കേരളത്തിന്‍റെ മാധ്യമ ചരിത്രത്തിലും നവോത്ഥാന ചരിത്രത്തിലും എന്നും പ്രതിധ്വനിക്കുന്ന പേരാണ് സ്വദേശാഭിമാനി. വെറും 5 വർഷം മാത്രം അച്ചടി നടത്തിയ ഈ പത്രത്തിന് കേരള നവോത്ഥാന ചരിത്രത്തിലെ സ്ഥാനം ചെറുതല്ല. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് സ്വദേശാഭിമാനി പത്രം ഗണ്യമായ സംഭാവനകൾ നൽകി. ജനുവരി 19 ന് പത്രം പ്രസിദ്ധീകരണം ആരംഭിച്ചതിന്‍റെ 120-ാം വാര്‍ഷികമാണ് ഇന്ന്.
വിഖ്യാത എഴുത്തുകാരനും പത്രപ്രവർത്തകനുമായ വക്കം അബ്‌ദുൾ ഖാദർ മൗലവി (1873-1932) സ്ഥാപിച്ച മലയാള ഭാഷാ പത്രമാണ് സ്വദേശാഭിമാനി. അദ്ദേഹം തന്നെയായിരുന്നു പത്രത്തിന്‍റെ ഉടമയും പ്രസാധകനും മാനേജിങ് എഡിറ്ററുമെല്ലാം. 'ഭയകൗടില്ല്യ ലോഭങ്ങൾ വളർക്കില്ലൊരു നാടിനെ' എന്നതായിരുന്നു പത്രത്തിന്‍റെ ആപ്‌തവാക്യം.
ബ്രിട്ടണിൽ നിന്ന് ആധുനിക പ്രസ്സ് ഇറക്കുമതി ചെയ്‌ത വക്കം മൗലവി സ്വന്തമായി പണം മുടക്കിയാണ് പത്രത്തെ മുന്നോട്ട് കൊണ്ടുപോയത്. 1905 ജനുവരി 19 ന് തിരുവിതാംകൂറിലെ ചെറു ഗ്രാമമായ, കുമാരനാശാന്‍റെ ജന്മസ്ഥലം കൂടിയായ കൈക്കരയിലെ അഞ്ചുതെങ്ങിലാണ് പത്രം പ്രസിദ്ധീകരണം ആരംഭിക്കുന്നത്.
തിരുവിതാംകൂറിലെയും മലയാളം സംസാരിക്കുന്ന പ്രദേശങ്ങളിലെയും പൊതുജനങ്ങള്‍ക്ക് പ്രാദേശിക, ദേശീയ, അന്തർദേശീയ വിഷയങ്ങളെക്കുറിച്ച് അറിയാൻ സ്വദേശാഭിമാനി സഹായകമായി. തിരുവിതാംകൂർ സർക്കാരിന്‍റെ അഴിമതി തുറന്നുകാട്ടുന്നതിലും സർക്കാർ നയങ്ങൾ വിശകലനം ചെയ്യുന്നതിലും വിമർശിക്കുന്നതിലും സ്വദേശാഭിമാനി ഒരു ഭയവും കാട്ടിയില്ല.
സാമൂഹികവും മതപരവുമായ പരിഷ്‌കരണ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിലും കോളനി വിരുദ്ധ പ്രസ്ഥാനത്തിന്‍റെ സജീവ പ്രവര്‍ത്തനത്തിലും സ്വദേശാഭിമാനിയും മുന്നില്‍ നിന്നു. അന്താരാഷ്‌ട്ര സംഭവവികാസങ്ങള്‍ വാർത്തകളായി സാധാരണക്കാരിലേക്ക് എത്തിച്ച് അക്കാലത്തെ മറ്റ് മലയാള പത്രങ്ങളിൽ നിന്ന് സ്വദേശാഭിമാനി വേറിട്ടു നിന്നു.
