തെലുങ്ക് സൂപ്പര്‍താരം പ്രഭാസിന്‍റെ വിവാഹം എല്ലായിപ്പോഴും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവാറുണ്ട്. താരത്തിന്‍റെ പ്രണയങ്ങളെ കുറിച്ചും നിരന്തരം ഗോസിപ്പുകള്‍ ഉണ്ടാകാറുണ്ട്. 45 കാരനായ പ്രഭാസിന്‍റെ വിവാഹത്തെ കുറിച്ചുള്ള പുതിയ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ട്രേഡ് അനലിസ്‌റ്റ് മനോബാല വിജയബാലന്‍റെ സോഷ്യല്‍ മീഡിയ പോസ്‌റ്റാണ് പ്രഭാസിന്‍റെ വിവാഹ വാര്‍ത്തയിലേയ്‌ക്ക് നയിച്ചത്. പ്രഭാസ് എന്ന് കുറിച്ച് കൊണ്ട് വിവാഹത്തിന്‍റെ വെള്ള വസ്‌ത്രം ധരിച്ച വധുവിന്‍റെയും ഇമോജിയാണ് പ്രഭാസ് തന്‍റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവച്ചിരിക്കുന്നത്.
അതേസമയം മനോബാലയുടെ പോസ്‌റ്റില്‍ വ്യക്‌തതയില്ല. എന്നിരുന്നാലും പ്രഭാസ് ഉടന്‍ വിവാഹിതനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇതിന് പിന്നാലെ നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ തങ്ങളുടെ പ്രിയ താരം വിവാഹിനാവുകയാണോ അതോ സിനിമ പ്രൊമോഷന്‍റെ ഭാഗമായാണോ ഇതെന്നാണ് ചില ആരാധകരുടെ സംശയം.
നിരവധി പേരാണ് പോസ്‌റ്റിനോട് പ്രതികരിച്ചിരിക്കുന്നത്. "അനുഷ്‌ക" ആണോ വധു എന്നാണ് ചിലരുടെ ചോദ്യം. "പ്രഭാസിന്‍റെ വിവാഹമോ?", "വിവാഹം കണ്‍ഫോം ആണോ?" "ഇത് വിവാഹമാണെന്ന് എനിക്ക് തോന്നുന്നില്ല, പ്രൊമോഷണല്‍ കണ്ടന്‍റ് ആകാനാണ് സാധ്യത", "ഒടുവില്‍ വിവാഹം, അഭിനന്ദനങ്ങള്‍, സര്‍" -തുടങ്ങി നിരവധി കമന്‍റുകളാണ് പോസ്‌റ്റിന് ലഭിക്കുന്നത്.
നേരത്തെയും പ്രഭാസിന്‍റെ വിവാഹ വാര്‍ത്ത സംബന്ധിച്ച പോസ്‌റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഒരു പ്രത്യേക വ്യക്‌തി എന്ന് പരാമര്‍ശിച്ച് കൊണ്ടുള്ള ഒരു നിഗൂഢ പോസ്‌റ്റാണ് കഴിഞ്ഞ വര്‍ഷം പ്രചരിച്ചത്. പിന്നീട് പ്രഭാസ് തന്നെ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരുന്നു.
2024 ജൂണ്‍ 27ന് തിയേറ്ററുകളില്‍ എത്തിയ 'കല്‍ക്കി 2898 എഡി' റിലീസുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ നടന്ന പരിപാടിയിലാണ് പ്രഭാസ് വിവാഹവുമായി ബന്ധപ്പെട്ട നിഗൂഢ പോസ്‌റ്റിനെ കുറിച്ച് വ്യക്‌തമാക്കിയത്. "എന്‍റെ ആരാധികമാരുടെ വികാരങ്ങളെ വ്രണപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ഞാൻ ഉടൻ വിവാഹം കഴിക്കുന്നില്ല," ഇപ്രകാരമായിരുന്നു പ്രഭാസ് അന്ന് പ്രതികരിച്ചത്.
മുമ്പൊരിക്കല്‍ പ്രഭാസിന്‍റെ വിവാഹത്തെ കുറിച്ച് ബ്രഹ്‌മാണ്ഡ സംവിധായകന്‍ രാജമൗലിയും പ്രതികരിച്ചിരുന്നു. പ്രഭാസിന്‍റെ വിവാഹത്തെ കുറിച്ചുള്ള രാജമൗലിയുടെ വാക്കുകള്‍ മാധ്യമ ശ്രദ്ധ നേടിയിരുന്നു.
"പ്രഭാസ് വലിയ മടിയന്‍ ആണ്. മടി കാരണമാണ് പ്രഭാസ് വിവാഹം പോലും ചെയ്യാത്തത്. ഒരു പെണ്‍കുട്ടിയെ കണ്ടെത്തുക, അവളുടെ മാതാപിതാക്കളോട് സംസാരിക്കുക തുടങ്ങിയവയെല്ലാം പ്രഭാസിനെ സംബന്ധിച്ച് വലിയ ജോലിയാണ്," ഇപ്രകാരമാണ് പ്രഭാസിന്‍റെ വിവാഹത്തെ കുറിച്ച് രാജമൗലി പറഞ്ഞത്.
2023ല്‍ ബോളിവുഡ് താരം കൃതി സനോണുമായി പ്രഭാസ് ഡേറ്റിംഗിലാണെന്ന് കിംവദന്തികള്‍ പ്രചരിച്ചിരുന്നു. നേരത്തെ നടി അനുഷ്‌ക ഷെട്ടിയുമായി പ്രഭാസ് പ്രണയത്തിലാണെന്ന് കിംവദന്തികള്‍ പ്രചരിച്ചെങ്കിലും ഇരുവരും ഇതിനോട് പ്രതികരിച്ചിരുന്നില്ല.