എറണാകുളം: കലൂർ സ്റ്റേഡിയത്തിലെ വേദിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നു.തീവ്രപരിചരണവിഭാഗത്തിൽ വെൻ്റിലേറ്ററിൽ തന്നെ തുടരുന്ന ഉമ തോമസിൻ്റെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നത്. വെൻ്റിലേറ്ററിൽനിന്നും മാറ്റാനുള്ള ശ്രമം തുടരുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വീഴ്‌ചയുടെ ആഘാതത്തിൽ ശ്വാസകോശത്തിന് പുറത്ത് വെള്ളം കെട്ടുന്ന റിയാക്റ്റീവ് പ്ലൂറൽ എഡ്യൂഷൻ എന്ന അവസ്ഥ ഉടലെടുത്തിട്ടുണ്ടന്നും മെഡിക്കൽ ബുള്ളറ്റിൻ ചൂണ്ടികാണിക്കുന്നു. ഇതിൽ ആശങ്കപ്പെടേണ്ടതില്ലെങ്കിലും കൃത്യമായ നിരീക്ഷണവും ചികിത്സയും വേണ്ടി വന്നേക്കാം. സർക്കാർ നിയോഗിച്ച ഡോക്‌ടർ ജയകുമാറിൻ്റെ നേതൃത്വത്തിൽ കാർഡിയോവാസ്‌കുലാർ, ന്യൂറോളജി, പൾമണോളജി വിഭാഗത്തിലെ വിദഗ്‌ധർ ഉൾപ്പെടുന്ന സംഘം ഇന്ന് റിനൈ മെഡിസിറ്റിയിലെത്തി ചികിത്സാ സംഘവുമായി കൂടിക്കാഴ്‌ച നടത്തിയതിന് ശേഷം രോഗിയെ സന്ദർശിച്ച് മടങ്ങി.
നൽകിക്കൊണ്ടിരിക്കുന്ന ചികിത്സയിലും രോഗിക്ക് പെട്ടെന്നുണ്ടായ പുരോഗതിയിലും സംഘം സംതൃപ്‌തി രേഖപ്പെടുത്തിയതായും ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം കലൂർ സ്റ്റേഡിയത്തിലെ വേദിയിൽ നിന്ന് ഉമാ തോമസ് എംഎൽഎ വീഴുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. സ്റ്റേജിലെ അസൗകര്യവും സുരക്ഷാ ബാരിക്കേഡ് ഇല്ലാത്തതുമാണ്, ഇത്തരമൊരു അപകടത്തിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങൾ.
പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷൻ കൂട്ടായ്‌മയുടെ ഗുരുതരമായ അനാസ്ഥയാണ് എംഎൽഎയെ അപകടത്തിലേക്ക് തള്ളിവിട്ടതെന്ന ആരോപണം ശരിവയ്ക്കുന്നത് കൂടിയാണ് അപകടത്തിൻ്റെ ദൃശ്യങ്ങൾ. പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ സ്ഥലത്ത് ഉണ്ടായിട്ടും സുരക്ഷാ പ്രശ്‌നം സമയോചിതമായി ചൂണ്ടികാണിക്കാൻ കഴിയാതിരുന്നതും വലിയ വീഴ്‌ചയാണെന്ന വിമർശനം ഉയരുന്നുണ്ട്.
സംഘാടകരായ മൃദംഗ വിഷൻ ചുമതലക്കാരൻ നികോഷ് കുമാർ ഇന്ന് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. മൃദംഗ വിഷൻ കൂട്ടായ്‌മ ഞായറാഴ്‌ച വൈകുന്നേരം ആറുമണിയോടെ നടി ദിവ്യാ ഉണ്ണിയുടെ നേതൃത്വത്തിൽ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടനത്തിനിടെയായിരുന്നു അപകടം.
മന്ത്രി സജി ചെറിയാൻ ഉൾപ്പടെ ഇരിക്കുകയായിരുന്ന വിഐപി വേദിയിൽ നിന്നാണ് എംഎൽഎ താഴേക്ക് വീണത്. വേദിയിലിരുന്ന എംഎൽഎ പരിചയമുള്ള ഒരാളെക്കണ്ട് എഴുന്നേറ്റ് നടക്കവേ, വേദിയിലെ ക്യൂ മാനേജറിൽ ചാരിയതോടെയാണ് താഴേക്ക് വീണത്. പതിനഞ്ച് അടിയോളം ഉയരത്തിൽ നിന്നും താഴേക്ക് വീണ എംഎൽഎയുടെ തലയ്ക്കാണ് പരിക്കേറ്റത്.
ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് സിടി സ്‌കാൻ ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തിയതോടെയാണ് പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയത്. തുടർന്ന് എംഎൽഎയെ വെൻ്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. എംഎൽഎയുടെ തലയ്ക്കും, വാരിയെല്ലിനും, ശ്വാസകോശത്തിനുമാണ് പ്രധാനമായി പരിക്കുള്ളത്.