തിരുവനന്തപുരം: യുജിസി ചട്ട ഭേദഗതി അംഗീകരിക്കില്ലെന്നും പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ഒറ്റക്കെട്ടെന്നും തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി ഗോവി ചെഴിയാൻ. കേരളത്തിൻ്റെ നേതൃത്വത്തിൽ ഇന്ന് നടന്ന ദേശീയ വിദ്യാഭ്യാസ കൺവെൻഷന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. യുജിസി ചട്ട ഭേദഗതിക്കെതിരെ സംസ്ഥാനങ്ങളുടെ കൂട്ടായ്‌മ സംയുക്ത പ്രമേയവും അംഗീകരിച്ചു.
15 ആവശ്യങ്ങൾ മുന്നോട്ടു വയ്ക്കുന്ന സംയുക്ത പ്രമേയം യുജിസിക്കും കേന്ദ്ര ഉന്നത വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും പ്രധാനമന്ത്രി നരേന്ദ്ര മോദി സമർപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു.
പങ്കെടുക്കാത്ത വിസിമാർക്ക് വിമർശനം
ദേശീയ വിദ്യാഭ്യാസ കൺവെൻഷനിൽ പങ്കെടുക്കാത്ത വിസിമാരെ രൂക്ഷമായി വിമർശിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഫെഡറൽ ബോധം ഉയർത്തുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക, ഉന്നത വിദ്യാഭ്യാസത്തിൻ്റെ നിലവാരം നിലനിർത്തുക എന്നീ ആവശ്യങ്ങളിൽ താത്പര്യമുള്ളവർ പങ്കെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നതെന്ന് മന്ത്രി വിമർശിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഔചിത്യ ബോധം ഉണ്ടെങ്കിൽ പങ്കെടുക്കുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. 1200ഓളം പേർ മാത്രം രജിസ്റ്റർ ചെയ്‌ത പരിപാടിയിൽ പങ്കെടുത്തുവെന്നും മന്ത്രി മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. കൺവെൻഷനിൽ പങ്കെടുക്കാൻ നിർദേശമുണ്ടായിരുന്നെങ്കിലും മലയാളം സർവകലാശാല വിസി സുഷമ്മ മാത്രമായിരുന്നു എത്തിയത്. കാലടി സർവകലാശാല വൈസ് ചാൻസലർ കെകെ ഗീതകുമാരി, നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്‌ഡ് ലീഗൽ സ്റ്റഡീസ് വൈസ് ചാൻസലർ സിറി ജഗൻ എന്നിവർ അസൗകര്യം അറിയിച്ചിരുന്നതായും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഭേദഗതിക്കെതിരെ നിയമപരമായി നീങ്ങും; എൻഡിഎക്കും എതിർപ്പ്
യുജിസി ചട്ട ഭേദഗതിയിലെ എല്ലാ നിർദേശങ്ങളും അംഗീകരിക്കാനാകില്ലെന്നും നിയമപരമായി നീങ്ങുന്ന കാര്യം ഹൈദരാബാദ് കൺവെൻഷന് ശേഷം ആലോചിക്കുമെന്നും കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി എംസി സുധാകർ പറഞ്ഞു. ഭരണകക്ഷിയിലെ തെലുഗു ദേശം പാർട്ടിയുടെയും ജനതാദൾ യുണൈറ്റഡിൻ്റെയും വക്താക്കൾ ബാംഗ്ലൂരിൽ നടന്ന കൺവെൻഷനിലേക്ക് ക്ഷണിക്കുന്നതിനിടെ വിയോജിപ്പ് അറിയിച്ചിരുന്നുവെന്നും എംസി സുധാകർ മാധ്യമങ്ങളോട് പറഞ്ഞു.
രാഷ്ട്രീയപരമായി മറ്റൊരു ചേരിയിലായതിനാൽ എതിർപ്പ് പരസ്യമാക്കില്ല. അവരുടെ വേദിയിൽ അവർ എതിർപ്പ് അറിയിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. കൺകറൻ്റ് ലിസ്റ്റിൽ ഉൾപ്പെട്ടത് കൊണ്ട് മാത്രം യുജിസിക്ക് സംസ്ഥാനങ്ങളുടെ അധികാരത്തെ പുനർനിർവചിക്കാനാവില്ല. തെലങ്കാനയിൽ നടക്കാനിരിക്കുന്ന മീറ്റിങ്ങിൽ ലോക്‌സഭാ അംഗങ്ങളെക്കൂടി ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Also Read: യുജിസി കരട് ഭേദഗതി ചട്ടം രാഷ്ട്രീയ നിയമനത്തിന് കൂടുതൽ സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി ; പ്രതിപക്ഷ സംസ്ഥാനങ്ങളുടെ പ്രതിഷേധ കൂട്ടായ്‌മയ്‌ക്ക് തുടക്കം