കേരളം

kerala

ETV Bharat / state

താമിര്‍ ജിഫ്രി കസ്റ്റഡി കൊലപാതകം; പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർ റിമാൻഡിൽ - Thamir Jifri custodial murder case - THAMIR JIFRI CUSTODIAL MURDER CASE

ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ട പ്രതികളെ ജില്ല ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.

THAMIR JIFRI CASE REMAND UPDATE  താമിര്‍ ജിഫ്രി കസ്റ്റഡി മരണം  TANUR TAMIR JIFRI MURDER CASE  TANUR CUSTODIAL MURDER UPDATE
Tanur murder case (Source: ETV Bharat Reporter)

By ETV Bharat Kerala Team

Published : May 4, 2024, 7:53 PM IST

എറണാകുളം:താനൂര്‍ താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലപാതക കേസിൽ സിബിഐ അറസ്റ്റ് ചെയ്‌ത പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ റിമാൻഡ് ചെയ്‌തു. സിബിഐ ഇന്ന് (മെയ് 4) രാവിലെ അറസ്റ്റ് ചെയ്‌ത നാല് പ്രതികളെയാണ് എറണാകുളം സിജെഎം കോടതിയിൽ ഹാജറാക്കി റിൻഡ് ചെയ്‌തത്. പ്രതികളായ താനൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ മലപ്പുറം പള്ളിക്കല്‍ അങ്കപറമ്പ് അനുപമ നിവാസില്‍ ജിനീഷ് (37), സിവില്‍ പൊലീസ് ഓഫിസര്‍ കൊല്ലം നീണ്ടകര ആലീസ് ഭവനം ആല്‍ബിന്‍ അഗസ്റ്റിന്‍ (36), സിവില്‍ പൊലീസ് ഓഫിസര്‍ മലപ്പുറം താനാളൂര്‍ കേരളാധീശപുരം കരയകത്ത് വീട്ടില്‍ അഭിമന്യൂ (35), സിവില്‍ പലീസ് ഓഫിസര്‍ മലപ്പുറം വള്ളിക്കുന്ന് വിപഞ്ചികയില്‍ വിപിന്‍ (38) എന്നിവരെയാണ് കോടതിയിൽ ഹാജറാക്കിയത്.

ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ട പ്രതികളെ കാക്കനാട് ജില്ല ജയിലിലേക്ക് മാറ്റി. മയക്കുമരുന്നു കേസില്‍ താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത തിരൂരങ്ങാടി മൂഴിക്കല്‍ മമ്പുറം മാളിയേക്കല്‍ വീട്ടില്‍ താമിര്‍ ജിഫ്രി താനൂര്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ 2023 ആഗസ്റ്റ് ഒന്നിനാണ് മരണപ്പെട്ടത്. പതിനെട്ട് ഗ്രാം എംഡിഎംഎയുമായി മറ്റ് നാലു പേര്‍ക്കൊപ്പമാണ് താമി ജിഫ്രിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ഇയാൾ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരണപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ താമിർ ജിഫ്രി ക്രൂരമായ കസ്റ്റഡി മർദ്ദനത്തിന് ഇരയായതായി മറ്റു പ്രതികൾ വ്യക്തമാക്കിയിരുന്നു. ഇത് ശരിവയ്‌ക്കുന്നതായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടും.

താമിർ ജിഫ്രിയുടെ ശരീരത്തില്‍ ഒരു ഡസനിലേറെ ചതവുകള്‍ കണ്ടെത്തിയിരുന്നു. മുതുകിലും കാലിന്‍റെ പിന്‍ഭാഗത്തുമാണ് പ്രധാനമായും മര്‍ദനമേറ്റതിന്‍റെ പാടുകള്‍ കണ്ടെത്തിയത്. ശ്വാസകോശത്തിലുണ്ടായ അമിത രക്തസ്രാവം മരണത്തിലേക്ക് നയിച്ചുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്.

കൈവിലങ്ങ് ഇട്ടതിനാൽ കൈ വേദനിക്കുന്നുവെന്ന് താമിർ പരാതി പറഞ്ഞതിനെ തുടർന്നാണ് പൊലീസ് ക്രൂരമായ മർദനത്തിന് ഇരയാക്കിയതെന്നാണ് ആരോപണം. ആദ്യം കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് സംഘം പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്‌തിരുന്നില്ല. പിന്നാലെ ക്രൈം ബ്രാഞ്ച് കുറ്റക്കാരായ പൊലീസുകാരെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് താമിർ ജിഫ്രിയുടെ കുടുംബം രംഗത്തുവന്നു.

കേസ് അന്വേഷണം സിബിഐക്ക് കൈമാറുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും അന്വേഷണം സിബിഐ ഏറ്റെടുത്തിരുന്നില്ല. നീതിയുക്തവും സ്വതന്ത്രവുമായ അന്വേഷണത്തിന് കേസ് ഉടൻ ഏറ്റെടുക്കാൻ സിബിഐക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി അനുകൂല ഉത്തരവ് നൽകിയത്. കഴിഞ്ഞ സെപ്‌റ്റംബറിലായിരുന്നു കേസ് സിബിഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

ALSO READ:മേയർ-ഡ്രൈവർ തർക്കം കോടതിയിൽ; ആര്യയും സച്ചിനും ഉള്‍പ്പടെ 5 പേര്‍ക്കെതിരെ ഹര്‍ജി നല്‍കി ഡ്രൈവർ യദു

ABOUT THE AUTHOR

...view details