ഹൈദരാബാദ്: തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 16 സീരീസിന് ഉൾപ്പെടെ ചൈനയിൽ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ആപ്പിൾ. 500 യുവാൻ (5,860 രൂപ) വരെയാണ് കിഴിവ് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്. ചൈനയിൽ ഹുവായ് പോലുള്ള ആഭ്യന്തര കമ്പനികളെ നേരിടാനാണ് ആപ്പിളിന്‍റെ പുതിയ നീക്കം. 2025 ജനുവരി 4 മുതൽ ജനുവരി 7 വരെ നാല് ദിവസത്തേക്ക് മാത്രമായിരിക്കും പ്രമോഷൻ ഓഫർ നൽകുകയെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തത്.
ചൈനയിൽ ഐഫോൺ 16 പ്രോ മോഡലിന് 7,999 യുവാനും (93,760 രൂപ) പ്രോ മാക്‌സ് മോഡലിന് 9,999 യുവാനും (1,17,203 രൂപ) ആണ് വില. 500 യുവാൻ അതായത് 5,860 രൂപ വരെയാണ് ആപ്പിൾ കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രത്യേക പേയ്‌മെന്‍റ് രീതികൾ ഉപയോഗിച്ച് ഐഫോണുകൾ വാങ്ങുമ്പോൾ മാത്രമേ കിഴിവ് ലഭ്യമാകൂ. ഓരോ ഐഫോൺ മോഡലുകളുടെയും ഡിസ്‌കൗണ്ട് വ്യത്യസ്‌തമായിരിക്കും.
ഡിസ്‌കൗണ്ടിന് പിന്നിലെന്ത്?
ലോകത്തിലെ ഏറ്റവും വലിയ സ്‌മാർട്ട്‌ഫോൺ വിപണിയായ ചൈനയിൽ പ്രാദേശിക നിർമ്മാതാക്കൾ മത്സരം ശക്തമാക്കിയത് ആപ്പിളിന് വലിയ തിരിച്ചടിയായിട്ടുണ്ട്. പ്രാദേശികമായി നിർമ്മിച്ച ചിപ്പുകളുമായി ചൈനയിലെ പ്രീമിയം സ്‌മാർട്ട്‌ഫോൺ സെഗ്‌മെൻ്റിലേക്ക് ഹുവായ് പ്രവേശിച്ചതോടെ ആപ്പിളിന്‍റെ വിപണിയെ പ്രതികൂലമായി ബാധിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ ഇതുകാരണം രാജ്യത്തെ വിപണി വിഹിതം നഷ്‌ടപ്പെടുത്താൻ തങ്ങൾ തയ്യാറല്ലെന്ന് സൂചന നൽകുന്നതാണ് ആപ്പിളിന്‍റെ ഈ പ്രമോഷണൽ ഓഫർ.
ഹുവായ് തങ്ങളുടെ ഫോണുകൾക്ക് വാരാന്ത്യത്തിൽ ചൈനയിലെ പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലൂടെ 3,000 യുവാൻ വരെ വില കുറച്ചിരുന്നു. ഇതും ആപ്പിളിന്‍റെ ഡിസ്‌കൗണ്ടിന് പിന്നിലെ മറ്റൊരു കാരണമാണ്. 2024ൻ്റെ രണ്ടാം പാദത്തിൽ, ചൈനയിലെ മികച്ച അഞ്ച് സ്‌മാർട്ട്‌ഫോൺ ബ്രാൻഡുകളുടെ വിഭാഗത്തിൽ ആപ്പിൾ ഉണ്ടായിരുന്നില്ല. എന്നാൽ മൂന്നാം പാദത്തിൽ ഇത് തിരിച്ചുപിടിക്കാൻ ആപ്പിളിന് കഴിഞ്ഞിട്ടുണ്ട്. എങ്കിലും വിൽപ്പനയുടെ കണക്കുകൾ പരിശോധിക്കുമ്പോൾ രാജ്യത്തെ ആപ്പിളിന്‍റെ വിൽപ്പനയിൽ കുറവുണ്ടായിട്ടുണ്ട്. അതേസമയം ഹുവായുടെ വിൽപ്പന 42 ശതമാനം ഉയർന്നിട്ടുണ്ട്.
ഐഫോൺ 16 സീരീസിന് പുറമെ ആപ്പിളിന്‍റെ മുൻ ഐഫോണുകൾക്കും, മാക്ബുക്കുകൾക്കും ഐപാഡുകൾക്കും കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിചാറ്റ് പേ, അലിപേ വഴി പണമടയ്ക്കുന്നവർക്ക് മാത്രമാണ് കിഴിവുകൾ ലഭ്യമാവുക.
Also Read:
- ഐഫോൺ 17 നോൺ-പ്രോ മോഡലുകളിൽ എൽടിപിഒ ഡിസ്‌പ്ലേയും ഉയർന്ന റിഫ്രഷ് റേറ്റും: ചോർന്ന ഏറ്റവും പുതിയ വിവരങ്ങൾ
- അമ്പമ്പോ...ഐഫോണുകളിൽ തന്നെ ഏറ്റവും സ്ലിം മോഡൽ! എ19 ചിപ്‌സെറ്റുമായി ഐഫോൺ 17 വരുന്നു; ക്യാമറയിലും മാറ്റമോ ??
- കിടിലൻ പെർഫോമൻസ്: സാംസങ് ഗാലക്‌സി എസ് 25 സീരീസിൽ പുതിയ പ്രോസസർ; ചോർന്ന ഏറ്റവും പുതിയ വിവരങ്ങൾ
- 3 വർഷം വാറന്‍റി, 7 വർഷത്തെ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ്: ഗാലക്‌സി എസ് 24, എസ് 24 അൾട്രാ എൻ്റർപ്രൈസ് എഡിഷൻ ഇന്ത്യയിൽ
- ഗെയിമിങ് സ്‌മൂത്താകും, ഒപ്പം ബജറ്റും: ചുരുങ്ങിയ ചെലവിൽ വാങ്ങാവുന്ന അഞ്ച് മികച്ച ഗെയിമിങ് സ്‌മാർട്ട്‌ഫോണുകൾ