തിരുവനന്തപുരം :തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നാൽ ചെയ്യാൻ പാടില്ലാത്ത കാര്യമാണ് അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്‌റ്റെന്ന് തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ. അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്‌റ്റ് ആശ്ചര്യപ്പെടുത്തുന്നതാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം നടപടി സ്വീകരിക്കാമായിരുന്നു. കെജ്‌രിവാളിന്‍റെ അറസ്‌റ്റ് അതിശയപ്പെടുത്തുന്നുവെന്നും കോൺഗ്രസ് പ്രവർത്തകസമിതി അംഗം കൂടിയായ അദ്ദേഹം പ്രതികരിച്ചു.
'തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നാൽ ചെയ്യാൻ പാടില്ലാത്ത കാര്യം' ; അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്‌റ്റിൽ ശശി തരൂർ - SHASHI THAROOR ON KEJRIWAL ARREST - SHASHI THAROOR ON KEJRIWAL ARREST
കെജ്‌രിവാളിന്‍റെ അറസ്റ്റ് ആശ്ചര്യപ്പെടുത്തുന്നത്. അറസ്‌റ്റിനുള്ള അടിയന്തര സാഹചര്യമില്ല. നടപടി തെരഞ്ഞെടുപ്പിന് ശേഷമാകാമായിരുന്നെന്നും ശശി തരൂർ.

Published : Mar 22, 2024, 2:42 PM IST
|Updated : Mar 22, 2024, 9:15 PM IST
കോൺഗ്രസിന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. പ്രവർത്തകരെ കാണാന്‍ യാത്ര ചെയ്യാൻ പോലും സാധിക്കാത്ത അവസ്ഥ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്ന ശേഷമാണ് ഇതൊക്കെ ഉണ്ടാവുന്നത്. എന്താണ് ഇത്ര ധൃതി ?. തെരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരിക്കാം. അറസ്‌റ്റിനുള്ള അടിയന്തര സാഹചര്യമൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പരാതിക്കോ ഹർജിക്കോ കാത്തിരിക്കാതെ ഇതിൽ സുപ്രീംകോടതി ഇടപെടണം. ഇങ്ങനെ ജനാധിപത്യത്തെ ബാധിക്കുന്ന തീരുമാനമെടുക്കുന്നവരെ ഭരണത്തിൽ വരാൻ അനുവദിക്കരുത്. സിസോദിയയെ അറസ്റ്റ് ചെയ്‌ത സാഹചര്യമല്ല ഇപ്പോൾ ഉള്ളത്. ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുന്ന സമയമാണ്. ഇപ്പോഴുള്ള അറസ്‌റ്റിന്‍റെ സന്ദേശം എന്താണെന്ന് ആർക്കും സംശയമില്ല. ചെയ്‌തത് അന്യായമാണെന്നും ഡോ. ശശി തരൂർ ആരോപിച്ചു.