വാഷിങ്‌ടണ്‍: പുതിയ അമേരിക്കൻ പ്രസിഡന്‍റായി റിപ്പബ്ലിക്കൻ നേതാവ് ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ വാഷിങ്‌ടണ്‍ ഡിസിയില്‍ വൻ പ്രതിഷേധം. ആയിരക്കണക്കിന് ട്രംപ് വിരുദ്ധരാണ് പ്രതിഷേധിച്ചത്. ജനുവരി 20 ന് അമേരിക്കയുടെ 47-ാമത് പ്രസിഡന്‍റായി ട്രംപ് സ്ഥാനമേൽക്കാനിരിക്കെയാണ് രാജ്യ തലസ്ഥാനത്ത് പ്രതിഷേധം അരങ്ങേറിയത്.
ട്രംപ് വിരുദ്ധ പോസ്റ്ററുകളും ബാനറുകളും ഉയര്‍ത്തിപ്പിടിച്ചാണ് ജനങ്ങളുടെ പ്രതിഷേധം. ട്രംപിനെതിരെയും ടെസ്‌ല ഉടമ എലോൺ മസ്‌ക് ഉൾപ്പെടെയുള്ള അദ്ദേഹത്തിന്‍റെ ചില അടുത്ത അനുയായികൾക്കെതിരെയും പ്രതിഷേധക്കാര്‍ മുദ്രാവാക്യങ്ങൾ വിളിച്ചു. സൗത്ത് ഏഷ്യൻ സർവൈവേഴ്‌സിന് കീഴിലുള്ള സഖി എന്ന സഖ്യ സംഘടനയില്‍ ഉൾപ്പെട്ടവരാണ് പ്രതിഷേധിച്ചത്.
Thousands of left-wing activists march through Washington D.C. in protest against Trump’s Inauguration.
— Oli London (@OliLondonTV) January 18, 2025
pic.twitter.com/SQPThKOd4c
ട്രംപ് ആദ്യമായി അമേരിക്കൻ പ്രസിഡന്‍റായ 2017 ജനുവരിയിലും ഇതേ സഖ്യം സമാനമായ പ്രതിഷേധം നടത്തിയിരുന്നു. മൂന്ന് പാർക്കുകളിൽ നിന്ന് ആരംഭിച്ച പ്രതിഷേധങ്ങള്‍ ലിങ്കൺ മെമ്മോറിയലിന് സമീപമാണ് അവസാനിച്ചത്. ഫാസിസത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നും, അതിന് വഴങ്ങില്ലെന്നും മാര്‍ച്ചില്‍ വ്യക്തമാക്കുന്നു.
'നമ്മൾ ഫാസിസത്തിനെതിരെ ശക്തമായി പോരാടും, അതിനു വഴങ്ങാൻ നമ്മള്‍ ഒരിക്കലും തയ്യാറല്ലെന്ന് നമ്മുടെ സമൂഹത്തിന് കാണിച്ചുകൊടുക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്നാണ് ബഹുജന പ്രതിഷേധം,' എന്ന് പീപ്പിൾസ് മാർച്ച് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അബോർഷൻ ആക്ഷൻ നൗ, ടൈം ടു ആക്‌ട്, സിസ്റ്റർസോംഗ്, വിമൻസ് മാർച്ച്, പോപ്പുലർ ഡെമോക്രസി ഇൻ ആക്ഷൻ, ഹാരിയറ്റ്സ് വൈൽഡസ്റ്റ് ഡ്രീംസ്, ദി ഫെമിനിസ്റ്റ് ഫ്രണ്ട്, നൗ, പ്ലാൻഡ് പാരന്‍റ്‌ഹുഡ്, നാഷണൽ വിമൻസ് ലോ സെന്‍റര്‍ ആക്ഷൻ ഫണ്ട്, സിയറ ക്ലബ്, ഫ്രണ്ട്‌ലൈൻ എന്നിവ ഉൾപ്പെടെയുള്ള സംഘടനകളാണ് ട്രംപിനെതിരെ പ്രതിഷേധിച്ചത്.
സ്‌ത്രീകൾ, സമത്വം, കുടിയേറ്റം ഉള്‍പ്പെടെ എല്ലാ കാര്യങ്ങളിലും തങ്ങള്‍ പിന്തുണ നല്‍കുന്നുവെന്നും പ്രതിഷേധക്കാരിൽ ഒരാളായ ബ്രിട്ടാനി മാർട്ടിനെസ് പറഞ്ഞു. അതേസമയം, ട്രംപിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് ജനുവരി 20ന് ക്യാപിറ്റോള്‍ റോത്തുണ്ടയ്ക്കുള്ളില്‍ വച്ച് നടക്കുമെന്ന് വൈറ്റ്ഹൗസ് അധികൃതര്‍ അറിയിച്ചിരുന്നു.