എറണാകുളം: ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി ഋതു ജയൻ കുറ്റബോധമില്ലാതെ ചെയ്‌ത കുറ്റം ഏറ്റു പറഞ്ഞെന്ന് പൊലീസ്. ഋതുവിന് മാനസിക പ്രശ്‌നങ്ങളില്ലെന്നും ഇയാൾ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും മുനമ്പം ഡിവൈഎസ്‌പി എസ് ജയകൃഷ്‌ണന്‍ വ്യക്തമാക്കി.
ഋതു അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഡിവൈഎസ്‌പി പറഞ്ഞു. ഇന്നലെ (വ്യാഴം) വൈകിട്ട് ആറു മണിയോടെയാണ് നാടിനെ നടുക്കിക്കൊണ്ട് ഒരു കുടുബത്തിലെ 3 പേരെ അതിക്രൂരമായി അടിച്ചു കൊലപ്പെടുത്തിയത്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരെയാണ് ഋതു തലയ്‌ക്കടിച്ച് കൊന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ബോസ് (35) തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. അതീവ ഗുരുതരാവസ്ഥയിലുള്ള ജിതിന്‍ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് കഴിയുന്നത്.
ബെംഗളൂരുവില്‍ നിര്‍മാണത്തൊഴിലാളിയായി ജോലി ചെയ്‌തുവരികയായിരുന്നു 27 കാരനായ ഋതു ജയന്‍. തന്നെയും തന്‍റെ വീട്ടുകാരേയും കളിയാക്കിയതിനാലാണ് ആക്രമണത്തിന് മുതിര്‍ന്നത് എന്നാണ് ഋതു പൊലീസിന് നല്‍കിയ മൊഴി. തന്‍റെ സഹോദരിയെക്കുറിച്ച് ജിതിൻ ബോസ് മോശമായി സംസാരിച്ചിരുന്നെന്നും ഋതു നൽകിയ മൊഴിയിലുണ്ട്.
കൂസലില്ലാതെ പൊലീസിനോട് ഏറ്റുപറച്ചില്‍
കൃത്യം നടത്തിയതിന് ശേഷം ജിതിന്‍റെ ബൈക്ക് എടുത്താണ് പ്രതി സംഭവ സ്ഥലത്തു നിന്നും പോയത്. പിന്നീട് കടയിൽ നിന്ന് സിഗരറ്റ് വാങ്ങി വലിച്ചു. ഹെൽമെറ്റ് ധരിക്കാതെ സിഗരറ്റും വലിച്ച് വരുന്ന ഋതുവിനെ വാഹന പരിശോധന നടത്തുകയായിരുന്ന പൊലിസ് തടഞ്ഞു നിര്‍ത്തുകയായിരുന്നു.
താന്‍ നാല് പേരെ കൊലപ്പെടുത്തിയെന്ന് ഋതു പൊലിസിനോട് വെളിപ്പെടുത്തി. തുടര്‍ന്ന് ഇയാളെ വടക്കേക്കര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. സ്റ്റേഷനിലെത്തിയ പ്രതി പൊലിസുകാരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കിയിരുന്നു എന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ നവംബറില്‍ ഋതുവിനെതിരെ അയല്‍ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ കാര്യമായ നടപടി ഉണ്ടായില്ല. ഋതുവിനെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി വിട്ടയക്കുകയായിരുന്നു.
ഇയാള്‍ ഇപ്പോള്‍ വടക്കേകര പൊലീസിന്‍റെ കസ്‌റ്റഡിയിലാണുള്ളത്. ഋതുവിനെ കസ്‌റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ തീരുമാനം. ഇതിനായി നാളെ കസ്‌റ്റഡി അപേക്ഷ നല്‍കും.
Also Read: ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്‌മ കുറ്റക്കാരി; ശിക്ഷാവിധി നാളെ