എറണാകുളം: കാക്കനാട് കസ്റ്റംസ് ക്വാട്ടേഴ്‌സില്‍ ജിഎസ്‌ടി അഡി.കമ്മിഷണറെയും അമ്മയെയും സഹോദരിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് നിർണായകമെന്ന് പൊലീസ്. കളമശ്ശേരി മെഡിക്കൽ കോളജിൽ മൂവരുടെയും പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങി. ഡോക്‌ടർമാർ നൽകുന്ന പ്രാഥമിക വിവരങ്ങളില്‍ നിന്ന് തന്നെ കൂട്ടമരണത്തിന്‍റെ ചുരളഴിക്കാൻ കഴിയുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ സംഭവത്തിൽ വ്യക്തത വരികയുള്ളൂവെന്ന് തൃക്കാക്കര എസിപി ബേബി ഇടിവി ഭാരതിനോട് പറഞ്ഞു. അമ്മയുടെ മരണവും സിബിഐ അന്വേഷണവും മനീഷ് വിജയിയും സഹോദരിയും ജീവനൊടുക്കുന്നതിൽ കലാശിച്ചോയെന്ന സാധ്യതയാണ് പൊലീസ് പരിശോധിക്കുന്നത്. അമ്മ ശകുന്തള അഗർവാളിന്‍റെ മരണം സ്വാഭാവികമാണെങ്കിൽ അത്തരമൊരു സാധ്യതയേറെയാണ്.
ഫെബ്രുവരി 14ന് മക്കൾ പൂക്കൾ വാങ്ങിയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അമ്മയെ തുണിയിൽ പുതച്ച് പൂക്കൾ വിതറിയ ശേഷമാണ് അമ്മയെ ഏറെ സ്നേഹിച്ചിരുന്ന ഇരുവരും മരിച്ചത്. അമ്മയുടെ മരണം അസ്വാഭാവികമാണെങ്കിൽ കൊലപാതകവും ഇതേ തുടർന്ന് മനീഷും സഹോദരിയും ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും പൊലീസ് തള്ളി കളയുന്നില്ല. ഈ മാസം പതിനാലിനോ , പതിനഞ്ചിനോ മരണം സംഭവിച്ചിരിക്കാനിടയുണ്ടെങ്കിലും പുറംലോകം അറിയാതിരുന്നത് ഇവർ പുറത്തുള്ളവരുമായി ബന്ധം പുലർത്താത്ത കാരണത്താലാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2006ൽ നടന്ന ജാർഖണ്ഡ് പബ്ലിക് സർവിസ് കമ്മിഷൻ പരീക്ഷയിൽ ഒന്നാം റാങ്കുകാരിയായിരുന്ന മനീഷിന്‍റെ സഹോദരി ശാലിനി രണ്ട് വർഷം ഡെപ്യൂട്ടി കലക്‌ടറായി ജോലി നോക്കിയിരുന്നു. പിന്നീട് പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്ന പരാതിയിൽ ശാലിനി ഉൾപ്പെടെയുള്ള നിരവധി പേര്‍ക്ക് ജോലി നഷ്‌ടപ്പെട്ടിരുന്നു. ഇതിന്‍റെ തുടർച്ചയായി ഈ കേസ് സിബിഐ ഏറ്റെടുക്കുകയും കഴിഞ്ഞ പതിനഞ്ചാം തീയതി ഹാജരാകാൻ ശാലിനിക്ക് നോട്ടിസ് നൽകുകയും ചെയ്‌തിരുന്നു. എന്നാൽ ശാലിന് ചോദ്യം ചെയ്യലിന് ഹാജരാകാതെ കേരളത്തിൽ തുടരുകയായിരുന്നു. ഈയൊരു സമ്മർദ്ദവും മരണവും തമ്മിൽ ബന്ധമുണ്ടാകാനുള്ള സാധ്യത ഏറെയാണ്.
മനീഷ് എഴുതിയതെന്ന് കരുതുന്ന കുറിപ്പിൽ തങ്ങളുടെ രേഖകൾ എല്ലാം വിദേശത്തുള്ള സഹോദരിക്ക് കൈമാറണമെന്നാണുള്ളതെന്നാണ് ലഭിക്കുന്ന സൂചന.