കോഴിക്കോട്:സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ പി ബി അനിതയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ത്തന്നെ നിയമനം നല്‍കുമെന്ന് ആരോഗ്യ വകുപ്പ്. കോടതി ഉത്തരവ് പഠിക്കേണ്ടതിനാലാണ് നിയമനം വൈകിയതെന്നും ഉടന്‍ ഉത്തരവ് ഇറക്കുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആറു ദിവസമായി മെഡിക്കല്‍ കോളേജില്‍ സമരം നടത്തി വരികയായിരുന്നു അനിത.
ഐസിയു പീഡന കേസിൽ അതിജീവിതയ്ക്ക് അനുകൂലമായി മൊഴി നൽകിയ നഴ്‌സിങ് ഓഫിസറാണ് പി ബി അനിത. കോടതി ഉത്തരവ് ഉണ്ടായിട്ടും ജോലിയിൽ പ്രവേശിപ്പിക്കാൻ കോളജ് അധികൃതർ തയ്യാറാകത്തതിൽ പ്രതിഷേധിച്ചായിരുന്നു അനിത സമരം നടത്തിയിരുന്നത്.
കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയുവിൽ 2023 മാർച്ച് 18 ന് ശസ്ത്രക്രിയ കഴിഞ്ഞ് അർധബോധാവസ്ഥയില്‍ ഇരിക്കെയാണ് ജീവനക്കാരൻ യുവതിയെ പീഡിപ്പിച്ചത്. പരാതി നൽകിയ യുവതിയെ മൊഴി മാറ്റിക്കാൻ 6 വനിതാ ജീവനക്കാർ ഭീഷണിപ്പെടുത്തിയ സംഭവം അനിത അധികൃതർക്ക് റിപ്പോർട്ട് ചെയ്‌തിരുന്നു.