ജെറുസലേം: ഇസ്രയേല്‍-ഹമാസ് യുദ്ധത്തിൽ വെടിനിര്‍ത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള കരാറിന് ഇസ്രയേല്‍ മന്ത്രിസഭയുടെ ഉന്നതതല സുരക്ഷാസമിതി അംഗീകാരം നല്‍കി. വെടി നിർത്തൽ കരാറിന് സുരക്ഷാസമിതി അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. 33 അംഗ സമ്പൂര്‍ണ മന്ത്രിസഭ കൂടി കരാറിന് അംഗീകാരം നല്‍കേണ്ടതുണ്ട്.
ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇസ്രായേൽ സർക്കാരിൻ്റേതായിരിക്കും. വെടിനിർത്തൽ കരാർ അംഗീകരിക്കുന്നതിൽ അവസാന നിമിഷത്തെ തടസങ്ങളുണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് അറിയിച്ചതിനെ തുടർന്നാണ് ഉന്നതതല സുരക്ഷാസമിതി യോഗം ചേർന്നത്.
കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ ബന്ദികളെ ഞായറാഴ്‌ച പുലര്‍ച്ചെ മുതല്‍ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നെതന്യാഹു വ്യക്തമാക്കി. വോട്ടെടുപ്പ് നടക്കുമോ എന്നതാണ് നിർണായകം. സുരക്ഷ ക്യാബിനറ്റ് ചേരുന്നത് നേരത്തേ ഇസ്രായേൽ വൈകിച്ചിരുന്നു. ധാരണയുടെ രണ്ടാം ഘട്ടം സംബന്ധിച്ചായിരുന്നു ഇസ്രയേലിൻ്റെ വിയോജിപ്പ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
വെടിനിര്‍ത്തല്‍ കരാറിൻ്റെ കാര്യത്തില്‍ ഇസ്രയേലും ഹമാസും തമ്മില്‍ ധാരണയായെന്ന അറിയിപ്പു വന്നതിനുശേഷവും ഗാസയില്‍ ധാരാളം പേർ പേര്‍ കൊല്ലപ്പെട്ടിരുന്നു. യുഎസിൻ്റെ പിന്തുണയോടെ ഈജിപ്‌തിൻ്റെയും ഖത്തറിൻ്റെയും മധ്യസ്ഥതയില്‍ നടത്തിയ മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് വെടിനിര്‍ത്തല്‍ സാധ്യമാകുന്നത്. പ്രധാന ലക്ഷ്യമായ ബന്ദി മോചനം നടപ്പാക്കാൻ ധാരണ സഹായിക്കും എന്നതാണ് പ്രധാന കാരണം.
ആദ്യ ഘട്ടത്തിൽ 33 ഇസ്രായേൽ ബന്ദികളെ മോചിപ്പിക്കും. പുരുഷ സൈനികർ ഉൾപ്പെടെ ബാക്കിയുള്ളവരെ രണ്ടാം ഘട്ടത്തിൽ മോചിപ്പിക്കും. ഇസ്രായേൽ പൂർണമായി പിൻവാങ്ങിയാൽ മാത്രമേ ബാക്കിയുള്ള തടവുകാരെ മോചിപ്പിക്കു എന്ന് ഹമാസ് പറഞ്ഞു. ഇസ്രായേലിൻ്റെ ആക്രമണത്തിൽ ഗാസയിൽ സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ 46,000 ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക്.