തിരുവനന്തപുരം: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേള എന്നറിയപ്പെടുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. 63 -ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായി എല്ലാ ജില്ലകളില്‍ നിന്നും മത്സരാര്‍ഥികള്‍ തിരുവനന്തപുരത്തേക്ക് എത്തി തുടങ്ങിയിട്ടുണ്ട്. മത്സരാര്‍ഥികളോടൊപ്പം പരിശീലകര്‍, രക്ഷിതാക്കള്‍ എന്നിങ്ങനെ വന്‍ ജനാവലി തന്നെ തലസ്ഥാന നഗര ഹൃദയത്തിലേക്ക് ഒഴുകിയെത്തുമെന്ന പൂര്‍ണ ബോധ്യത്തിലാണ് ഇത്തവണത്തെ ഒരുക്കങ്ങളും.
2016 ന് ശേഷം തലസ്ഥാന നഗരത്തില്‍ കലോത്സവമെത്തുമ്പോള്‍ മത്സരാര്‍ഥികള്‍ക്ക് മാത്രമല്ല കലോത്സവം കാണാന്‍ തിരുവനന്തപുരത്തേക്ക് എത്തുന്നവര്‍ക്കെല്ലാം പലവിധ സംശയങ്ങള്‍ സ്വാഭാവികമാണ്. പതിനയ്യായിരത്തോളം മത്സരാര്‍ഥികള്‍, 12,000 പേര്‍ക്ക് ഇരിക്കാവുന്ന പ്രധാന വേദി, 25 വേദികള്‍, 2000 പേര്‍ക്ക് ഒരേ സമയം ഭക്ഷണം, കലോത്സവ ചരിത്രത്തില്‍ ആദ്യമായി തദ്ദേശീയ ജനതയുടെ 5 നൃത്ത രൂപങ്ങള്‍ എന്നിങ്ങനെ കൗതുകങ്ങളേറെയുള്ള ഇത്തവണത്തെ കലോത്സവം കാണാതെ പോയാല്‍ വലിയ നഷ്‌ടമാകും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതിഥികളെ പ്രൗഢ ഗംഭീര കാഴ്‌ചകളുമായി സ്വീകരിക്കുന്ന തലസ്ഥാന നഗര ഹൃദയത്തില്‍ വമ്പന്‍ ക്രമീകരണങ്ങളാണ് സംഘാടക സമിതി ഒരുക്കിയിട്ടുള്ളത്. ജനുവരി 4 ന് രാവിലെ 9 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ എസ് ഷാനവാസ് ഐഎഎസ് പതാക ഉയര്‍ത്തുന്നതോടെയാണ് 63-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് ഔദ്യോഗികമായി തുടക്കമാകുന്നത്.
എന്നാല്‍ മത്സരാര്‍ഥികള്‍ക്ക് ജനുവരി 3 ന് തന്നെ തിരുവനന്തപുരം എസ്എംവി സ്‌കൂളിലെത്തി രജിസ്‌ട്രേഷന്‍ ആരംഭിക്കാനാകും. ജനുവരി 4 ന് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ശ്രീനിവാസന്‍ തൂണേരി രചിച്ച്, കാവാലം ശ്രീകുമാര്‍ ചിട്ടപ്പെടുത്തിയ ഗാനത്തിന്‍റെ നൃത്താവിഷ്‌കാരം.
കേരള കലാമണ്ഡലത്തിലെയും പൊതുവിദ്യാലയത്തിലെയും വിദ്യാര്‍ഥികള്‍ സംയുക്തമായാണ് നൃത്താവിഷ്‌കാരം ഉദ്ഘാടന വേദിയില്‍ അവതരിപ്പിക്കുന്നത്. വയനാട് ദുരന്തത്തിന്‍റെ പശ്ചാതലത്തില്‍ വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന സംഘനൃത്തവും ഉദ്ഘാടന വേദിയില്‍ അരങ്ങേറും.
വിദ്യാര്‍ഥികളില്‍ നിന്നും ശേഖരിച്ച പുസ്‌തകങ്ങള്‍ അതിഥികള്‍ക്ക് ഉപഹാരമായും ഭക്ഷ്യവസ്‌തുക്കള്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ കലവറയിലേക്ക് കൈമാറും. ജനുവരി 8 ന് നടക്കുന്ന സമാപന ചടങ്ങില്‍ ചലച്ചിത്ര താരം ടോവിനോ തോമസാകും പങ്കെടുക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
തമ്പാനൂരില്‍ നിന്ന് എങ്ങോട്ട്...?
