കോഴിക്കോട് : ഒരു പിഎച്ച്ഡി തീസിസ് എഴുതിയാല്‍ ചുരുങ്ങിയത് മൂന്ന് ലക്ഷം രൂപ കിട്ടുമെന്നും പത്തിനടുത്ത് പേര്‍ക്ക് പൂര്‍ണ പിഎച്ച്ഡി തീസിസ് എഴുതിക്കൊടുത്തിട്ടുണ്ടെന്നുമുള്ള എഴുത്തുകാരി ഇന്ദു മേനോന്‍റെ വെളിപ്പെടുത്തലിനെതിരെ പരാതിയും വ്യാപക വിമർശനവും ഉയരുന്നു. പണം വാങ്ങി പിഎച്ച്ഡി പ്രബന്ധം എഴുതി നല്‍കിയെന്ന വെളിപ്പെടുത്തലില്‍ എഴുത്തുകാരി ഇന്ദു മേനോനെതിരെ പരാതി നല്‍കി എസ്‌ഐഒ.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനാണ് എസ്‌ഐഒ സംസ്ഥാന സമിതി അംഗം അഡ്വ. അബ്‌ദുള്ള നേമം പരാതി നല്‍കിയത്. അങ്ങേയറ്റം ഗൗരവതരമായ കാര്യങ്ങളാണ് വെളിപ്പെടുത്തിയതെന്നും അന്വേഷണം നടത്തി യഥാര്‍ഥ വസ്‌തുതകള്‍ പുറത്തുകൊണ്ടുവരണമെന്നും പരാതിയില്‍ ഉന്നയിക്കുന്നു. ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ് ഇന്ദു മേനോന്‍ നടത്തിയത്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. വ്യാജമായി സമര്‍പ്പിക്കപ്പെട്ട പിഎച്ച്ഡി തീസിസുകള്‍ ഏതാണെന്ന് കണ്ടെത്തി അവ റദ്ദാക്കണമെന്നും പരാതിയിലൂടെ ആവശ്യപ്പെട്ടു.
പത്തിനടുത്ത് പേര്‍ക്ക് പൂര്‍ണ പിഎച്ച്ഡി തീസിസ് എഴുതിക്കൊടുത്തിട്ടുണ്ടെന്നും ഒരു പിഎച്ച്ഡി തീസിസ് എഴുതിയാല്‍ ചുരുങ്ങിയത് മൂന്ന് ലക്ഷം രൂപ കിട്ടുമെന്നുമായിരുന്നു ഇന്ദു മേനോന്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. ജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍ ഉണ്ടായപ്പോഴാണ് പിഎച്ച്ഡി പ്രബന്ധം എഴുതി കൊടുക്കേണ്ടി വന്നത്. കൈക്കൂലി വാങ്ങാത്തവര്‍ക്കും ജീവിക്കണ്ടേയെന്നും ഇന്ദു മേനോന്‍ എഴുതിയിരുന്നു.
യുജിസി കെയർ ലിസ്‌റ്റിൽ ഉൾപ്പെടുന്ന ജേർണലുകളിൽ ലേഖനങ്ങൾ എഴുതി നൽകാറുണ്ടെന്നും റിസർച്ച് സൂപ്പർവൈസറായി അധികം അധ്യാപകരില്ലാത്ത വിഷയങ്ങളിൽ വേണ്ടപ്പെട്ട കുട്ടികൾക്ക് പിഎച്ച്ഡി അഡ്‌മിഷൻ ലഭിക്കുന്നതിന് വേണ്ടി സുഹൃത്തുക്കളായ അധ്യാപകരോട് ശുപാർശ ചെയ്യാറുണ്ടെന്നും ഇന്ദു മേനോൻ കഴിഞ്ഞ ദിവസം പങ്കിട്ട പോസ്‌റ്റിൽ പറഞ്ഞിരുന്നു.