തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മുൻ സൂപ്രണ്ടും ഭാര്യയുമായ നിർമ്മലയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവും എട്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കുടപ്പനക്കുന്ന് ദർശൻ നഗറിൽ ഐശ്വര്യ വീട്ടിൽ സഹദേവൻ മകൻ മോഹൻദാസ് (65) ആണ് ശിക്ഷിക്കപ്പെട്ട പ്രതി. മക്കളായ കൃഷ്‌ണദാസ്, വിഷ്‌ണുദാസ് എന്നിവർക്ക് നഷ്ട്ടപരിഹാരമായി പണം നൽകാനും ജില്ലാ നിയമ സഹായ അതോറിറ്റിക്ക് കോടതി നിർദേശം നൽകി. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് ജഡ്‌ജി പ്രസൂൺ മോഹൻ്റെതാണ് ഉത്തരവ്.
2012 മാർച്ച് 18-നായിരുന്നു നിര്‍മ്മലയുടെ കൊലപാതകം. മദ്യം വാങ്ങുവാൻ പണം നൽകാത്തതിലുള്ള വിരോധമാണ് ഭാര്യയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുന്നതിലേക്ക് പ്രതിയെ നയിച്ചത്. സംഭവ സമയത്ത് മക്കൾ എറണാകുളം കൊച്ചിൻ സർവകലാശാലയിൽ പഠിക്കുകയായിരുന്നു. പ്രതിയും ഭാര്യയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
ഗൾഫിലായിരുന്ന പ്രതി നാട്ടിൽ വന്ന ശേഷം ജോലിക്ക് പോകാതെ സ്ഥിരമായി മദ്യപിക്കുന്നതിനും മറ്റ് ചിലവുകൾക്കും പണം ആവശ്യപ്പെട്ടിരുന്നു. പലപ്പോഴു ഭാര്യ പണം നൽകിയിരുന്നു. എന്നാൽ സംഭവ ദിവസം പണം ചോദിച്ചപ്പോൾ തരാൻ പറ്റില്ല എന്ന് നിർമ്മല പറഞ്ഞു. ഈ വൈരാഗ്യത്താൽ മരത്തടി കൊണ്ട് നിർമ്മലയുടെ തലയിലും മറ്റും മാരകമായി പല പ്രാവശ്യം മോഹൻദാസ് അടിക്കുകയായിരുന്നു.