കണ്ണൂര്‍: "അയല മൂന്ന്... മാന്ത രണ്ട്.... അയില നാലെടുത്തോ..." കിച്ചണിലേക്ക് നോക്കാതെ തന്നെ സപ്ലൈയര്‍ വിളിച്ചു പറയുകയാണ്. ഇത് ഇവിടെ തിരക്കേറിയ നേരമാണ്. നില്‍ക്കാനും സംസാരിക്കാനുമൊന്നും നേരമില്ലാത്ത തിരക്കിലാണ് ഹോട്ടലിലുള്ളവരെല്ലാം. അടുക്കളയിലെ കല്ലില്‍ അങ്ങിനെ മൊരിഞ്ഞു വരികയാണ് അയലയും അയക്കൂറയും നെത്തലുമെല്ലാം. ഇനി നേരമേറെ എടുക്കാതെ ഇവയൊക്കെ വാഴയിലയില്‍ പൊതിഞ്ഞ് ഊണ്‍ മേശകളിലേക്കെത്തും.
കണ്ണൂര്‍ മാനന്തവാടി റോഡില്‍ കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലെ ശ്രീനാരായണ ഹോട്ടലില്‍ നിന്നുള്ള കാഴ്‌ചകള്‍ എന്നും ഇങ്ങിനെയാണ്.അയക്കൂറ, അയല, കിളി മീന്‍, ചെമ്പല്ലി. തളയന്‍, ദണ്ട, ചൂര, കരിമീന്‍, സ്രാവ്, തിലോപ്പിയ, മാന്ത, തിരണ്ടി, കോയല, പൂമീന്‍, നെയ്‌മീന്‍, അവോലി, നെത്തല്‍, അമൂര്‍, ചെമ്മീന്‍, എളമ്പക്ക, കല്ലുമ്മക്കായ, ഞണ്ട് കറി, മീന്‍ തല, കൂന്തല്‍ മസാല.. പതിനേഴ് തരം മീന്‍ വിഭവങ്ങള്‍. അതില്‍ വറുത്തതുണ്ട് വറ്റിച്ചതുണ്ട്. കറിയുണ്ട്.
മീന്‍ കറിയുടേയും മീന്‍ വിഭവങ്ങളുടേയും പേരിലാണ് ഈ ഹോട്ടല്‍ പ്രശസ്‌തി നേടിയത്. മത്സ്യങ്ങള്‍ വറുത്തും മുളകിട്ടും വറ്റിച്ചും തീന്‍മേശയിലെത്തുമ്പോള്‍ അറിയാതെ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങിപ്പോകുന്ന രുചിയാണ് ഓരോ ഐറ്റത്തിനും. മീന്‍ വിഭവങ്ങള്‍ പോരെങ്കില്‍ മട്ടന്‍ ചാപ്‌സ്, മട്ടന്‍ ലിവര്‍, മട്ടന്‍ തല, ചിക്കന്‍ കറി, ചിക്കന്‍ പാര്‍ട്‌സ്, എന്നിവയുമുണ്ട്. പായസം വേണ്ടവര്‍ക്ക് പ്രഥമനും ലഭിക്കും.
അമ്പത് രൂപക്ക് നല്‍കുന്ന സാധാരണ ഊണിനൊപ്പം മീന്‍ കറി, കൂട്ടുകറി, സാമ്പാര്‍, പച്ചടി, ഓലന്‍, കാളന്‍ എന്നിവയുമുണ്ടാകും. ഒപ്പം പ്രഥമനും കഴിക്കാം. മത്സ്യം മുളകിട്ടതും പൊരിച്ചതും കക്ക വറുത്തതും സ്‌പെഷ്യലായി ലഭിക്കും. എന്നാല്‍ ഇതെല്ലാം മിതമായ വിലക്ക് ലഭിക്കുമെന്നതാണ് ഇവിടുത്തെ പ്രത്യേകത.
കൂത്തുപറമ്പിലെത്തിയാല്‍ നല്ല ഭക്ഷണം അന്വേഷിക്കുന്നവര്‍ക്ക് മറുപടിയായി ലഭിക്കുന്നത് ശ്രീനാരായണ ഹോട്ടലിന്‍റെ പേരാണ്. കണ്ണൂര്‍ ഊണിന്‍റെ യഥാര്‍ഥ രുചി തേടിയെത്തുന്നവര്‍ ഒട്ടേറെയാണ്. രാവിലെ പതിനൊന്നരയോടെ തന്നെ തൊക്കിലങ്ങാടിയിലെ ശ്രീനാരായണ ഹോട്ടലില്‍ ഊണു കഴിക്കാന്‍ ആളുകളെത്തി തുടങ്ങും. കുടുംബമായും കൂട്ടായും വാഹനങ്ങളിലെത്തുന്നവര്‍ നിരവധി. വാഴയിലയിട്ട് ഉച്ചയൂണ്‍ വിശദമായി കഴിച്ച് ഇവിടെയെത്തുന്നവര്‍ സംതൃപ്‌തിയോടെ മടങ്ങുന്നു.