കേരളം

kerala

ETV Bharat / state

ഇന്നും നാളെയും ചൂട് കൂടും; ഒപ്പം മഴ മുന്നറിയിപ്പും; ഇന്നത്തെ കാലാവസ്ഥ ഇങ്ങനെ.. - KERALA WEATHER UPDATE

സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാനുള്ള സാധ്യത. അഞ്ച് ജില്ലകളിൽ മഴ മുന്നറിയിപ്പ്..

SABARIMALA RAIN  KERALA CLIMATE  KERALA WEATHER FORCAST  KERALA RAIN ALERT
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jan 12, 2025, 7:06 AM IST

തിരുവനന്തപുരം:കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാനുള്ള സാധ്യതയുണ്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം ഇന്ന് അഞ്ച് ജില്ലകളിൽ മഴ മുന്നറിയിപ്പുമുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് നേരിയ തോതിൽ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഇവിടങ്ങളിൽ പ്രത്യേക മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. മറ്റ് ജില്ലകളിൽ ഇന്ന് മഴയുണ്ടാകില്ലെന്നാണ് പ്രവചനം. അതേസമയം നാളെയും മറ്റന്നാളും (തിങ്കൾ , ചൊവ്വ) എല്ലാ ജില്ലകളിലും നേരീയ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.

ശബരിമലയിലെ കാലാവസ്ഥ

ശബരിമല സന്നിധാനത്ത് ഇന്ന് ആകാശം ഭാഗീകമായി മേഘാവൃതമായിരിക്കും എന്നാണ് കാലാവസ്ഥാ പ്രവചനം. പമ്പയിലും സമാന സാഹചര്യമായിരിക്കും. അതേസമയം നിലയ്ക്കലിൽ ആകാശം പൊതുവെ മേഘാവൃതമായിരിക്കും. ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ (മണിക്കൂറിൽ 2 സെ.മീ വരെ) ആയ മഴക്കോ ഇടിമിന്നലോടുകൂടിയ മഴ‌ക്കോ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പിൽ പറയുന്നു.

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (12/01/2025) മത്സ്യബന്ധനത്തിന് തടസമില്ല. അതേസമയം തെക്കൻ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം അതിനോട്‌ ചേർന്ന ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.

ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ പാലിക്കേണ്ട ജാഗ്രതാ നിർദേശങ്ങൾ:

  • രാവിലെ 11 മണി മുതല്‍ വൈകിട്ട് 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
  • പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
  • നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
  • അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
  • പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
  • പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
  • മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യ ശേഖരണ - നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടിത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
  • ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. ഇക്കാര്യത്തില്‍ വനം വകുപ്പിന്‍റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
  • വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. ക്ലാസ്റിമുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണം. പരീക്ഷാ കാലമായാൽ പരീക്ഷാ ഹാളുകളിലും ജല ലഭ്യത ഉറപ്പാക്കണം.
  • വിദ്യാർഥികളുടെ കാര്യത്തിൽ സ്‌കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തണം. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയ ക്രമീകരണം ഏര്‍പ്പെടുത്തുകയോ ചെയ്യണം. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് 3 മണി വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
  • അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
  • കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
  • ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (രാവിലെ 11 മണി മുതല്‍ വൈകിട്ട് 3 മണി വരെ) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്ക് ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്ര ധാരണം നടത്താൻ നിർദേശം നൽകുക. ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്‍പ സമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യുക.
  • മാധ്യമപ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും രാവിലെ 11 മണി മുതല്‍ വൈകിട്ട് 3 മണി വരെയുള്ള സമയത്ത് കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.
  • പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.
  • യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.
  • നിർമാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ തുടങ്ങിയവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
  • ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റ് വളർത്തു മൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കണം.
  • കുട്ടികളെയോ വളർത്തു മൃഗങ്ങളെയോ പാർക്ക് ചെയ്‌ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
  • ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
  • അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
  • കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

Also Read:കാലാവസ്ഥ പ്രവചനം വെറും തമാശയായി കാണരുത് കേട്ടോ; ഇതിന് പിന്നില്‍ എന്താണെന്ന് അറിയാം

ABOUT THE AUTHOR

...view details