കോഴിക്കോട്: കൃഷിയെന്നാല്‍ തെങ്ങും കവുങ്ങും വാഴയും കുരുമുളകും തുടങ്ങി ഇങ്ങേയറ്റം വന്ന് പച്ചക്കറികളും ചീരയും വരെ ആകാം. പൂക്കളൊക്കെ അങ്ങ് പൂന്തോട്ടത്തില്‍. ഒരു ശരാശരി മലയാളിയുടെ ചിന്ത ഇക്കഴിഞ്ഞ കാലങ്ങളിലൊക്കെ ഇത്തരത്തിലായിരുന്നു. പൂക്കൃഷിയെന്നത് ഈയടുത്ത കാലം വരെ കര്‍ഷകരുടെ മനസില്‍പ്പോലും ഇല്ലായിരുന്നു.
അതുകൊണ്ടു തന്നെ മലയാളിയുടെ വീട്ടുമുറ്റത്തും കോലായിലും പൂക്കളം തീര്‍ക്കാന്‍ പൂക്കൃഷി നടത്തിക്കൊണ്ടിരുന്നത് തമിഴ്‌നാട്ടിലേയും കര്‍ണാടകത്തിലേയും കര്‍ഷകരായിരുന്നു. ചിങ്ങമാസത്തിലെ അത്തം മുതല്‍ തിരുവോണം വരെയും ചതയം വരെയും മലയാളിയുടെ പൂക്കളത്തില്‍ നിറക്കാനുള്ള വിവിധതരം പൂക്കള്‍ അതിര്‍ത്തി കടന്നെത്തുന്നത് പതിവ് കാഴ്‌ചയായിരുന്നു.
ഈ രീതിക്ക് അല്‍പ്പാല്‍പ്പമായി മാറ്റം വന്നു തുടങ്ങുകയാണ്. പൂക്കൃഷി ലാഭകരമല്ലെന്നും പൂവിന് വിപണിയില്ലെന്നുമൊക്കെയുള്ള പരിദേവനങ്ങള്‍ക്ക് പ്രവൃത്തിയിലൂടെ മറുപടി നല്‍കുകയാണ് കോഴിക്കോട്ടെ ഒരു കൂട്ടം കര്‍ഷകര്‍. ചാത്തമംഗലം വെള്ളനൂർ വിരിപ്പിൽ പാടത്ത് ഇവര്‍ നടത്തിയത് പൂക്കൃഷിയായിരുന്നു.
വിരിപ്പില്‍ പാടത്ത് മൂന്ന് മാസം മുമ്പാണ് ഇവര്‍ പൂക്കൃഷി തുടങ്ങിയത്. ഓണക്കാലം കഴിഞ്ഞ് പൂക്കൃഷി തുടങ്ങിയപ്പോള്‍ ഇതെന്ത് ഭ്രാന്തെന്ന് പലരും സംശയം പ്രകടിപ്പിച്ചു. പക്ഷേ ഈ കര്‍ഷകരുടെ ലക്ഷ്യം ഓണക്കാലമായിരുന്നില്ല. ഏറെ ഉത്സവങ്ങളുള്ള കോഴിക്കോട് കിഴക്കൻ മലയോര മേഖലയിലെ ഓരോ ഉത്സവങ്ങളുമാണ് ഇവരുടെ പ്രധാന വിപണി.
ഉത്സവകാലം ആരംഭിച്ചതോടെ ജെണ്ടുമല്ലിപ്പൂക്കൾക്ക് വലിയ ഡിമാൻഡാണ് ഉള്ളത്. കർഷകരായ ചന്ദ്രൻ ഇടുവീട്ടിൽ, സിദ്ധാർഥൻ പാലക്കമണ്ണിൽ, ബൈജു മണ്ണിൽ കോവിലകത്ത്, സുനിൽകുമാർ കരിക്കിനാരി എന്നീ കർഷകരും അവരുടെ കുടുംബാംഗങ്ങളുമാണ് വിളവെടുപ്പിന് മുന്നിട്ടിറങ്ങുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഹൈബ്രിഡ് വിത്തുകളാണ് കൃഷിക്കായി ഉപയോഗിച്ചത്. ഒക്‌ടോബര്‍ ആദ്യ വാരം വിത്തിട്ടു. മൂന്നുമാസം മുമ്പ് തുടങ്ങിയ ജെണ്ടുമല്ലി കൃഷി ഇപ്പോൾ വിളവെടുപ്പിന് പാകമായിട്ടുണ്ട്. ഇന്ന് ജെണ്ടുമല്ലിപ്പൂക്കളുടെ വസന്തമാണ് ചാത്തമംഗലം വെള്ളനൂർ വിരിപ്പിൽ പാടത്ത്. കടും മഞ്ഞ നിറത്തിൽ തുടുത്ത ജെണ്ടുമല്ലി പൂക്കൾ കണ്ണിന് കുളിർമയേകി അങ്ങിനെ വിടര്‍ന്നു നില്‍ക്കുന്നു. വെള്ളനൂരിലെ നാല് കർഷകരും അവരുടെ കുടുംബവും ചേർന്നാണ് വിരിപ്പിൽ പാടത്ത് ജെണ്ടുമല്ലിപ്പൂ കൃഷി വിളയിച്ചെടുത്തത്. സാധാരണ ഓണത്തെ വരവേൽക്കാൻ ഇവര്‍ ജെണ്ടുമല്ലി കൃഷി ചെയ്യാറുണ്ടായിരുന്നു. ഇത്തവണ ഉത്സവ സീസൺ കണക്കാക്കിയായിരുന്നു കൃഷി.
പറിച്ചെടുക്കുന്ന പൂക്കൾ ആവശ്യാനുസരണം ഉത്സവ സ്ഥലങ്ങളിൽ എത്തിച്ചു നൽകുന്നതും ഈ കർഷകർ തന്നെയാണ്. നേരത്തെ ഉത്സവങ്ങൾക്കെല്ലാം ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ചിരുന്ന ജെണ്ടുമല്ലിപ്പൂക്കളാണ് വാങ്ങിയിരുന്നത്. എന്നാൽ വെള്ളനൂരിലെ ജെണ്ടുമല്ലി കൃഷിയുടെ മേന്മയറിഞ്ഞ് നിരവധി ക്ഷേത്രങ്ങളിലെയും കാവുകളിലെയും കമ്മറ്റികളാണ് പൂക്കൾക്കായി വെള്ളനൂരിലെ
വിരിപ്പിൽ പാടത്ത് എത്തുന്നത്. അങ്ങനെ പാരമ്പര്യ കൃഷി രീതികൾക്കൊപ്പം കാലത്തിൻ്റെ ആവശ്യത്തിന് അനുസരിച്ചുള്ള കൃഷികളുമായി പുതിയ കാർഷിക വിജയഗാഥ രചിക്കുകയാണ് ചാത്തമംഗലത്തെ ഈ കർഷകർ.