചിട്ടുണ്ട്. ഇസ്രയേല്‍ സേന ജനസാന്ദ്രതയേറിയ ഗാസയില്‍ നിന്ന് പിന്‍മാറും. ഇതോടെ പലായനം ചെയ്യപ്പെട്ടവര്‍ക്ക് തിരികെ എത്താമെന്നും ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു.
ഇനിയും രൂപമായിട്ടില്ലാത്തത രണ്ടാം ഘട്ട കരാര്‍ നിലവില്‍ വരുന്നതോടെ യുദ്ധം സ്ഥിരമായി അവസാനിക്കുമെന്ന് ബൈഡന്‍ വ്യക്തമാക്കി.
ഗാസയ്ക്ക് മാനുഷിക സഹായവുമായി ലോകരാജ്യങ്ങള്‍
യുദ്ധം തകര്‍ത്ത ഗാസയ്ക്ക് നടുനിവര്‍ക്കണമെങ്കില്‍ ഇനിയും സഹായം ആവശ്യമുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തകര്‍ അവരുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്. സാഹയങ്ങളുമായി ഗാസയുടെ ഈജിപ്ഷ്യന്‍ അതിര്‍ത്തി മേഖലയില്‍ നിരവധി ട്രക്കുകള്‍ കാത്ത് കിടപ്പുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുന്നതോടെ അറുനൂറ് ട്രക്കുകള്‍ സഹായവുമായി ഗാസയിലെത്തും. ഇതില്‍ അന്‍പതെണ്ണം ഇന്ധനവുമായാണ് എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.