പ്രയാഗ്‌രാജ് : മഹാകുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് നിരവധിപേർ മരിക്കാനിടയായ സംഭവത്തിൽ ജുഡീഷ്യൽ കമ്മിഷൻ്റെ അധികാരപരിധി വിപുലീകരിക്കാൻ നിർദേശം. ദുരന്തവുമായി ബന്ധപ്പെട്ട് നിരവധി പൊതു താൽപര്യ ഹർജികള്‍ ഹൈക്കോടതിയിൽ എത്തിയിരുന്നു. കോടതി ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു.
സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയതിന് ശേഷമാണ് ജുഡീഷ്യൽ അന്വേഷണത്തിൻ്റെ വ്യാപ്‌തി വിപുലീകരിച്ചത്. ഹൈക്കോടതി ബാർ അസോസിയേഷൻ്റെ മുൻ ജനറൽ സെക്രട്ടറി സുരേഷ് ചന്ദ്ര പാണ്ഡെ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് നിർണായക തീരുമാനം. ജുഡീഷ്യൽ കമ്മിഷന് തുടക്കത്തിൽ പരിമിതമായ അധികാരപരിധി മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും, ജീവഹാനിയും സ്വത്തും ഒഴികെ അപകടം എങ്ങനെ സംഭവിച്ചുവെന്ന് അന്വേഷിക്കണമെന്നും ഇത്തരം ദുരന്തങ്ങൾ തടയുന്നതിനുള്ള നടപടികൾ നിർദേശിക്കണമെന്നും ഹർജിയിൽ വാദമുണ്ട്.
കൂടാതെ കാണാതായവരുടെ കൃത്യമായ എണ്ണത്തിൽ വ്യക്തതവരുത്തണമെന്നും സുരേഷ് ചന്ദ്ര പാണ്ഡെ വാദിച്ചു. ആശുപത്രികളിലേക്ക് കൊണ്ടുപോയ ആളുകളുടെ എണ്ണം വിശദീകരിക്കുന്ന ആംബുലൻസ് ഡ്രൈവർമാരുടെ വീഡിയോ തെളിവായി അഭിഭാഷകൻ ഹാജരാക്കിയിരുന്നു. കൂടാതെ, സെക്‌ടർ 21ലും പരിസര പ്രദേശങ്ങളിലും ഉണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം സംബന്ധിച്ച് യാതൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും ഹർജിയിലെ പ്രധാന വാദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചീഫ് ജസ്റ്റിസ് അരുൺ ബൻസാലി, ജസ്റ്റിസ് ക്ഷിതിജ് ശൈലേന്ദ്ര എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിനാണ് അന്വേഷണ ചുമതല. നേരത്തെ മരിച്ചവരുടെ എണ്ണത്തിൽ കൃത്യത വേണമെന്ന ആവശ്യത്തിൽ കോടതി സംസ്ഥാന സർക്കാരിൻ്റെ പ്രതികരണം തേടി. തുടർന്നാണ് കമ്മിഷൻ്റെ അധികാരപരിധി വിപുലീകരിക്കാൻ കോടതി നിർദേശിച്ചത്.
മരണസംഖ്യ 30 എന്നാണ് നിലവിലെ കണക്കുകള്‍. പോസ്റ്റ്‌മോർട്ടം നടത്താതെ മൃതദേഹം കൈമാറി, മരണ സർട്ടിഫിക്കറ്റുകൾ നൽകാൻ ഉദ്യോഗസ്ഥർ 15,000 രൂപ ആവശ്യപ്പെടുന്നു, അപകട ദിവസം പലരെയും കാണാതായിട്ടുണ്ട് എന്നിങ്ങനെ നിരവധി കാര്യങ്ങളിൽ നടപടി ആവശ്യപ്പെട്ട് നിരവധി ഹർജികള്‍ കോടതിയിൽ എത്തിയിരുന്നു. അതേസമയം ഹർജിയിൽ ഉന്നയിച്ച എല്ലാ ആശങ്കകളും ജുഡീഷ്യൽ കമ്മിഷൻ പരിഗണിക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിക്ക് ഉറപ്പ് നൽകി.