കണ്ണൂര്‍: ജില്ലയില്‍ എം പോക്‌സ് സംശയത്തെ തുടര്‍ന്ന് ഒരാൾ കൂടി നിരീക്ഷണത്തിൽ. വിദേശത്ത് നിന്നെത്തിയ പാനൂർ സ്വദേശിയെയാണ് പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹം ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്. ഇദ്ദേഹത്തിന്‍റെ സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വന്ന ശേഷം മാത്രമേ അസുഖം സ്ഥിരീകരിക്കൂ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അബുദാബിയിൽ നിന്ന് നാട്ടിലെത്തിയ വയനാട് സ്വദേശിക്ക് കഴിഞ്ഞ ദിവസം എം പോക്‌സ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരാളെ കൂടി കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേസമയം എം പോക്‌സില്‍ ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യ നില നിലവിൽ തൃപ്‌തികരമാണെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
രോഗ പകർച്ച
- കൊവിഡ് പോലെ വായുവിലൂടെ പകരുന്ന രോഗമല്ല എംപോക്‌സ്. രോഗ ബാധിതരുടെ ശ്വാസ കോശ സ്രവങ്ങളുമായുഉള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്.
- രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്‌പർശിക്കുക, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക, ചുംബിക്കുക, രോഗി ഉപയോഗിച്ച കിടക്ക, വസ്ത്രം എന്നിവ ഉപയോഗിക്കുക എന്നിവയിലൂടെ രോഗം പകരാനുള്ള സാധ്യത കൂടുതലാണ്.
- മറുപിള്ള വഴി അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് ജനന സമയത്തോ രോഗസംക്രമണം നടക്കാം.
- മൃഗങ്ങളുടെ രക്തം ശരീര സ്രവങ്ങൾ വഴിയാണ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്.
പ്രതിരോധം
- രോഗലക്ഷണങ്ങൾ പ്രകടമായ ശേഷമാണ് പ്രധാനമായും രോഗം പകരുന്നത്. അതിനാൽ ലക്ഷണങ്ങൾ ഉണ്ടായാൽ മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ ശ്രദ്ധിക്കണം.
- വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവരിൽ രോഗലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ ചികിത്സ തേടണം എന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിർദേശം.
- രോഗബാധിതരുമായി അടുത്തിടപഴകുന്നവരും രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും രോഗ ബാധിതരുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുന്നവരും അണുബാധ നിയന്ത്രണ മുൻകരുതലുകൾ എടുക്കണം.
Also Read: സ്‌കൂൾ വിദ്യാർഥികൾക്കിടയിൽ പടർന്ന് പിടിച്ച് മുണ്ടിനീര്; ആശങ്കയില്‍ രക്ഷിതാക്കൾ