നായനാരുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി (ETV Bharat) കണ്ണൂർ:കേന്ദ്ര മന്ത്രിയായ ശേഷം സുരേഷ് ഗോപി ആദ്യമായി കണ്ണൂരിൽ എത്തി. പ്രധാന ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതോടൊപ്പം അന്തരിച്ച മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ വസതിയിലെത്തി ഭാര്യ ശാരദ ടീച്ചറെയും സുരേഷ് ഗോപി സന്ദർശിച്ചു. രാവിലെ 11 മണിയോടെ മാടായി ശ്രീ തിരുവർക്കാട്ട് ക്ഷേത്രത്തിൽ ആയിരുന്നു സുരേഷ് ഗോപിയുടെ ആദ്യ സന്ദർശനം.
പിന്നീട് പറശനിക്കടവ് ക്ഷേത്രത്തിലും സുരേഷ് ഗോപി സന്ദർശനം നടത്തി. ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് മുൻമുഖ്യമന്ത്രി ഇ കെ നായനാരുടെ വീട്ടിൽ സുരേഷ് ഗോപി എത്തിയത്. ഇ കെ നായനാരെ കുറിച്ച് ശാരദ ടീച്ചർ എഴുതിയ പുസ്‌തകം സുരേഷ് ഗോപിക്ക് കൈമാറി.
സഹമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി വീട്ടിൽ വരുന്നതിൽ പുതുമയില്ലെന്ന് നായനാരുടെ ഭാര്യ ശാരദ ടീച്ചർ പറഞ്ഞു. സുരേഷ് ഗോപിയുടെ സന്ദർശനത്തിൽ രാഷ്‌ട്രീയമില്ലെന്നും ഇതിന് മുൻപും പലതവണ വന്നിട്ടുണ്ടെന്നും ശാരദ ടീച്ചർ വ്യക്തമാക്കി. സുരേഷ് ഗോപിയും കുടുംബവുമായി വർഷങ്ങളായുള്ള സ്‌നേഹബന്ധമാണുള്ളത്. വീട്ടിൽ വരുന്നവരുടെ രാഷ്‌ട്രീയം ചോദിക്കാറില്ലെന്നും ശാരദ ടീച്ചർ പ്രതികരിച്ചു.
പിന്നീട് കണ്ണൂര്‍ പയ്യാമ്പലത്തെ മാരാർ ജി സ്‌മൃതി കുടീരത്തിലെത്തി സുരേഷ് ഗോപി പുഷ്‌പാർച്ചന നടത്തി. കൊട്ടിയൂർ ക്ഷേത്രത്തിലും രാജരാജേശ്വര ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷം സുരേഷ് ഗോപി തൃശൂരിലേക്ക് മടങ്ങും.
ALSO READ:'രണ്ടിടത്തെയും ജനങ്ങൾ ഒരുപോലെ' ; ധർമ്മസങ്കടം തുറന്നുപറഞ്ഞ് രാഹുൽ ഗാന്ധി