കേരളത്തില്‍ ഒരു പുതിയ രാഷ്‌ട്രീയ അവബോധത്തിന്‍റെ വികാസത്തിന് അഭൂതപൂര്‍വമായ സംഭാവന നൽകിയത് വക്കം അബ്‌ദുള്‍ ഖാദര്‍ മൗലവിയും അദ്ദേഹത്തിന്‍റെ പത്രവുമാണ്.
സത്യത്തിന്‍റെ സ്ഥാപകൻ: പൊതുനന്മ ലക്ഷ്യമാക്കിയാണ് സ്വദേശാഭിമാനി ആരംഭിക്കുന്നതെന്നും ജനങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഒരു സത്യവും മറച്ചുവയ്ക്കുന്നില്ലെന്നും അതിനാൽ ഭാവിയിലെ എല്ലാ പ്രത്യാഘാതങ്ങളും തീർച്ചയായും നേരിടാന്‍ തയാറാണെന്നും പ്രഖ്യാപിച്ച അസാധാരണ ധൈര്യശാലിയാണ് വക്കം അബ്‌ദുള്‍ ഖാദര്‍ മൗലവി. വക്കം മൗലവിയുടെ പ്രസ്‌താവനയെ ആ കാലഘട്ടത്തോട് ചേര്‍ത്തു വായിക്കുമ്പോഴാണ് ആ മാധ്യമപ്രവര്‍ത്തകന്‍റെ ധീരതയുടെ ആഴം മനസിലാവുക.
റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയിൽ സബ്‌സ്‌ക്രൈബ് ചെയ്‌ത കേരളത്തിലെ ആദ്യത്തെ പത്രമാണ് സ്വദേശാഭിമാനി. വ്യവസായത്തിലെ ഏറ്റവും പുതിയ രീതികളെക്കുറിച്ച് വക്കം മൗലവിക്ക് എപ്പോഴും അവബോധം ഉണ്ടായിരുന്നു എന്ന് വേണം മനസിലാക്കാന്‍.
പ്രിന്‍റിങ് പ്രസ്സിനും പത്രത്തിനും പുറമേ തന്‍റെ ഗ്രാമത്തില്‍ സ്വദേശാഭിമാനി എന്ന പേരില്‍ ഒരു ലൈബ്രറിക്കും അദ്ദേഹം ആരംഭിച്ചു. ഒരു പത്രം പ്രസിദ്ധീകരിക്കുന്നത് അക്കാലത്ത് ലാഭകരമായ ബിസിനസ് അല്ലെന്ന് പൂര്‍ണ ബോധ്യമുള്ള ആളായിരുന്നു വക്കം മൗലവി.
സ്വദേശാഭിമാനി പത്രം ആരംഭിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ച ബന്ധുക്കളോട് വക്കം മൗലവി പറഞ്ഞത് ഇതാണ്: 'ഞാൻ ഒരു ബിസിനസുകാരനല്ല. പത്രം ഉപയോഗിച്ച് ഞാൻ നേടാൻ ആഗ്രഹിക്കുന്നത് സാമൂഹിക സേവനവും ദേശ സ്‌നേഹവുമാണ്. എനിക്ക് ആവശ്യമുള്ള ആത്യന്തിക ലാഭം പണമല്ല. ഞാൻ അന്വേഷിക്കുന്നത് എന്‍റെ രാജ്യത്തിന് ലഭിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. എനിക്ക് അത് മതി.'