ബസ് മാര്‍ഗമായാലും ട്രെയിന്‍ മാര്‍ഗമായാലും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചാല്‍ തമ്പാനൂര്‍ ജങ്ഷനിലാകും ഒടുവിലെത്തുക. തമ്പാനൂര്‍ പ്രധാന ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനിലും കലോത്സവത്തിനെത്തുന്നവരെ സ്വീകരിക്കാന്‍ പ്രത്യേക ഹെല്‍പ് ഡെസ്‌ക് തന്നെ ഒരുക്കിയിട്ടുണ്ട്.
ജനുവരി 3 മുതല്‍ രജിസ്‌ട്രേഷന്‍ കൗണ്ടറിലേക്കും താമസ സ്ഥലത്തേക്കും ഭക്ഷണ പന്തലിലേക്കും കൊണ്ടു പോകാനായി മാത്രമായി തിരുവനന്തപുരം നഗരപരിധിയിലെ മുഴുവന്‍ സ്‌കൂള്‍ ബസുകളും ഏറ്റെടുത്തിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പിന്‍റെ പരിശീലനം ലഭിച്ച ഡ്രൈവര്‍മാരാകും കുട്ടികളുമായി പോകുന്ന വാഹനമോടിക്കുക.
ഹെല്‍പ് ഡെസ്‌കിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്‌ത് മത്സരാര്‍ഥികള്‍ക്ക് വേദികളും താമസ സ്ഥലവും കണ്ടെത്താനാകും. തമ്പാനൂര്‍ കഴിഞ്ഞാല്‍ തിരുവനന്തപുരത്തെ പ്രധാന ബസ് സ്റ്റാന്‍ഡായ കിഴക്കേകോട്ടയില്‍ പ്രത്യേക ട്രാഫിക് സംവിധാനങ്ങളും ദിശാ ബോര്‍ഡുകളും മുന്നറിയിപ്പ് ബോര്‍ഡുകളും കലോത്സവത്തിനായി സജ്ജീകരിച്ചിട്ടുണ്ട്.
വേദിയിലോ താമസ സ്ഥലത്തോ എത്തിയാല്‍ പിന്നെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ 24 മണിക്കൂറും വിന്യസിച്ചിട്ടുള്ള എന്‍സിസി, എസ്‌പിസി കേഡറ്റുമാര്‍ സഹായത്തിനുണ്ടാകും. മറ്റ് ജില്ലകളില്‍ നിന്നും ബസുകളിലാണ് കലോത്സവത്തിന് എത്തുന്നതെങ്കില്‍ ജില്ല തിരിച്ചു ബസിന് കോഡ് നമ്പര്‍ നല്‍കും.
രജിസ്‌ട്രേഷന്‍ എങ്ങനെ? എവിടെ താമസിക്കും?
ജനുവരി 4 നാണ് കലോത്സവം ഔപചാരികമായി ആരംഭിക്കുന്നതെങ്കിലും തിരക്കൊഴിവാക്കാന്‍ ജനുവരി 3- ന് രാവിലെ മുതല്‍ തിരുവനന്തപുരം എസ്‌എംവി സ്‌കൂളില്‍ രജിസ്‌ട്രേഷന്‍ കൗണ്ടറിന്‍റെ പ്രവര്‍ത്തനം ആരംഭിക്കും.
7 കൗണ്ടറുകളാണ് ഇതിനായി എസ്എംവി സ്‌കൂളില്‍ ഒരുക്കിയിട്ടുള്ളത്. 14 ജില്ലകള്‍ക്കുമായി കൗണ്ടര്‍ തിരിച്ചുള്ള രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ എങ്ങനെയെന്ന് സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകും. രജിസ്‌ട്രേഷന്‍ സുഗമമാക്കാന്‍ മാത്രമായി പ്രത്യേക ഹെല്‍പ് ഡെസ്‌കും ക്രമീകരിച്ചിട്ടുണ്ട്.
