എറണാകുളം:റംസാൻ-വിഷു ചന്തകൾ അനുവദിക്കാൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. ഇത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്നും, റംസാൻ വിഷു ചന്ത വോട്ടർമാരെ സ്വാധീനിച്ചേക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്‌തമാക്കി.
ചന്തകൾ ആരംഭിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ അനുമതി നിഷേധിച്ചിരുന്നു.ഇതിനെതിരെ കൺസ്യൂമർഫെഡ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 250 ഓളം ചന്തകൾ തുടങ്ങാനാണ് കൺസ്യൂമർഫെഡ് തീരുമാനിച്ചിരുന്നത്. റംസാൻ വിഷു ചന്ത തുടങ്ങാൻ അനുമതി നിഷേധിച്ചതിനെതിരെ കൺസ്യൂമർ ഫെഡ് നൽകിയ ഹർജിയിലാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം. മാതൃകാ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമാണ് കൺസ്യൂമർ ഫെഡിന്‍റെ ആവശ്യമെന്നും കമ്മീഷൻ അറിയിച്ചു.
ജനങ്ങളെ സ്വാധീനിക്കാനുള്ള ഭരിക്കുന്ന പാർട്ടിയുടെ ഒരു നടപടിയും അംഗീകരിക്കാൻ കഴിയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ ബെഞ്ച് വ്യാഴാഴ്‌ച (11-04-2024) വീണ്ടും പരിഗണിക്കും.