തന്‍റെ പത്രത്തിന് വക്കം മൗലവി തെരഞ്ഞെടുത്ത പേരും ശ്രദ്ധേയമാണ്. അക്കാലത്ത്, കേരളത്തിലെ പത്ര പ്രസിദ്ധീകരണങ്ങളുടെ പേരുകൾ കേരളമിത്രം, കേരള വിപഞ്ചിക, മലയാള രാജ്യം, മലയാള മനോരമ എന്നൊക്കെയായിരുന്നു. രാഷ്‌ട്രീയമായി നിഷ്‌പക്ഷത തോന്നിക്കുന്ന പരമ്പരാഗത പേരുകൾക്ക് പകരം 'സ്വദേശാഭിമാനി' എന്ന പേര് തെരഞ്ഞെടുത്തതിലും ഒരു രാഷ്‌ട്രീയ വെല്ലുവിളി ഉണ്ടായിരുന്നു. കാരണം, നാട്ടുരാജ്യങ്ങളിലെ 'വെറും പ്രജകൾ'ക്ക് ദേശസ്‌നേഹവും രാജ്യസ്‌നേഹവുമെല്ലാം നിഷിദ്ധ വികാരങ്ങളായിരുന്നു. അവർ അടിച്ചമർത്തലുകളില്‍ കഷ്‌ടപ്പെടുകയായിരുന്നു.
ബ്രിട്ടീഷ് ഭരണത്തിന്‍റെ നുകങ്ങളും നാട്ടുരാജ്യത്തിന്‍റെ ഫ്യൂഡൽ സ്വേച്ഛാധിപത്യവും ഒരേസമയം അവരുടെ കഴുത്തിലമര്‍ന്നു. തിരുവിതാംകൂറിൽ അത്തരമൊരു സാഹചര്യത്തിലാണ് വക്കം മുഹമ്മദ് അബ്‌ദുൾ ഖാദർ മൗലവി സ്വദേശാഭിമാനി പ്രസിദ്ധീകരിക്കാൻ തീരുമാനിക്കുന്നത്.
സ്വദേശാഭിമാനി രാമകൃഷ്‌ണ പിള്ള: ചിറയിൻകീഴ് സി.പി ഗോവിന്ദ പിള്ളയായിരുന്നു സ്വദേശാഭിമാനി പത്രത്തിന്‍റെ ആദ്യ എഡിറ്റര്‍. തന്‍റെ നേതൃത്വത്തിൽ തന്‍റെ ആശയങ്ങൾക്കനുസരിച്ച് പത്രം പുരോഗമിക്കുന്നില്ലെന്ന് മനസ്സിലാക്കിയ മൗലവി കഴിവുള്ള മറ്റൊരു എഡിറ്ററെ അന്വേഷിക്കുകയായിരുന്നു. സാമൂഹിക പരിഷ്‌കരണ പരിപാടികളില്‍ മുഴുകിയിരുന്നതിനാൽ, സ്വദേശാഭിമാനിയിലെ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
ഈ സമയത്താണ് നെയ്യാറ്റിൻകര സ്വദേശിയും ബിഎ ബിരുദധാരിയുമായ രാമകൃഷ്‌ണ പിള്ളയെ അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം സ്വന്തം അമ്മാവന്‍റെ ഉൾപ്പെടെ രണ്ട് പത്രങ്ങളിൽ നിന്ന് പുറത്താക്കിയ വിവരം മൗലവി അറിയുന്നത്. രാമകൃഷ്‌ണ പിള്ള തിരുവനന്തപുരത്ത് തന്നെ ഉണ്ടെന്നും മൗലവി അറിയുന്നു. താമസിയാതെ മൗലവി അദ്ദേഹത്തെ കണ്ട് സ്വദേശാഭിമാനി പത്രത്തിന്‍റെ എഡിറ്റർ സ്ഥാനം ഏറ്റെടുക്കാൻ അഭ്യർത്ഥിച്ചു.
രാമകൃഷ്‌ണ പിള്ളയ്ക്ക് ആദ്യം അൽപ്പം ആശങ്കയുണ്ടായിരുന്നു. ഇവിടെയും തന്‍റെ മുൻകാല അനുഭവം തന്നെയായിരിക്കുമെന്ന് അദ്ദേഹം ആദ്യം സംശയിച്ചു. എന്തായാലും സംഗതി പരീക്ഷിച്ചു നോക്കാമെന്ന് കരുതി അദ്ദേഹം എഡിറ്ററാകാൻ സമ്മതിച്ചു.
