തൃശൂർ: വയനാട് ദുരന്തത്തിനിരയായ മുഴുവൻ ആളുകളെയും ചേർത്ത് നിർത്തിയുള്ള പദ്ധതികളാണ് സർക്കാർ ആലോചിക്കുന്നതെന്ന് മന്ത്രി കെ രാജൻ. മുഴുവൻ ആളുകളെയും ചേർത്ത് നിർത്താനും അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്‌ത് നൽകാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ദുരന്ത ബാധിതരെ തെറ്റിധരിപ്പിക്കാനുള്ള ശ്രമങ്ങൾ വിലപ്പോകില്ലെന്നും കെ രാജൻ പ്രതികരിച്ചു.
പദ്ധതികളിൽ യാതൊരു കാലതാമസവും ഉണ്ടായിട്ടില്ല. പരാതികളുണ്ടെങ്കിൽ ബന്ധപ്പെടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. അഞ്ച് സെൻ്റിൽ കൂടുതൽ ഭൂമി ദുരന്തബാധിതർക്ക് നൽകാനാകുമോ എന്ന കാര്യം പരിശോധിച്ചു വരികയാണ്. ഇതിൽ ആളുകളുടെ എണ്ണം കൂടി പരിഗണിച്ചാകും തീരുമാനമെടുക്കുന്നത്. സർക്കാർ അഞ്ച് സെൻ്റ്എന്ന വാദം കടുപ്പിക്കുന്നില്ല. കൂടുതൽ ഭൂമി അനുവദിക്കാനുള്ള സാഹചര്യമുണ്ടെങ്കിൽ അത് നടത്തികൊടുക്കാൻ സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പദ്ധതി നടത്തിപ്പിനെ സംബന്ധിച്ച് ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ സുതാര്യമായി അന്വേഷിച്ച് വേണ്ട നടപടിയെടുക്കും. മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്ന ഒരു ദുരന്ത ബാധിതനും ലിസ്റ്റിൽ നിന്നും പുറത്താകില്ലെന്നും മന്ത്രി പറഞ്ഞു.
ദുരന്തബാധിതർക്ക് എന്തു പ്രശ്‌നമുണ്ടെങ്കിലും നേരിട്ട് സർക്കാരിനോട് സംസാരിക്കാമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. സമരം ചെയ്യാനുള്ള അവകാശം ജനാധിപത്യപരമാണ്. വിഷയത്തിൽ കൃത്യമായ നിലപാട് സർക്കാരിനുണ്ട്. ഭൂമിയുടെ ലഭ്യത അനുസരിച്ചാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. പരമാവധി ഭൂമി കൊടുക്കണമെന്നാണ് സർക്കാരിൻ്റെ നിർദേശം. അനാവശ്യ വിവാദങ്ങളിലേക്ക് പോകരുതെന്നും മന്ത്രി കെ രാജൻ പറഞ്ഞു.