'സഹായം ലഭിക്കുന്ന എവിടെയും പോകും, പ്രതിപക്ഷ നേതാവ് സഹായിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്' മരണപ്പെട്ട സിദ്ധാർഥിന്‍റെ അച്ഛൻ ജയപ്രകാശ് തിരുവനന്തപുരം:മകന്‍റെ മരണത്തിന് കാരണക്കാരായ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. നീതിയ്‌ക്ക് വേണ്ടിസഹായം ലഭിക്കുന്ന എവിടെയും പോകുമെന്ന് വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ മരണപ്പെട്ട സിദ്ധാർഥിന്‍റെ അച്ഛൻ ജയപ്രകാശ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സഹായിക്കുമെന്ന് ഉറപ്പ് നൽകിയതായും ജയപ്രകാശ്. പ്രതിപക്ഷ നേതാവിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം ('The leader of opposition has promised to help' - Siddharth's father Jayaprakash).
പ്രതിപക്ഷ നേതാവിനെ കാണാൻ നാളുകളായി ശ്രമിക്കുന്നു. സഹായിക്കുമെന്ന് നൂറ് ശതമാനം ഉറപ്പുണ്ട്. അദ്ദേഹത്തില്‍ വിശ്വാസമുള്ളത് കൊണ്ടാണ് ഇവിടേക്ക് വന്നത്. പ്രതിപക്ഷ നേതാവ് സഹായിക്കുമെന്ന് എനിക്കും, കുടുംബത്തിനും വിശ്വാസമുണ്ട്. ഭരണപക്ഷത്തിനോടാണ് സാധാരണ നീതി ചോദിക്കേണ്ടത്. എന്നാൽ അവിടെ നിന്നും ലഭിച്ചത് എന്താണെന്ന് എല്ലാവരും കണ്ടതാണെന്നും സിദ്ധാർഥിന്‍റെ അച്ഛൻ ജയപ്രകാശ് പറഞ്ഞു.
സിബിഐ അന്വേഷണം വൈകുന്നുവെന്ന് മാത്രമല്ല പരാതി. ഡീനിനെയും, കുറ്റകൃത്യത്തിൽ ഏർപ്പെട്ട മറ്റ് വിദ്യാർഥികൾക്കെതിരെയും നടപടി വേണം. സമരത്തിന്‍റെ കാര്യം പ്രതിപക്ഷ നേതാവുമായി ചർച്ച ചെയ്‌തിട്ടില്ല. നിലവിൽ മുഖ്യമന്ത്രിയെ കാണാൻ ആലോചനയില്ല.
എസ്എഫ്ഐയുടെ പല മുതിർന്ന നേതാക്കളും കോളജിൽ എത്തിയതായി മകൻ പറഞ്ഞിട്ടുണ്ട്. പല നേതാക്കളും ആ സമയത്ത് കോളേജിൽ വന്നു പോയിട്ടുണ്ട്. അന്വേഷണം വഴിമുട്ടി നിൽക്കുന്നതിൽ ഭയമുണ്ട്. സഹായിക്കുമെന്ന് ഉറപ്പുള്ള ഇടത്ത് പോകും. പ്രതിപക്ഷ നേതാവ് സഹായിക്കുമെന്ന് ആത്മവിശ്വാസമുണ്ട്. അന്വേഷണം വൈകുന്ന കാര്യമാണ് പ്രതിപക്ഷ നേതാവിനെ അറിയിച്ചത് (Pookode Veterinary College).
മുഖ്യമന്ത്രിയെ ഇനി കാണാൻ ആലോചനയില്ല. അന്വേഷണം സിബിഐ ഏറ്റെടുത്തിട്ടില്ല. വിജ്ഞാപനം ഇറക്കിയതു കൊണ്ട് മാത്രമായില്ല. മുഖ്യമന്ത്രി പറഞ്ഞു പറ്റിച്ചെന്നല്ല. പക്ഷെ ചതിക്കപ്പെട്ടുവെന്ന് തോന്നലുണ്ട് ഞങ്ങള്‍ക്ക്. എൻ്റെയും കുടുംബത്തിൻ്റെയും വായ് മൂടി കെട്ടി. അതിൻ്റെ ഭാഗമായാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചതെന്നും ജയപ്രകാശ് കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 18നാണ് നെടുമങ്ങാട് സ്വദേശിയായ സിദ്ധാര്‍ഥിനെ ക്യാമ്പസിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ ആത്മഹത്യ ആണെന്ന് കോളജ് അധികൃതര്‍ വിശദീകരിച്ചെങ്കിലും മരണത്തില്‍ ദുരൂഹത ആരോപിച്ച് സിദ്ധാര്‍ഥിന്‍റെ കുടുംബം രംഗത്തെത്തിയിരുന്നു.
എന്നാല്‍ സിദ്ധാര്‍ഥ് ക്രൂരമായി മര്‍ദിക്കപ്പെട്ടുവെന്നും, റാഗിങ്ങിന് ഇരയാകുകയായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തുകയും 18 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. സിദ്ധാര്‍ഥ് കോളജില്‍ ഭീകരമായ മര്‍ദനം നേരിട്ടിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ആന്‍റി റാഗിങ് സമിതിയുടെ റിപ്പോര്‍ട്ടിലും പറയുന്നു.
സിദ്ധാര്‍ഥിന്‍റെ മരണവുമായി ബന്ധപ്പെട്ട് 33 വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള നടപടിയാണ് സര്‍വകലാശാല പിന്‍വലിച്ചത്. കുറ്റകൃത്യത്തില്‍ ഉള്‍പ്പെടാത്ത വിദ്യാര്‍ഥികളുടെ ഒരാഴ്‌ചത്തെ സസ്പെന്‍ഷന്‍ നടപടിയാണ് പിന്‍വലിച്ചത്. അതേസമയം, സസ്പെന്‍ഷന്‍ പിന്‍വലിച്ചത് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ലാത്ത വിദ്യാർഥികളുടെതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം.
ഇതിനിടെ മരിച്ച സിദ്ധാര്‍ഥിന്‍റെ പിതാവ് ടി. ജയപ്രകാശ് ഗവര്‍ണറെ കണ്ടു പരാതി നല്‍കിയിരുന്നു. കേസ് അന്വേഷണത്തില്‍ ആശങ്ക ഉണ്ടെന്ന് കുടുംബം അറിയിച്ചു. രേഖാമൂലം പരാതി നല്‍കിയതായാണ് വിവരം. സിബിഐ അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണെന്നും പൊലീസ് അന്വേഷണം ദ്രുദഗതിയില്‍ നടക്കുന്നിലെന്നും ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറെ കണ്ട് പരാതി നല്‍കിയത്.