പത്തനംതിട്ട:തിരുവല്ലയിലെ വിവാദ സിപിഎം നേതാവ് സിസി സജിമോനെ പാർട്ടിയിൽ തിരിച്ചെടുത്തത് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ഇടപെട്ടെന്ന് ആരോപണം. സജിമോൻ പ്രതിയായ പീഡനക്കേസിലെ അതിജീവിതയുടെ സഹോദരനാണ് ആരോപണവുമായി രംഗത്തു വന്നത്.
തിരുവല്ലയിലെ ഒരു പുരോഹിതൻ വഴി ഇപി ഇടപെട്ടാണ് സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്താക്കിയ സജിമോനെ ലോക്കൽ കമ്മിറ്റിയിൽ തിരിച്ചെത്തിച്ചതെന്ന് പാർട്ടി പ്രവർത്തകൻ കൂടിയായ സഹോദരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സജിമോനും ഏരിയ സെക്രട്ടറിയും ചേർന്ന് തിരുവല്ലയിലെ ഒരു പുരോഹിതൻ വഴി മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജനെക്കൊണ്ട് പാർട്ടി നടപടി റദ്ദാക്കിച്ചെന്നാണ് ആരോപണം.
തുടർച്ചയായി ക്രിമിനൽ കേസുകളിലും വിവാദങ്ങളിലും ഉൾപ്പെട്ട് പാർട്ടിക്ക് നാണക്കേടായപ്പോഴാണ് സജിമോനെ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ചർച്ച ചെയ്‌ത് പുറത്താക്കിയത്. എന്നാൽ തിരുവല്ലയിലെ ഔദ്യോഗിക വിഭാഗത്തിന്‍റെ പിന്തുണയിൽ കൺട്രോൾ കമ്മീഷൻ വഴി നടപടി റദ്ദാക്കിച്ചാണ് ലോക്കൽ കമ്മിറ്റിയിൽ തിരിച്ചെടുത്തെന്നാണ് സഹോദരന്‍റെ ആരോപണം.
എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് മുൻപാകെ ഒരു പരാതിയും തനിക്ക് ഇല്ലെന്ന് അതിജീവിത തന്നെ പറഞ്ഞതായി ഔദ്യോഗിക വിഭാഗം വ്യക്തമാക്കുന്നു. സജിമോനെതിരെ ഒരു പരാതിയും താന്‍ ആര്‍ക്കും നല്‍കിയിട്ടില്ലെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെ നേരില്‍ കണ്ട് വിവരം ധരിപ്പിച്ചിരുന്നുവെന്നും ഇനിയും തന്നെ ഈ കേസിലേക്ക് വലിച്ചിഴച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി അതിജീവത രംഗത്തു വന്നിരുന്നു.
ഇതിനിടെ പീഡനക്കേസ് പ്രതിയെ തിരിച്ചെടുത്ത സംഭവത്തില്‍ തർക്കവും വിവാദവും അന്വേഷിക്കാൻ സിപിഎം മൂന്നംഗ കമ്മീഷനെ നിയോഗിച്ചു. സംസ്ഥാന നേതൃത്വത്തിൻ്റെ നിർദേശപ്രകാരമാണ് മൂന്നംഗ കമ്മീഷനെ നിയോഗിച്ചത്. സജിമോനെ പാർട്ടിയില്‍ തിരിച്ചെടുത്തതും തുടർന്നുള്ള തർക്കവും കമ്മീഷൻ അന്വേഷിക്കും. തിരുവല്ലയിലെ ഒരു പുരോഹിതൻ വഴി ഇപി ജയരാജൻ ഇടപെട്ട് പുറത്താക്കല്‍ നടപടി റദ്ദാക്കിയെന്ന് ആരോപണം ഉയർന്നതിന് പിന്നാലെയാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.
Also Read:ചൂണ്ടയിടാനെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 8 വയസുകാരനെ പീഡിപ്പിച്ചു; 27കാരന് 55 വർഷം കഠിനതടവ്