എറണാകുളം: കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കെത്തിയ എംഎല്‍എ ഉമ തോമസ് സ്റ്റേജില്‍ നിന്നും വീണ് പരിക്കേറ്റ സംഭവവുമായി ബന്ധപ്പെട്ട കേസിലെ രണ്ട് പ്രതികളോടും കീഴടങ്ങാൻ നിര്‍ദേശിച്ച് ഹൈക്കോടതി. പ്രതികളായ ഹർജിക്കാരോട് വ്യാഴാഴ്‌ച (ജനുവരി 2) കീഴടങ്ങാനാണ് ഹൈക്കോടതി നിർദേശം. സംഘാടകരായ മൃദംഗ വിഷൻ ചുമതലക്കാരൻ നിഗോഷ് കുമാർ, ഓസ്‌കാർ ഇവന്‍റ്സ് മാനേജ്മെന്‍റ് നടത്തിപ്പുക്കാരൻ ജിനേഷ് കുമാർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകൾ തീർപ്പാക്കിയാണ് ഹൈക്കോടതി നിർദേശം.
വ്യാഴാഴ്‌ച ഉച്ചയ്ക്ക് 2 മണിക്ക് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങണം. അതിന് തയ്യാറാകാത്ത പക്ഷം പൊലീസിന് അറസ്റ്റ് ചെയ്യാമെന്നും കോടതി ഉത്തരവിട്ടു. രാവിലെ മുൻകൂർ ജാമ്യാപേക്ഷകൾ പരിഗണിച്ചെങ്കിലും സർക്കാർ വിശദീകരണം തേടി കേസ് മാറ്റുകയായിരുന്നു.
പിന്നീട് ജാമ്യമില്ലാ വകുപ്പുകൾ കൂടി കേസിൽ ചുമത്തിയതായും ഇടക്കാല മുൻകൂർ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടും ഹർജിക്കാരന്‍റെ അഭിഭാഷകൻ ഉച്ചയ്ക്ക് വീണ്ടും ഹർജി സമര്‍പ്പിച്ചു. എന്നാൽ കുറ്റകൃത്യത്തിന്‍റെ ഗൗരവവും പൊതുതാത്‌പര്യവും കണക്കിലെടുത്ത് ഇടക്കാല മുൻകൂർ ജാമ്യം നൽകരുതെന്ന് സർക്കാർ അഭിഭാഷകന്‍ എതിർപ്പ് പ്രകടിപ്പിച്ചു. തുടർന്നാണ് കീഴടങ്ങാൻ പ്രതികളായ ഹർജിക്കാർക്ക് ഹൈക്കോടതി നിര്‍ദേശം നൽകിയത്.
ബിഎൻസ് II0 വകുപ്പ് നരഹത്യാ ശ്രമമടക്കമാണ് കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമായിരുന്നു പൊലീസ് ചുമത്തിയിരുന്നത്.