1906 ജനുവരി 17 ന് രാമകൃഷ്‌ണ പിള്ള സ്വദേശാഭിമാനിയുടെ പത്രാധിപത്യം ഏറ്റെടുത്തു. വക്കം മൗലവി ഉറപ്പുനൽകിയ എഡിറ്റോറിയൽ സ്വാതന്ത്ര്യം അവസാന നിമിഷം വരെയും രാമകൃഷ്‌ണ പിള്ള ആസ്വദിച്ചു.
പത്രാധിപരുടെ സൗകര്യം കണക്കിലെടുത്ത് പത്രത്തിന്‍റെ പ്രസിദ്ധീകരണം ആദ്യം വക്കത്തേക്കും പിന്നീട് തിരുവനന്തപുരത്തേക്കും മാറ്റി. അന്നത്തെ തിരുവിതാംകൂർ ദിവാൻ രാജഗോപാലാചാരിയുടെ ഭരണ കാലത്ത് നിലനിന്നിരുന്ന അനീതി, അഴിമതി, സ്വജനപക്ഷപാതം എന്നിവയെ നിശിതമായി വിമർശിച്ചുകൊണ്ട് രാമകൃഷ്‌ണ പിള്ള എഡിറ്റോറിയലുകൾ എഴുതി.
അന്നത്തെ ശക്തമായ ഫ്യൂഡൽ ഭരണകൂടത്തിന് സഹിക്കാവുന്നതിലും അപ്പുറമുള്ള രീതിയിലാണ് രാമകൃഷ്‌ണ പിള്ള അനീതിയെ വിമർശിച്ചത്. സർക്കാരിന്‍റെ ദൂതന്മാർ മൗലവിയുടെ അടുത്തേക്ക് പാഞ്ഞു. എന്നാല്‍ തന്‍റെ എഡിറ്റർമാർക്ക് പൂർണ്ണ പിന്തുണ നൽകി മൗലവി ഉറച്ചുനിന്നു. വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അറിഞ്ഞു തന്നെ മൗലവി പൂർണ്ണ സന്നദ്ധതയോടെ തന്‍റെ നിലപാടില്‍ ഉറച്ചു നിന്നു.
ഒടുക്കം ജനങ്ങളും മൗലവിയും പ്രതീക്ഷിച്ചത് സംഭവിച്ചു. പത്രം നിരോധിക്കപ്പെട്ടു. പത്രിക കണ്ടുകെട്ടുകയും എഡിറ്റർ രാമകൃഷ്‌ണ പിള്ളയെ അദ്ദേഹം ജനിച്ചു വളർന്ന തിരുവിതാംകൂർ നാട്ടിൽ നിന്ന് നാടുകടത്തുകയും ചെയ്‌തു. 1910 സെപ്റ്റംബർ 26-ന് ആണ് പത്രം പ്രസിദ്ധീകരണം നിർത്തുന്നത്.
'എന്‍റെ എഡിറ്റർ ഇല്ലാതെ, എനിക്ക് എന്തിനാണ് ഒരു പത്രവും പ്രിന്‍റിങ് പ്രസ്സും?'- പത്രം അടച്ചു പൂട്ടിയതിനെക്കുറിച്ചും സ്വദേശാഭിമാനി രാമകൃഷ്‌ണ പിള്ളയുടെ നാടുകടത്തലിനെക്കുറിച്ചും വക്കം മൗലവി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
രാഷ്‌ട്രീയ അവബോധം പൗരന്‍മാരില്‍ ആഴത്തില്‍ ലയിക്കേണ്ട ആധുനിക ഇന്ത്യന്‍ സാഹചര്യത്തില്‍ വക്കം അബ്‌ദുള്‍ ഖാദര്‍ മൗലവിയും സ്വദേശാഭിമാനിയും കൊളുത്തിവച്ച അഗ്‌നിക്ക് പ്രസക്തി ഏറുകയാണ്.