തിരുവനന്തപുരം:തുമ്പിക്കൈയില്‍ വെള്ളം ചീറ്റും കണ്ണുകള്‍ ചലിപ്പിക്കും ദേവിയെ എഴുന്നള്ളിക്കും തലയെടുപ്പിലും ഒട്ടും പിറകിലല്ല, ഈ ഗജവീരനെ കാണാൻ വൻ തിരക്കാണ്. ഗജവീരന്‍ ബാലദാസന്‍റെ അടുത്ത് പോകാന്‍ ആരും പേടിക്കേണ്ട കാര്യമില്ല. 10.8 അടി ഉയരവും 800 ഓളം കിലോ ഭാരവുമുള്ള റോബോ ആന തിരുവനന്തപുരം വെങ്ങാനൂര്‍ പൗര്‍ണമിക്കാവ് ക്ഷേത്രത്തിലാണുള്ളത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പീപ്പിള്‍സ് ഫോര്‍ ദി എത്തിക്കല്‍ ട്രിറ്റ്‌മെന്‍റ് ഓഫ് അനിമല്‍സും നടി ആദ ശര്‍മ്മയുമാണ് യന്ത്ര ആനയായ ബാലദാസനെ മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നത്. തൃശൂര്‍ ചാലക്കുടി സ്വദേശി പ്രതാപാണ് റോബോ ബാലദാസന്‍റെ ശിൽപി. 15 ദിവസമെടുത്ത് സിമന്‍റില്‍ മോഡല്‍ തയ്യാറാക്കിയ ശേഷം ഫൈബറും റബറുമുപയോഗിച്ചാണ് ആനയുടെ നിര്‍മാണമെന്ന് ക്ഷേത്രം ഭാരവാഹി ഭുവനചന്ദ്രന്‍ പറഞ്ഞു.
നാല് ലക്ഷത്തോളം രൂപ ചിലവാക്കി നിര്‍മിച്ച ബാലദാസന്‍ തലകുലുക്കിയും ചെവിയാട്ടിയും തുമ്പികൈ ഉയര്‍ത്തിയും സാധാരണ ആനയുടെ ചേഷ്‌ടകളൊക്കെ പ്രകടിപ്പിക്കും. സെല്‍ഫിയെടുക്കാനെത്തുന്നവര്‍ക്കു മുന്‍പില്‍ ചക്രം ഘടിപ്പിച്ച പ്ലാറ്റ്‌ഫോമില്‍ കണ്ണടച്ചും വാലാട്ടിയും അതിഥികളെ സ്വീകരിക്കും.