കോട്ടയം: ചാനൽ ചർച്ചയിൽ മത വിദ്വേഷ പരാമർശം നടത്തിയ കേസിൽ റിമാൻഡിലായതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പിസി ജോർജ് ഡോക്‌ടർമാരുടെ നിരീക്ഷണത്തിൽ തുടരുന്നു. ഇസിജി വേരിയേഷനെ തുടർന്നാണ് പിസി ജോർജിനെ കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജി ഐസിയുവിൽ പ്രവേശിപ്പിച്ചത്.
48 മണിക്കൂർ നിരീക്ഷണമാണ് ഡോക്‌ടർമാർ നിർദേശിച്ചിരിക്കുന്നത്. നിലവിൽ പിസി ജോർജിൻ്റെ ആരോഗ്യം തൃപ്‌തികരമാണ്. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം ജയിലിലേക്ക് മാറ്റുന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തും. അതേസമയം ഇന്നു തന്നെ പിസി ജോർജ് വീണ്ടും ജാമ്യപേക്ഷ നൽകും. മത വിദ്വേഷ പരാമർശ കേസില്‍ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ പിസി ജോർജിനെ ഇന്നലെ വൈകിട്ട് ആറ് മണിവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടശേഷമാണ് പാല സബ് ജയിലിലേക്ക് അയച്ചത്.
മുൻപ് നടത്തിയ വിദ്വേഷ പരമാർശങ്ങൾ അടക്കം ചൂണ്ടികാട്ടിയാണ് കോടതി ജാമ്യപേക്ഷ തള്ളിയത്. പാലാ സബ് ജയിലിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ് വൈദ്യ പരിശോധനയ്‌ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴാണ് അദ്ദേഹത്തിൻ്റെ ഇസിജിയിൽ വേരിയേഷൻ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഹൈക്കോടതി മുൻകൂർ ജാമ്യപേക്ഷ തള്ളിയതോടെ പിസി ജോർജ് ഇന്നലെ പൊലീസിൽ കീഴടങ്ങുമെന്ന അഭ്യൂഹമുണ്ടായിരുന്നു. ഇത് പ്രകാരം പൊലീസ് സ്റ്റേഷൻ പരിസരത്തും പിസി ജോർജിൻ്റെ വീട്ടുപരിസരത്തും പൊലീസും ബിജെപി പ്രവർത്തകരും നിറഞ്ഞിരുന്നു. അതിനിടയിൽ രാവിലെ 10.50ന് പിസി ജോർജ് കോടതിയിൽ കീഴടങ്ങി.
ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ കോടതിയിൽ ശക്തമായ വാദ പ്രതിവാദങ്ങളാണ് നടന്നത്. എന്നാൽ മുൻകാല വിദ്വേഷ പരാമർശങ്ങൾ കൂടി കണക്കിലെടുത്ത് ജാമ്യം നൽകാനാവില്ലെന്ന് തീരുമാനിച്ചു. വൈദ്യ പരിശോധനയ്‌ക്ക് ശേഷം പൊലീസ് സ്റ്റേഷനിൽ എത്തിച്ചതിന് പിന്നാലെയാണ് പിസിയുടെ ജാമ്യാപേക്ഷ തള്ളി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തുള്ള കോടതി ഉത്തരവ് വന്നത്.