കേരളം

kerala

ETV Bharat / state

ശബരിമലയില്‍ സ്‌പോട് ബുക്കിങ്‌ തുടര്‍ന്നേക്കും; തീരുമാനം ഇന്നു ചേരുന്ന അവലോകന യോഗത്തിന് ശേഷം - SABARIMALA SPOT BOOKING

ശബരിമല തീര്‍ത്ഥാടനം തുടങ്ങുക അടുത്ത മാസം 17-ന്.

SABARIMALA NEWS  ശബരിമല വാര്‍ത്ത  ശബരിമല ഓണ്‍ലൈന്‍ ബുക്കിങ്  SABARIMALA ONLINE BOOKING
ശബരിമല (IANS)

By ETV Bharat Kerala Team

Published : Oct 11, 2024, 9:20 AM IST

Updated : Oct 11, 2024, 1:35 PM IST

തിരുവനന്തപുരം: ശബരിമലയില്‍ സ്‌പോട് ബുക്കിങ്‌ ഒഴുവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിന്മാറാന്‍ സാധ്യത. ഇന്നു തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പ്രസിഡന്‍റ് പി എസ് പ്രശാന്തിന്‍റെ നേതൃത്വത്തില്‍ ചേരുന്ന ശബരിമല അവലോകന യോഗത്തിന് ശേഷം അന്തിമ തീരുമാനമറിയാം. യോഗത്തിന് ശേഷം തീരുമാനങ്ങളറിയിക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റെ വാര്‍ത്ത സമ്മേളനവുമുണ്ടാകും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സ്‌പോട് ബുക്കിങ്ങിനെതിരെ ദേവസ്വം ബോര്‍ഡ് അംഗങ്ങളില്‍ നിന്നുള്ള എതിര്‍പ്പുകളും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് വിവരം. ഓണ്‍ലൈന്‍ ബുക്കിങ്‌ സംവിധാനത്തെ കുറിച്ച് അറിയാതെ തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ദര്‍ശനത്തിനെത്തുന്നവര്‍ക്കും നിലയ്ക്കലിലും പമ്പയിലും സ്‌പോട്ട് ബുക്കിങ്‌ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.

സ്‌പോട് ബുക്കിങ്‌ പൂര്‍ണമായി ഒഴുവാക്കിയാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. അടുത്ത മാസം 17 നാണ് ശബരിമല തീര്‍ത്ഥാടനം തുടങ്ങുക. ദേവസ്വം ബോര്‍ഡിന്‍റെ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തിലും വിഷയം ചര്‍ച്ചയാകും.

സ്‌പോട് ബുക്കിങ്‌ ഒഴിവാക്കിയതിനെതിരെ പ്രതിപക്ഷത്തിന്‍റെയും തീര്‍ത്ഥാടകരുടെയും ഭാഗത്തു നിന്ന് ശക്തമായ എതിര്‍പ്പുയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനം പുന പരിശോധിക്കാന്‍ സര്‍ക്കാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടത്. സംഭവത്തില്‍ ശബരിമല കര്‍മ്മസമിതി യോഗം ഉള്‍പ്പെടെയുള്ള സംഘടനകള്‍ പരസ്യപ്രതിഷേധം വ്യക്തമാക്കിയിരുന്നു.

ഇതു കണക്കിലെടുത്താണ് സാഹചര്യങ്ങള്‍ വിലയിരുത്തി തീരുമാനം പുനപരിശോധിക്കാന്‍ അടിയന്തിരമായി ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരുന്നത്. ഒക്‌ടോബര്‍ 5ന് മുഖ്യമന്ത്രി പിണറായി വിജയന്‍, ദേവസ്വം മന്ത്രി വി എന്‍ വാസവന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്, ,സംസ്ഥാന പൊലീസ് മേധാവി ഷേക്ക് ദര്‍വേശ് സാഹിബ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗമാണ് ഇത്തവണ സീസണില്‍ സ്‌പോട്ട് ബുക്കിങ്‌ ഒഒഴിവാക്കി ദര്‍ശനം പൂര്‍ണമായും ഓണ്‍ലൈന്‍ ബുക്കിങ്‌ വഴിയാക്കിയത്.

പ്രതിദിനം 80,000 പേര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്‌ നല്‍കാനായിരുന്നു തീരുമാനം. കഴിഞ്ഞ തവണത്തേതു പോലെ അനിയന്ത്രിതമായ തിക്കും തിരക്കും ഒഴിവാക്കി ദര്‍ശനം സുഗമമാക്കുന്നതിനായിരുന്നു സ്‌പോട് ബുക്കിങ്‌ ഒഴിവാക്കിയതെന്നായിരുന്നു യോഗത്തിനു ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചിരുന്നത്.

വിഷയം നിയമസഭയിലും:സ്‌പോട് ബുക്കിങ്‌ ഒഴിവാക്കിയ തീരുമാനത്തിനെതിരെ ഭക്തരുടെ ഭാഗത്തു നിന്നു വ്യാപകമായ എതിര്‍പ്പുയര്‍ത്തുന്നതിനു കാരണമായി. ഭക്തരുടെ എണ്ണം നിയന്ത്രിക്കുയും 41 ദിവസം വ്രതമെടുത്ത് വരുന്ന ഭക്തര്‍ക്ക് ബുക്കിങ്‌ ഇല്ലെന്നതിന്‍റെ പേരില്‍ ദര്‍ശനം നിഷേധിക്കുകയും ചെയ്യുന്ന നടപടി പിന്‍വലിക്കണമെന്ന് സബ്‌മിനിലൂടെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ വര്‍ഷം ഓണ്‍ലൈനായി 90,000 പേര്‍ക്കും സ്‌പോട് ബുക്കിങ്‌ വഴി 15000 പേര്‍ക്കും ദര്‍ശനം നല്‍കിയിട്ടും പലര്‍ക്കും ദര്‍ശനം നടത്താന്‍കഴിഞ്ഞില്ലെന്ന പരാതി വ്യാപകമായി ഉയര്‍ന്ന കാര്യം പ്രതിപക്ഷ നേതാവ് സബ്‌മിഷനിലൂടെ ചൂണ്ടിക്കാട്ടി. ആ സ്ഥാനത്താണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ബുക്കിങ്‌ വഴി പ്രതിദിനം 80,000 പേര്‍ക്കുമാത്രം ബുക്കിങ്‌ അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഓണ്‍ലൈൻ ബുക്കിംഗിലൂടെ മാത്രം ശബരിമല ദർശനം; നടപടി അംഗീകരിക്കാനാവില്ലെന്ന് അയ്യപ്പ സേവാ സമാജം

അതേസമയം ശനിയാഴ്ച മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തില്‍ സ്‌പോട്ട് ബുക്കിങ്‌ അനുവദിക്കണമെന്ന നിലപാടാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് സ്വീകരിച്ചത്. എന്നാല്‍ തിരക്ക് നിയന്ത്രണമടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് ഈ തീരുമാനത്തെ എതിര്‍ത്തതോടെയാണ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ ബുക്കിങ്‌ മാത്രമെന്ന തീരുമാനത്തിലേക്കു പോയത്. വൈകിട്ട് മൂന്നരയ്ക്ക് ദേവസ്വം ആസ്ഥാനത്ത് അദ്ധ്യക്ഷന്‍ പിഎസ് പ്രശാന്ത് മാധ്യമങ്ങളെ കാണും.

Last Updated : Oct 11, 2024, 1:35 PM IST

ABOUT THE AUTHOR

...view details