കലോത്സവത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍റെ സമയത്ത് തന്നെ താമസ സൗകര്യം ആവശ്യപ്പെടാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. 25 സ്‌കൂളുകളാണ് താമസത്തിനായി സജ്ജമാക്കിയിട്ടുള്ളത്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പ്രത്യേകമായാകും താമസിപ്പിക്കുക.
അടിയന്തര സാഹചര്യം നേരിടാന്‍ 10 സ്‌കൂളുകളെ റിസര്‍വായും കരുതിയിട്ടുണ്ട്. എല്ലാ താമസ കേന്ദ്രങ്ങളിലും ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ടീച്ചര്‍മാര്‍ക്ക് ഡ്യൂട്ടി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ താമസ കേന്ദ്രത്തില്‍ വനിതാ പൊലീസിന്‍റെ സാന്നിധ്യവുമുണ്ടാകും. എല്ലാ താമസ കേന്ദ്രങ്ങളിലും മത്സരവേദികളും വേദികളിലേക്കുള്ള റൂട്ട്മാപ്പും പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകും.
ഭക്ഷണത്തിന് വെജിറ്റേറിയന്‍ മാത്രം
പ്രശസ്‌ത പാചകവിദഗ്‌ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഇത്തവണയും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍റെ കലവറയൊരുക്കുന്നത്. ഒരേസമയം 20 വരികളിലായി നാലായിരം പേര്‍ക്ക് ഭക്ഷണം നല്‍കാവുന്ന തരത്തില്‍ വിപുലമായ സജ്ജീകരണങ്ങളാണ് തിരുവനന്തപുരം കിഴക്കേകോട്ട പുത്തരിക്കണ്ടം മൈതാനത്ത് തയ്യാറാക്കിയത്.
പൊതുജനങ്ങളില്‍ നിന്നും സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നിന്നുകൂടി ഭക്ഷ്യവിഭവങ്ങള്‍ ശേഖരിച്ചാണ് ഇത്തവണത്തെ കലവറ. ജനുവരി 3 ന് രാത്രി ഭക്ഷണത്തോടെ ഊട്ടുപുരയുടെ പ്രവര്‍ത്തനം ആരംഭിക്കും.
ആദ്യ ദിവസം തന്നെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായ ശേഷമെത്തുന്നവര്‍ക്ക് ഭക്ഷണമുണ്ടാകും. കുട്ടികള്‍ക്ക് ചൂടു വെള്ളം ശേഖരിക്കാനുള്ള സൗകര്യവും പുത്തരിക്കണ്ടത്ത് ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം നഗരസഭയ്ക്ക് ശുചീകരണത്തിന്‍റെ ചുമതല. ഇത്തവണത്തെ മെനുവില്‍ വെജിറ്റേറിയന്‍ മാത്രമേയുണ്ടാകുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു.
നിരീക്ഷണത്തിന് 834 പൊലീസ്, 2500 കുട്ടികള്‍
25 വേദികളിലായി നടക്കുന്ന സ്‌കൂള്‍ കലോത്സവത്തിന്‍റെ സുഗമമായ നടത്തിപ്പിന് 834 പൊലീസിനെയാണ് വിന്യസിക്കുന്നതെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസ് അറിയിച്ചു. ജില്ലയിലെ സ്‌കൂളുകളിലെ എന്‍എസ്എസ്, എന്‍സിസി, എസ്‌പിസി, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്‌സ്, ജെആര്‍സി, സോഷ്യല്‍ സര്‍വീസ് സ്‌കീം എന്നീ വിഭാഗങ്ങളിലായി രണ്ടായിരത്തി അഞ്ഞൂറ് കുട്ടികളുടെ സേവനം എല്ലാ വേദികളിലും ലഭ്യമാകും.
മത്സര വേദികളിലേയും, നഗരത്തിലേയും ക്രമസമാധാനപാലനത്തിനും ഗതാഗത ക്രമീകരണത്തിനുമായി സിറ്റി പൊലീസ് കമ്മിഷണുടെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊലീസിന്‍റെ കണ്‍ട്രോള്‍ റൂമും മറ്റ് വേദികളില്‍ പൊലീസ് ഔട്ട് പോസ്റ്റുകളുമുണ്ടാകും. ഷാഡോ പൊലീസിനെയും വിന്യസിക്കും.