പത്തനംതിട്ട :മണ്ഡലപൂജയോടനുബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ കർപ്പൂരാഴി ഘോഷയാത്ര സന്നിധാനത്തെ ഉത്സവഛായയിലാക്കി. പുലിവാഹനമേറിയ മണികണ്‌ഠനും ദേവതാരൂപങ്ങളും അണിനിന്ന ഘോഷയാത്ര വർണവും ശബ്‌ദഘോഷങ്ങളും കൊണ്ടു ശബരീശസന്നിധിയിലെ സന്ധ്യയെ ആഘോഷപൂർണമാക്കി.
സന്നിധാനത്ത് സേവനമനുഷ്‌ഠിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാർ മണ്ഡല മഹോത്സവത്തിന്‍റെ ഭാഗമായി എല്ലാ വർഷവും നടത്താറുള്ള കർപ്പൂരാഴി ഘോഷയാത്രയാണ് പൂർവാധികം വർണപ്പകിട്ടോടെ കൊണ്ടാടിയത്.
കർപ്പൂരാഴി ഘോഷയാത്ര (ETV Bharat) ഇന്നലെ(ഡിസംബർ 23) സന്ധ്യക്ക് ദീപാരാധനയ്ക്ക് ശേഷം 6.40ന് കൊടിമരത്തിന് മുന്നിൽ നിന്ന് ക്ഷേത്രം തന്ത്രി കണ്‌ഠര് രാജീവരും മേൽശാന്തി അരുൺകുമാർ നമ്പൂതിരിയും ചേർന്ന് കർപ്പൂരാഴിയ്ക്ക് അഗ്‌നി പകർന്ന് തുടക്കം കുറിച്ചു. തുടർന്ന് ക്ഷേത്രം വലംവച്ചു നീങ്ങിയ ഘോഷയാത്ര ഫ്ലൈഓവർ കടന്നു മാളികപ്പുറം ക്ഷേത്രസന്നിധിവഴി നടപ്പന്തലിൽ വലം വച്ച് പതിനെട്ടാം പടിക്ക് മുന്നിൽ സമാപിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പുലിവാഹനമേറിയ അയ്യപ്പനും ദേവതാരൂപങ്ങളും സന്നിധാനത്ത് തിങ്ങിനിറഞ്ഞ ഭക്തസഹസ്രങ്ങൾക്ക് ആനന്ദക്കാഴ്‌ചയായി. വർണക്കാവടിയും മയിലാട്ടവും വിളക്കാട്ടവും കർപ്പൂരാഴി ഘോഷത്രയ്‌ക്ക് മിഴിവേകി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത്, ദേവസ്വം ബോർഡ് അംഗം എ അജികുമാർ, സ്‌പെഷൽ ഓഫിസർ ബി കൃഷ്‌ണകുമാർ, ജിഎസ്ഒ ഉമേഷ് ഗോയൽ, ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസർ മുരാരി ബാബു, അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർ ബിജു വി നാഥ്, ദേവസ്വം ബോർഡ് ജീവനക്കാർ, ശബരിമലയിൽ ചുമതലയുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാർ എന്നിവർ ഘോഷയാത്രയിൽ പങ്കെടുത്തു.
കർപ്പൂരാഴി ഘോഷയാത്ര (ETV Bharat) സന്നിധാനത്ത് സേവനമനുഷ്‌ഠിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ നേതൃത്വം കൊടുത്ത കർപ്പൂരാഴി ഘോഷയാത്ര ഇന്ന് വൈകിട്ട് നടക്കും. മണ്ഡലപൂജയ്ക്കായുള്ള തങ്ക അങ്കി ഘോഷാത്ര ഡിസംബർ 25ന് വൈകിട്ട് ശബരിമലയിൽ എത്തും. ഡിസംബർ 26ന് പകൽ ആണ് മണ്ഡലമഹോത്സവത്തിന് സമാപനം കുറിച്ചുള്ള മണ്ഡലപൂജ.
Also Read:മണ്ഡല പൂജയ്ക്ക് രണ്ടുനാള്‍, 26ന് ശബരിമല നട അടയ്‌ക്കും; ഭക്തി ലഹരിയില്‍ തങ്ക അങ്കി ഘോഷയാത്ര മുന്നോട്ട്