വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്‍റെ വിജയത്തില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്ന ഇടതുപക്ഷ രാഷ്‌ട്രീയ നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. കണ്‍സര്‍വേറ്റീവുകള്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് ചാപ്പകുത്തുകയാണ് ഇടതുപക്ഷമെന്നും അവര്‍ ചൂണ്ടിക്കാട്ടി. അതേസമയം ഇടത് നേതാക്കള്‍ സമാന ആഗോള സഖ്യങ്ങള്‍ ആഘോഷിക്കുന്നുണ്ടെന്നും ഇത് ഇരട്ടതാപ്പാണെന്നും മെലോണി കൂട്ടിച്ചേര്‍ത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തൊണ്ണൂറുകളില്‍ ബില്‍ ക്ലിന്‍റണും ടോണിബ്ലെയറും ആഗോള ഇടത് ഉദാര ശൃംഖല രൂപീകരിച്ചപ്പോള്‍ അവരെ നാം ലോകനേതാക്കള്‍ എന്ന് വിശേഷിപ്പിച്ചു. എന്നാല്‍ ഇന്ന് ട്രംപും മെലോണിയും മിലെയും മോദിയും തമ്മില്‍ ചര്‍ച്ച നടത്തിയാല്‍ അവര്‍ അതിനെ ജനാധിപത്യത്തിന് ഭീഷണി എന്ന് വിളിക്കും. ഇതാണ് ഇടതിന്‍റെ ഇരട്ടനിലപാടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സിനെ (സിപിഎസി) റോമില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മെലോണി അഭിസംബോധന ചെയ്‌തത്. നിരവധി വലതുപക്ഷ രാഷ്‌ട്രീയ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. ഇടതുനേതാക്കളെയും ബുദ്ധിജീവികളെയും കണക്കിന് വിമര്‍ശിച്ച മെലോണി പക്ഷേ അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിനെയും വൈസ് പ്രസിഡന്‍റ് ജെ ഡി വാന്‍സിനെയും വാനോളം പുകഴ്‌ത്തി.
ട്രംപിന്‍റെ വിജയത്തില്‍ ഇടത് കക്ഷികള്‍ അസ്വസ്ഥരാണ്. അവരുടെ അസ്വസ്ഥത ഒരു ഹിസ്റ്റീരിയ ആയി മാറിക്കഴിഞ്ഞു. കണ്‍സര്‍വേറ്റീവുകള്‍ വിജയിച്ചത് മാത്രമല്ല ഇതിന് കാരണം. മറിച്ച് കണ്‍സര്‍വേറ്റീവുകള്‍ ആഗോളതലത്തില്‍ സഹകരിക്കുന്നതും ഇവരെ ചൊടിപ്പിക്കുന്നുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും വളഞ്ഞിട്ട് ആക്രമിക്കുമ്പോഴും കണ്‍സര്‍വേറ്റീവ് നേതാക്കള്‍ തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് കൊണ്ടിരിക്കുന്നു. കാരണം അവരുടെ നുണകള്‍ വിശ്വസിക്കാന്‍ ജനങ്ങള്‍ തയാറല്ലെന്നതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇടതുപക്ഷം കരുതും പോലെ ജനങ്ങള്‍ അത്രയ്ക്ക് മണ്ടന്‍മാരല്ല. അവര്‍ വോട്ട് ചെയ്യുന്നതിന് കാരണം ഞങ്ങള്‍ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നത് കൊണ്ടും ഞങ്ങള്‍ നാടിനെ സ്‌നേഹിക്കുന്നത് കൊണ്ടുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഞങ്ങള്‍ക്ക് ഞങ്ങളുടെ അതിര്‍ത്തികള്‍ സംരക്ഷിക്കേണ്ടതുണ്ട്. ഇടതുപക്ഷത്തിന്‍റെ അവിശുദ്ധ കൂട്ടുകെട്ടുകളിൽ നിന്ന് വ്യവസായത്തെയും പൗരന്‍മാരെയും സംരക്ഷിക്കേണ്ടതുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഞങ്ങള്‍ കുടുംബത്തെയും ജീവിതത്തെയും സംരക്ഷിക്കുന്നു. വിശ്വാസത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള പരിശുദ്ധ അവകാശങ്ങള്‍ ഞങ്ങള്‍ സംരക്ഷിക്കുന്നു. ഞങ്ങള്‍ പൊതുബോധത്തിന് വേണ്ടി നില കൊള്ളുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യുക്രെയ്ന്‍ വിഷയത്തില്‍ ചില സംഘര്‍ഷങ്ങള്‍ സഖ്യങ്ങള്‍ തമ്മില്‍ നിലവിലുണ്ടെങ്കിലും ട്രംപിന് കീഴില്‍ അമേരിക്കയും യൂറോപ്പും കൂടുതല്‍ അടുക്കും എന്നും അവര്‍ വ്യക്തമാക്കി. ട്രംപിന്‍റെ രണ്ടാമൂഴത്തിന്‍റെ ആദ്യ ആഴ്‌ചയില്‍ യൂറോപ്പിലെ സഖ്യത്തിനുള്ളില്‍ ചില വിള്ളലുകള്‍ വീണിരുന്നു. യൂറോപ്പില്‍ നിന്ന് പിന്‍വാങ്ങുന്നുവെന്ന തരത്തിലുള്ള ചില പ്രസ്‌താവനകള്‍ ട്രംപില്‍ നിന്നുണ്ടായി. ഇത് ട്രംപ് നാറ്റോ സഖ്യം വിടുന്നതിന്‍റെ സൂചനകളാണെന്ന് ചിലർ ആശങ്കകള്‍ ഉയര്‍ത്തി.
അധികാര വര്‍ഗവും മുഖ്യധാരാ മാധ്യമങ്ങളും വിചാരിച്ചാല്‍ യൂറോപ്പിനെ തകര്‍ക്കാനാകില്ലെന്നും മെലോണി കൂട്ടിച്ചേര്‍ത്തു. ട്രംപ് യൂറോപ്പിനെ വിട്ടു പോകുമെന്നായിരുന്നു തങ്ങളുടെ ശത്രുക്കളുടെ പ്രതീക്ഷ. ഒരു ഭിന്നത ആഗ്രഹിക്കുന്ന നിങ്ങളുടെ പ്രതീക്ഷകള്‍ തെറ്റാണെന്ന് തെളിഞ്ഞു കഴിഞ്ഞുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇറ്റലിയിലെ തീവ്ര വലതു ബ്രദേഴ്‌സ് പാര്‍ട്ടി നേതാവായ മെലോണി മാത്രമാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ട്രംപിന്‍റെ സത്യപ്രതിജ്ഞയില്‍ പങ്കെടുത്തത്. യൂറോപ്യന്‍ യൂണിയനും അമേരിക്കയും തമ്മിലുള്ള കരുത്തുറ്റ പാലമാകാന്‍ അവര്‍ക്ക് കഴിയുമെന്നാണ് അവരുടെ സഖ്യകക്ഷികളുടെ വിലയിരുത്തല്‍. കീവും റഷ്യയും തമ്മിലുള്ള യുദ്ധത്തില്‍ കീവിനെ ശക്തമായി പിന്തുണയ്ക്കുന്ന നേതാവ് കൂടിയാണ് മെലോണി. സുരക്ഷയ്ക്കാണ് യൂറോപ്പ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഇതിന് യുക്രെയ്‌ന്‍ നല്‍കുന്ന പിന്തുണയെ അവര്‍ വാഴ്‌ത്തുന്നു. അതേസമയം ട്രംപിന്‍റെ നടപടികളെക്കുറിച്ച് അവര്‍ പ്രതികരിക്കുന്നുമില്ല. യുക്രെയ്‌നില്‍ അഭിമാനികളായ മനുഷ്യര്‍ മൃഗീയ അധിനിവേശത്തിനെതിരെ പോരാടുകയാണെന്ന് അവര്‍ പറഞ്ഞു. എല്ലാവരുടെയും സംഭാവനകള്‍ ഉണ്ടെങ്കില്‍ മാത്രമേ സമാധാനം പുനസ്ഥാപിക്കാനാകൂ. ഇതിനെല്ലാം ഉപരി കരുത്തുറ്റ നേതൃത്വവും ആവശ്യമാണെന്ന് അവര്‍ കൂട്ടിച്ചേർത്തു.
Also Read: 'മോദിയും ട്രംപും മികച്ച ബന്ധം പുലര്‍ത്തുന്നവര്‍', യുഎസ് സന്ദര്‍ശനത്തെ വാനോളം പുകഴ്‌ത്തി എസ് ജയശങ്കർ