കാസർകോട്: ഇനി കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യ സ്ഥാനത്തേക്ക്. ദേശീയപാത നിർമാണത്തിന്‍റെ ആദ്യ റീച്ച് ആയ തലപ്പാടി മുതൽ ചെങ്കളവരെ മാർച്ച് 30-നു പൂർത്തിയാകും. 87% പ്രവൃത്തി പൂർത്തിയായതായി ഊരാളുങ്കൽ സൊസൈറ്റി അധികൃതർ അറിയിച്ചു. ഉപ്പള മേല്‍പ്പാലം ആണ് പ്രധാനപ്പെട്ട പ്രവൃത്തിയായി ബാക്കി ഉള്ളത്.
ബാക്കി അവസാന ഘട്ട മിനുക്കു പണികൾ പൂർത്തിയാകുകയാണ്. ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ ഒറ്റത്തൂണ്‍ മേല്‍പ്പാലം ഫെബ്രുവരി 15 ഓടെ യാഥാര്‍ഥ്യമാകും. ദേശീയപാതയിൽ കറന്തക്കാട് അഗ്നിസുരക്ഷാ നിലയം മുതൽ കാസർകോട് പുതിയ ബസ് സ്റ്റാൻഡിനു സമീപത്തെ അയ്യപ്പ ക്ഷേത്രം വരെ 1.13 കിലോമീറ്റർ നീളത്തിൽ 28.5 മീറ്റർ വീതിയിൽ 5.5 മീറ്ററിലേറെ ഉയരത്തിലുള്ള 29 സ്‌പാനുകളിലായി പണിതതാണു മേല്‍പ്പാലം. ഒറ്റത്തൂണിൽ പണിത പാലത്തിന്‍റെ കോൺക്രീറ്റ് ഉൾപ്പെടെ 95 ശതമാനം ജോലിയും തീർന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഉപരിതലത്തിൽ ഇരുഭാഗത്തും സംരക്ഷിത റെയ്‌ലിങ് കോൺക്രീറ്റ് ജോലി നടക്കുന്നുണ്ട്. തട്ടുകൾ നീക്കിയശേഷം നാഷനൽ ഹൈവേ അതോറിറ്റിയുടെ അനുമതിയോടെയായിരിക്കും ഇതിലൂടെയുള്ള പ്രധാനപാത ഗതാഗതത്തിനു തുറന്നു കൊടുക്കുക. അപ്രോച്ച് റോഡിന്‍റെ പണി പൂർത്തിയാകാനുണ്ട്. അതു കൂടി പൂർത്തിയായി അനുമതി ലഭിച്ചാൽ വാഹന ഗതാഗതം ആരംഭിക്കാനാകും. ഇതോടെ കാസർകോട് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.