ന്യൂഡല്‍ഹി: 1984ലെ സിക്ക് വിരുദ്ധ കലാപത്തിലെ കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മുന്‍എംപി സജ്ജന്‍കുമാറിന് ഡല്‍ഹിയിലെ ഒരു കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രത്യേക ജഡ്‌ജി കാവേരി ബവേജയാണ് വിധി പ്രസ്‌താവം നടത്തിയത്. 1984 നവംബര്‍ ഒന്നിന് ജസ്വന്ത് സിങിനെയും അദ്ദേഹത്തിന്‍റെ മകന്‍ തരുണ്‍ ദീപ് സിങിനെയും കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പരാതിക്കാരിയായ ജസ്വന്തിന്‍റെ ഭാര്യയും പ്രൊസിക്യൂഷനും സജ്ജന്‍ കുമാറിന് വധശിക്ഷ നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. കൊലപാതകങ്ങള്‍ക്ക് സാധാരണയായി നല്‍കുന്ന പരമാവധി ശിക്ഷയാണ് വധശിക്ഷ. കുറഞ്ഞ ശിക്ഷയാകട്ടെ ജീവപര്യന്തവും.
ഈ മാസം പന്ത്രണ്ടിന് തിഹാര്‍ ജയില്‍ അധികൃതരില്‍ നിന്ന് കോടതി സജ്ജന്‍ കുമാറിന്‍റെ മാനസിക പരിശോധനാ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇത്തരമൊരു റിപ്പോര്‍ട്ട് തേടാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇത്. സാധാരണയായി വധശിക്ഷ വിധിക്കാന്‍ സാധ്യതയുള്ള കേസുകളിലാണ് ഇത്തരമൊരു റിപ്പോര്‍ട്ട് തേടാറുള്ളത്.
സജ്ജന്‍കുമാര്‍ നിലവില്‍ തിഹാര്‍ ജയിലിലാണുള്ളത്. പഞ്ചാബ് ബാഗ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിരുന്നതെങ്കിലും പിന്നീട് പ്രത്യേക സംഘം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തില്‍ പ്രതിഷേധിച്ച് ഒരു വലിയ ജനക്കൂട്ടം മാരകായുധങ്ങളുമായി എത്തി കൊലയും കൊള്ളയും കൊള്ളിവയ്‌പും നടത്തുകയായിരുന്നുവെന്ന് പ്രൊസിക്യൂഷന്‍ ആരോപിച്ചു.
ജനക്കൂട്ടം പരാതിക്കാരിയായ ജസ്വന്തിന്‍റെ ഭാര്യയുടെ വീട്ടിലും ആക്രമണം നടത്തി. ഉള്ളിലുണ്ടായിരുന്ന പുരുഷന്‍മാരെ കൊല്ലുകയും നിരവധി സാധനങ്ങള്‍ കൊള്ളയടിക്കുകയും വീടിന് തീവയ്ക്കുകയും ചെയ്‌തെന്നും പ്രൊസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
Also Read: പ്രിയങ്കയ്ക്ക് 1984 എന്നെഴുതിയ ബാഗ് സമ്മാനിച്ച് ബിജെപി എംപി