ന്യൂഡല്‍ഹി: എട്ടാമത് ഡല്‍ഹി നിയമസഭാ സമ്മേളനം പുരോഗമിക്കുന്നതിനിടെ പ്രതിഷേധവുമായി ആംആദ്‌മി എംഎല്‍എമാര്‍. മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് ബിആർ അംബേദ്‌കറുടെയും ഭഗത് സിങ്ങിന്‍റെയും ചിത്രങ്ങള്‍ നീക്കം ചെയ്തെന്ന് ആരോപിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ലെഫ്റ്റനന്‍റ് ഗവർണർ വി കെ സക്‌സേനയുടെ പ്രസംഗത്തിനിടെ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിപക്ഷ നേതാവ് അതിഷി ഉൾപ്പെടെയുള്ള എഎപി എംഎല്‍എമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഇതിനുപിന്നാലെ 12 ആംആദ്‌മി എംഎല്‍എമാരെ ഡൽഹി നിയമസഭാ സ്‌പീക്കർ വിജേന്ദർ ഗുപ്‌ത സഭയിൽ നിന്ന് ഇന്നത്തേക്ക് സസ്‌പെൻഡ് ചെയ്‌തു. അതിഷി, ഗോപാൽ റായ്, വീർ സിങ് ധിംഗൻ, മുകേഷ് അഹ്ലാവത്, ചൗധരി സുബൈർ അഹമ്മദ്, അനിൽ ഝാ, വിശേഷ് രവി, ജർണയിൽ സിങ് ഉള്‍പ്പെടെയുള്ളവരെയാണ് സസ്‌പെൻഡ് ചെയ്‌തത്. ഡൽഹി സെക്രട്ടേറിയറ്റിലും നിയമസഭയിലുമുള്ള മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് അംബേദ്‌കറുടെ ചിത്രങ്ങൾ ബിജെപി നീക്കം ചെയ്തെന്നും എഎപി ആരോപിച്ചു.
സസ്‌പെൻഡ് ചെയ്യപ്പെട്ട എഎപി നിയമസഭാംഗങ്ങൾ പിന്നീട് അസംബ്ലി വളപ്പിൽ അംബേദ്‌കറുടെ പോസ്‌റ്ററുമായി പ്രതിഷേധം നടത്തി. "ബാബാസാഹെബിനെ ബിജെപി അപമാനിച്ചത് ഇന്ത്യ പൊറുക്കില്ല, ജയ് ഭീം" എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് എഎപിയുടെ പ്രതിഷേധം. ഭാരതീയ ജനതാ പാർട്ടിയുടെ ദലിത് വിരുദ്ധ മനോഭാവത്തെ കുറിച്ച് എല്ലാവർക്കും അറിയാമെന്നും ഇതിന്‍റെ ഭാഗമായാണ് അംബേദ്‌ക്കറുടെ ചിത്രം മാറ്റിയതെന്നും അതിഷി വിമര്‍ശിച്ചിരുന്നു. ബിജെപി ഒരു ദലിത്, സിഖ് വിരുദ്ധ പാർട്ടിയാണെന്നാണെന്നും അതിഷി കുറ്റപ്പെടുത്തി.
#WATCH | Delhi: Former CM and Delhi LoP Atishi says, " bjp has replaced the portrait of dr babasaheb bhimrao ambedkar with that of pm narendra modi...does the bjp think that pm modi is greater than dr babasaheb bhimrao ambedkar? when aap mlas raised the slogans of dr babasaheb… pic.twitter.com/f8TiZiunAU
— ANI (@ANI) February 25, 2025
മദ്യനയവുമായി ബന്ധപ്പെട്ട് 2000 കോടിയുടെ നഷ്‌ടമെന്ന് സിഎജി റിപ്പോര്‍ട്ട്
അതേസമയം, ആപ്പിന്‍റെ ഭരണകാലത്ത് മദ്യനയവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പിന് 2000 കോടിയുടെ നഷ്‌ടമുണ്ടായെന്ന സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ ബിജെപി അവതരിപ്പിച്ചു. 2021-2022 ലെ എക്സൈസ് നയത്തില്‍ ബാറുകള്‍ക്ക് ലൈസൻസ് നല്‍കുന്നതില്‍ ഗുരുതര ക്രമക്കേട് ഉണ്ടായെന്നും കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. നിയമസഭാ സമ്മേളനത്തിൽ 14 സിഎജി റിപ്പോർട്ടുകളാണ് അവതരിപ്പിക്കുക. ഇതില്‍ ആദ്യത്തേതാണ് മദ്യനയവുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട്.
#WATCH | Delhi Legislative Assembly Speaker Vijender Gupta says, " it is amazing to know that cag report has not been tabled in the assembly after 2017-18. in this regard, the then lop, i.e. me, and five other opposition leaders had requested the president, speaker of the… pic.twitter.com/gQ93rcyZyk
— ANI (@ANI) February 25, 2025
2017-18 മുതൽ 2020-21 വരെയുള്ള നാല് വർഷത്തെ മദ്യനയത്തെക്കുറിച്ചുള്ള സിഎജി റിപ്പോർട്ട് പ്രകാരം ലൈസൻസുകൾ വീണ്ടും ടെൻഡർ ചെയ്യുന്നതിൽ പരാജയപ്പെട്ടതിനാൽ ഡൽഹി സർക്കാരിന് ഏകദേശം 890 കോടി രൂപയുടെ വരുമാന നഷ്‌ടം നേരിട്ടു. സോണൽ ലൈസൻസികൾക്ക് അനുവദിച്ച ഇളവുകൾ കാരണം നടപടികളിലെ കാലതാമസം 941 കോടി രൂപയുടെ നഷ്‌ടത്തിന് കാരണമായതായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
എഎപി സര്‍ക്കാരിന്‍റെ അഴിമതികള്‍ ഓരോന്നായി പുറത്തുവരുമെന്ന് ഭയന്നാണ് നിയമസഭയില്‍ ആംആദ്‌മി എംഎല്‍എമാര്‍ പ്രതിഷേധിക്കുന്നതെന്ന് ഡൽഹി മന്ത്രി രവീന്ദർ ഇന്ദ്രജ് സിങ് പറഞ്ഞു. ഭരണകാലത്തെ അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ആം ആദ്‌മി പാർട്ടി ശ്രമിക്കുന്നുവെന്ന് ബിജെപി നേതാന് ആശിഷ് സൂദ് ആരോപിച്ചു. "എഎപി കോലാഹലം സൃഷ്‌ടിക്കാൻ ശ്രമിക്കുമ്പോഴെല്ലാം, അത് അവരുടെ അഴിമതി മറച്ചുവയ്‌ക്കാനാണ്. സിഎജി (കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ) റിപ്പോർട്ട് അവരുടെ അഴിമതികള്‍ തുറന്നുകാട്ടും," എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.