കാസർകോട് : പെരിയ കേസ് പ്രതിയുടെ മകന്‍റെ വിവാഹത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ക്ക് പിന്നാലെ കെപിസിസി സെക്രട്ടറി ബാലകൃഷ്‌ണന്‍ പെരിയയ്‌ക്ക് മറുപടിയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. ബാലകൃഷ്‌ണന്‍ പെരിയ തനിക്കെതിരെ ആരോപിച്ച ഏതെങ്കിലും കാര്യങ്ങള്‍ ശരിയാണെന്ന് തെളിയിച്ചാല്‍ താന്‍ കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വം രാജിവയ്‌ക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല തെരഞ്ഞെടുപ്പ് ഫലം വന്ന് താന്‍ എംപിയായാല്‍ അതും രാജിവയ്‌ക്കും. കാസര്‍കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് എംപിയുടെ പ്രതികരണം.
56 വര്‍ഷത്തെ രാഷ്‌ട്രീയ പ്രവര്‍ത്തന പാരമ്പര്യമുള്ള കോണ്‍ഗ്രസിലെ ഏറ്റവും സീനിയറായ തന്നെ കുറിച്ച് കെപിസിസി സെക്രട്ടറി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറഞ്ഞ കാര്യങ്ങള്‍ വളരെ ഗുരുതരമാണ്. അയാളുടെ ആരോപണത്തില്‍ ഏതെങ്കിലും ഒന്ന് തെളിയിച്ചാല്‍ പിന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ രാജ് മോഹന്‍ ഉണ്ണിത്താന് തുടരാന്‍ അര്‍ഹതയില്ല. തെലങ്കാനയിൽ നിൽക്കുമ്പോൾ കല്യോട്ടെ രക്തസാക്ഷികളുടെ കുടുംബം എന്നെ വിളിച്ചു. വികാരപരമായാണ് സംസാരിച്ചത്. കോൺഗ്രസ് നേതാക്കൾ പ്രതികളുമായി ചങ്ങാത്തം കൂടിയെന്ന് പറഞ്ഞു.
താൻ ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റ് പിൻവലിക്കില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. സ്വബോധത്തോടെയാണ് പോസ്റ്റിട്ടത്. കാസർകോട്ടെ കോൺഗ്രസുകാരുടെ വികാരമാണ് അതിലൂടെ പ്രകടിപ്പിച്ചത്. ഡിസിസി ഉൾപ്പെടെയുള്ളവർ തനിക്കൊപ്പമാണെന്നും ഉണ്ണിത്താൻ പറഞ്ഞു. രക്തസാക്ഷികളുടെ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത തനിക്കുണ്ട്. മരിക്കും വരെ ഫേസ്‌ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യില്ല. അന്വേഷണ കമ്മിഷനെ നിയമിച്ച സ്ഥിതിക്ക് കൂടുതൽ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.