കേരളം

kerala

ETV Bharat / state

വീട്ടുമുറ്റത്തും പറമ്പിലും മലിനജലം; ദുരിതജീവിതം പേറി കൃഷ്‌ണപൊയിൽ നിവാസികൾ - Sewage Issue In Kozhikode - SEWAGE ISSUE IN KOZHIKODE

കൃഷ്‌ണപൊയിൽ മലിനജലം ഒഴുകിയെത്തുന്നതായി പരാതി. വീടുകള്‍ വിട്ടൊഴിഞ്ഞ് പ്രദേശവാസികള്‍. ഭീഷണിയാകുന്നത് ഹോട്ടലുകളും ലോഡ്‌ജുകളുമെന്നും നാട്ടുകാര്‍. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് നല്‍കിയ പരാതി വിഫലമായെന്നും ജനം.

KRISHNAPOYIL SUFFERING WITH SEWAGE  കൃഷ്‌ണപൊയിൽ മലിനജലം  KOZHIKODE POLLUTION ISSUES  മാലിന്യ പ്രശ്‌നം കൃഷ്‌ണപൊയില്‍
Sewage In Kozhikode (ETV Bharat)

By ETV Bharat Kerala Team

Published : Sep 10, 2024, 4:08 PM IST

Updated : Sep 10, 2024, 4:57 PM IST

കൃഷ്‌ണപൊയിൽ മലിനജലം ഒഴുകിയെത്തുന്നു (ETV Bharat)

കോഴിക്കോട്:നൂറിലേറെ വീടുകളുണ്ട് കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്തെ കൃഷ്‌ണപൊയിൽ ഭാഗത്ത്. ഇതിൽ മിക്ക വീട്ടുകാരും കിട്ടിയ വിലക്ക് വീടും സ്ഥലവും വീറ്റ് മറ്റിടങ്ങളിലേക്ക് മാറി കഴിഞ്ഞു. ബാക്കിയുള്ളവർ വീടുകൾ പൂട്ടിയിട്ട് ദൂര ദിക്കുകളിലേക്ക് വാടകയ്‌ക്ക് പോയി.

ഇതിനെല്ലാം കാരണമായത് കൃഷ്‌ണപൊയിൽ ഭാഗത്തേക്ക് ഒഴുകിയെത്തുന്ന മലിനജലമാണ്.
മെഡിക്കൽ കോളജിന്‍റെ പരിസരത്തുള്ള നിരവധി ഹോട്ടലുകളിലെയും ലോഡ്‌ജുകളിലെയും ലാബുകളിലെയും മറ്റ് വ്യാപാര സ്ഥാപനങ്ങളിലെയുമൊക്കെ മലിനജലം ഇവിടേക്കാണ് ഒഴുകിയെത്തുന്നത്. താഴ്ന്ന പ്രദേശമായ കൃഷ്‌ണപൊയിലിലെ വീടുകളിലെ മുറ്റത്തും പറമ്പിലും റോഡിലുമെല്ലാം മലിനജലം പരന്നൊഴുകുകയാണ്.

വീട്ടിനകത്തും പുറത്തും ഇരിക്കണമെങ്കിൽ മൂക്കുപൊത്തേണ്ട സാഹചര്യമാണ്. മഴക്കാലത്താണ് പ്രശ്‌നം ഏറെയും രൂക്ഷമാകുന്നത്. ചെറിയ മഴ പെയ്യുമ്പോഴേക്കും ഈ ഭാഗത്തെ സ്ഥാപനങ്ങളിലെ ശുചിമുറികളിലെ
മാലിന്യമുൾപ്പെടെ കൃഷ്‌ണപൊയിൽ ഭാഗത്തേക്ക് തുറന്നു വിടുമെന്ന് പ്രദേശവാസികള്‍ പറയുന്നു.

കൃഷ്‌ണപൊയിൽ ഭാഗത്തെ മലിന ജലത്തിൻ്റെ ദുരിതം കൂടിയതോടെ സ്ഥലം മാറിപ്പോയ ആളുകളുടെ പറമ്പുകളിൽ അവരറിയാതെ തീറ്റ പുല്ലുകൾ വ്യാപകമായി വച്ചുപിടിപ്പിച്ചിട്ടുണ്ട്. തുറന്നു വിടുന്ന മലിനജലം ആരുടെയും ശ്രദ്ധയിൽ പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് സ്ഥലം ഉടമകളും പ്രദേശവാസികളും പറയുന്നത്.

മെഡിക്കൽ കോളജ് ഭാഗത്തെ സ്‌കൂളുകളിലേക്കും കോളജുകളിലേക്കുമെല്ലാം എളുപ്പത്തിൽ എത്തിച്ചേരാവുന്ന മാർഗമാണ് കൃഷ്‌ണപൊയിൽ റോഡ്. എന്നാല്‍ റോഡിൽ നിറയെ മലിന ജലം പരന്നൊഴുകാൻ തുടങ്ങിയതോടെ ഏറെ ദൂരം ചുറ്റി സഞ്ചരിച്ചാണ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ സ്‌കൂളിലെത്തുന്നത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മാലിന്യം കലർന്ന വെള്ളം ഒഴുകിയെത്താൻ തുടങ്ങിയതോടെ പ്രദേശത്തെ നൂറിലേറെ കിണറുകളും ഉപയോഗ ശൂന്യമായിട്ടുണ്ട്. എല്ലാ വീട്ടുമുറ്റത്തും കിണറുകൾ ഉണ്ടെങ്കിലും കോർപറേഷൻ നൽകുന്ന പൈപ്പ് വെള്ളം മാത്രമാണ് മിക്ക കുടുംബങ്ങളുടെയും ആശ്രയം. പൊലീസിനും കോർപറേഷനും മറ്റ് വകുപ്പ് മേധാവികൾക്കും മുഖ്യമന്ത്രിക്കും ഉൾപ്പെടെ കൃഷ്‌ണയിൽ നിവാസികൾ പരാതികൾ പലതവണ നൽകിയിട്ടുണ്ട്. എന്നാൽ പ്രശ്‌ന പരിഹാരത്തിന് ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

ഇത്രയേറെ പരാതികൾ നൽകിയിട്ടും പരിഹാരമില്ലാതായതോടെ ഇനി എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് മെഡിക്കൽ കോളജിന് സമീപത്തെ കൃഷ്‌ണപൊയിൽ നിവാസികൾ.

Also Read:മാമ്പുഴയുടെ ജീവനെടുത്ത് പഞ്ചായത്തുകൾ തമ്മിലുള്ള തര്‍ക്കം; നാട്ടുകാര്‍ ദുരിതത്തില്‍

Last Updated : Sep 10, 2024, 4:57 PM IST

ABOUT THE AUTHOR

...view details