കേരളം

kerala

ETV Bharat / state

ചന്ദന തൈലം പച്ചവെള്ളമായി മാറി, പിരിച്ചു വിട്ടതോടെ കൂലി പണിയിലേക്കിറങ്ങിയ പൊലീസുകാരൻ; ഒടുവിൽ നീതി ലഭിച്ചത് 63 ആം വയസിൽ - KUMARAN VS STATE CASE KASARAGOD

21 വർഷം നീണ്ട നീതി നിഷേധം. 1993 ൽ നടന്ന ചന്ദന ഫാക്‌ടറി റെയ്‌ഡ് കേസിന്‍റെ ഭാഗമായി സർവീസിൽ നിന്ന് പിരിച്ചുവിട്ട പൊലീസുകാരന് നീതി ലഭിച്ചത് 2024 ൽ.

POLICE KUMARAN  ചന്ദന തൈലം കേസ്  കാസർകോട്  SANDALWOOD OIL SEIZED CASE
Kumaran (ETV Bharat)

By ETV Bharat Kerala Team

Published : Nov 2, 2024, 4:21 PM IST

കാസർകോട്: ഏറെ ആഗ്രഹിച്ച് നേടിയെടുത്ത പൊലീസ് യൂണിഫോം.. ഒൻപതു വർഷത്തെ സർവീസിനിടയിൽ പിരിച്ചു വിടൽ.. ഒടുവിൽ അറുപത്തി മൂന്നാം വയസിൽ നീതി.. നീലേശ്വരം സ്വദേശി കുമാരന്‍റെ ജീവിതം സംഭവബഹുലമായിരുന്നു. ചെയ്യാത്ത തെറ്റിന്‍റെ പേരിൽ ക്രൂശിക്കപ്പെട്ടപ്പോള്‍ നിയമ പോരാട്ടം മാത്രമായിരുന്നു കുമാരന്‍റെ മുന്‍പിലുള്ള വഴി.

ഇതിനിടയിലെ ജീവിതത്തെ കുറിച്ചു ചോദിച്ചാൽ കുമാരന്‍റെ കണ്ണ് നിറയും. കൂലിപ്പണി എടുത്താണ് ജീവിതം മുന്നോട്ട് കൊണ്ടു പോയത്. രോഗ ബാധിതരായ സഹോദരിമാരുടെ സംരക്ഷണവും കുമാരന് ഏറ്റെടുക്കേണ്ടി വന്നു. ഇതിനിടെ വിവാഹവും മറന്നു.

കുമാരന്‍റെ പ്രതികരണം (ETV Bharat)

അന്ന് സംഭവിച്ചത്

1984 ലാണ് കുമാരന്‍ പൊലീസ് സര്‍വീസില്‍ കയറുന്നത്. 1993 ഏപ്രില്‍ 16 ന് രാത്രിയാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. കാസര്‍കോട് നായന്‍മാര്‍ മൂലയിലെ ചന്ദന ഫാക്‌ടറി ഉടമയുടെ ബന്ധുവിനെ ചെറുവത്തൂരില്‍ നിന്ന് കുഴല്‍പണവുമായി പിടികൂടുന്നു. തുടര്‍ന്ന് അന്നത്തെ കാസര്‍കോട് സി ഐ ചന്ദന ഉടമയുടെ ഫാക്‌ടറിയിലും വീട്ടിലും റെയ്‌ഡ് നടത്തി.

ഇവിടെ നിന്നും 24 കിലോ തൂക്കം വരുന്ന നാല് ബാരല്‍ ചന്ദന തൈലം പിടികൂടി സ്‌റ്റേഷനിലെത്തിച്ചു. എന്നാൽ ഫാക്‌ടറിയില്‍ നിന്നും വാറ്റിയെടുത്തതിന് രേഖയുള്ളതായിരുന്നു പിടികൂടിയ ചന്ദനതൈലമെന്ന് പൊലീസ് പിന്നീടാണ് അറിഞ്ഞത്. ഇതോടെ ചന്ദനതൈലം സാമ്പിള്‍ എടുത്ത ശേഷം വിട്ട് കൊടുക്കാന്‍ ധാരണയായി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അന്ന് രാത്രി സ്‌റ്റേഷനില്‍ ഡ്യൂട്ടിയുണ്ടായിരുന്നത് കുമാരനടക്കം മൂന്ന് പൊലീസുകാരാണ്. ചന്ദനതൈലം പുലര്‍ച്ചെ വിട്ട് കൊടുക്കാനും പകരം എത്തിക്കുന്ന ബാരല്‍സ് സ്‌റ്റേഷനില്‍ സൂക്ഷിക്കാനും ഉന്നത ഉദ്യോഗസ്ഥന്‍റെ നിര്‍ദേശം ലഭിച്ചത് ഇവർക്കായിരുന്നു. സാമ്പിൾ ശേഖരിക്കാൻ ആയിരുന്നു ഇത്.

ബാരല്‍ പിറ്റേന്ന് തുറന്നപ്പോള്‍ പച്ചവെള്ളമാണ് കണ്ടത്. സംഭവം വിവാദമായതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്കും ചന്ദന ഉടമയ്ക്കും മകനുമെതിരേ കേസെടുത്തു. എന്നാല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ ചന്ദന ഉടമയും മകനും കുമാരനുമായി പ്രതികള്‍.

സസ്‌പെന്‍ഷനും പിരിച്ച് വിടലും

ചന്ദനതൈലം പച്ചവെള്ളമായ കേസില്‍ 1994 ല്‍ കുമാരനെ സസ്‌പെന്‍ഡ് ചെയ്‌തു. 1999 ല്‍ പിരിച്ച് വിടുകയും ചെയ്‌തു. കുമാരന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ കുറ്റക്കാരല്ലെന്ന് ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയെങ്കിലും സര്‍വീസില്‍ തിരിച്ചെടുത്തില്ല. ഇത് സര്‍വീസ് ലംഘനമാണെന്ന് കാണിച്ച് കുമാരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

2016 ല്‍ കുമാരന് അനുകൂലമായ വിധി വന്നു. സര്‍വീസ് സസ്‌പെന്‍ഡ് ചെയ്‌ത കാലം മുതലുള്ള പ്രൊമോഷന്‍ അടക്കം എല്ലാ ആനൂകൂല്യങ്ങളും ആറുമാസത്തിനകം നല്‍കണമെന്ന് വിധി വന്നു. എന്നാല്‍ വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് കേസ് നീണ്ടുപോയി. അന്ന് സർവീസിൽ തിരിച്ചെടുത്തുവെങ്കിൽ എസ് ഐ ആയാണ് കുമാരൻ വിരമിക്കേണ്ടത്. അതുണ്ടായില്ല.

എന്നാല്‍ താന്‍ മരിക്കുന്നതിന് മുമ്പെങ്കിലും കേസ് തീരുമാനമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് കുമാരന്‍ ചീഫ് ജസ്‌റ്റിസിന് കത്ത് നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ജൂണ്‍ മൂന്നിന് കേസ് പരിഗണിക്കുകയും ഒക്ടോബര്‍ 23 ന് വിധി പ്രസ്‌താവിക്കുകയുമായിരുന്നു.

Also Read : എട്ട് മാസത്തിനിടെ അഞ്ച് സ്ഥലം മാറ്റം; മനം മടുത്ത് രാജിക്കത്തയച്ച് കോൺസ്റ്റബിൾ, അനുനയിപ്പിക്കാന്‍ ഡിസിപി

ABOUT THE AUTHOR

...view details