പത്തനംതിട്ട: മകരവിളക്കിനു ശബരിമലയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷ യാത്ര ഇന്ന് പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിൽനിന്നു പുറപ്പെടും. ഉച്ചയ്ക്ക് ഒന്നിന് ആരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്ര പരമ്പരാഗത പാതയിലൂടെ സഞ്ചരിച്ച് 14 ന് സന്ധ്യയോടെ സന്നിധാനത്തെത്തിച്ചേരും. തുടർന്ന് തിരുവാഭരണങ്ങൾ ചാർത്തി ദീപാരാധന നടക്കും. ആ സമയം ആകാശത്ത് മകര നക്ഷത്രവും പൊന്നമ്പലമേട്ടിൽ മകരവിളക്കും തെളിയും.
ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിൽ, സ്രാമ്പിക്കൽ കൊട്ടാരത്തിൽ നിന്ന് തിരുവാഭരണങ്ങൾ ക്ഷേത്രത്തിലെത്തിക്കും. ശ്രീകോവിലിനു മുമ്പിൽ പേടകം തുറന്നു വയ്ക്കുന്നതിനാൽ ഉച്ചയ്ക്ക് 12 മണി വരെ തിരുവാഭരണ ദർശനം നടത്താം. തുടർന്ന് ഉച്ചപൂജയ്ക്കായി നട അടയ്ക്കും. പിന്നീട് ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടക്കും.
ശ്രീകോവിലിനു മുന്നിൽ വച്ച് പൂജിച്ച ഉടവാൾ വലിയ തമ്പുരാൻ രാജ പ്രതിനിധിയ്ക്കു കൈമാറും. തിരുവാഭരണ പേടകം അടച്ചു മേൽശാന്തി നീരാജനം ഉഴിയും. തുടർന്നു രാജപ്രതിനിധി തൃക്കേട്ട നാൾ രാജരാജവർമ ശ്രീകോവിലിനു പുറത്തെത്തി പല്ലക്കിലേറി യാത്രയ്ക്കു തുടക്കം കുറിയ്ക്കും. മരുതമന ശിവൻകുട്ടി പൂജാപാത്രങ്ങളടങ്ങുന്ന പെട്ടിയും കിഴക്കേത്തോട്ടത്തിൽ പ്രതാപചന്ദ്രൻ നായർ കൊടിപ്പെട്ടിയും ശിരസ്സിലേറ്റി ഗുരുസ്വാമിയെ അനുഗമിക്കും.
കുളനട, ഉള്ളന്നൂർ, ആറന്മുള വഴി അയിരൂർ പുതിയകാവ് ക്ഷേത്രത്തിലും രണ്ടാം ദിനം പെരുനാട് വഴി ളാഹ വനം വകുപ്പു സത്രത്തിലും സംഘം വിശ്രമിക്കും. മൂന്നാം ദിവസം കാനനപാതയിലൂടെ തുടരുന്ന ഘോഷയാത്ര നിലയ്ക്കൽ, പ്ലാപ്പള്ളി വഴി അട്ടത്തോട്ടിലെത്തും. ഇവിടെനിന്ന് ഘോഷയാത്ര വലിയാനവട്ടവും ചെറിയാനവട്ടവും കടന്നാണു വൈകിട്ടോടെ ശബരിമലയിലെത്തുക.
മരക്കൂട്ടത്തു നിന്നു ഘോഷയാത്രയെ ദേവസ്വം ബോർഡിൻ്റെയും അയ്യപ്പസേവാസംഘത്തിൻ്റെയും നേതൃത്വത്തിൽ സന്നിധാനത്തേക്കു സ്വീകരിക്കും. ഘോഷയാത്ര നയിച്ചെത്തുന്ന രാജപ്രതിനിധി പമ്പയിൽ രാജമണ്ഡപത്തിലെത്തി ഭക്‌തർക്കു ഭസ്‌മം നല്കി അനുഗ്രഹിക്കും. മൂന്നാം ദിവസമാണു രാജപ്രതിനിധി മലകയറുക. സന്നിധാനത്തു കളഭവും മാളികപ്പുറത്തു ഗുരുതിയും കഴിഞ്ഞു ശബരിമല നടയടച്ചതിനു ശേഷം രാജപ്രതിനിധി തിരുവാഭരണങ്ങളുമായി പന്തളത്തേക്കു മടങ്ങും.
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സന്നിധാനത്ത്
ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ശബരിമലയിൽ ദർശനം നടത്തി. ശനിയാഴ്‌ച വൈകീട്ടാണ് അദ്ദേഹം കുടുംബാംഗങ്ങൾക്കൊപ്പം സന്നിധാനത്ത് എത്തിയത്. ദീപാരാധനസമയത്ത് പതിനെട്ടാംപടി കയറി മറ്റുഭക്തർക്കൊപ്പം വരിയിൽനിന്നാണ് അദ്ദേഹം ദർശനം നടത്തിയത്. ജീവനക്കാർ ദേവൻ രാമചന്ദ്രനെ മുന്നിൽനിന്ന് തൊഴാൻ ക്ഷണിച്ചെങ്കിലും മറ്റ് തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ അദ്ദേഹം വേഗം ദർശനം പൂർത്തിയാക്കി മടങ്ങുകയായിരുന്നു.
ഡിജിപി ശബരിമലയിൽ
സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദർവേശ് സാഹിബ് ശബരിമല സന്നിധാനത്തിൽ എത്തി മകരവിളക്കിനു മുന്നോടിയായുള്ള പൊലീസിന്‍റെ ഒരുക്കങ്ങൾ വിലയിരുത്തി. സുഗമമായി നടത്തിപ്പിനായി 5000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുള്ളതായി അദ്ദേഹം അറിയിച്ചു. ഇതിൽ 1800 ഓളം പേർ സന്നിധാനത്തും 800 പേർ പമ്പയിലും 700 പേർ നിലക്കലും 1050 ഓളം പേർ ഇടുക്കിയിലും 650 പേർ കോട്ടയത്തുമായാണ് വിന്യസിച്ചിട്ടുള്ളത്.
ഇതിനുപുറമേ, എൻ.ഡി.ആർ.എഫ്, ആർ.എ.എഫ് സേനകളുടെ സുരക്ഷയും ഉണ്ട്. മകരജ്യോതി കാണാനും അതിനുശേഷം സുഗമമായി മലയിറങ്ങാനും ഉള്ള സൗകരങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
തിരുവാഭരണ ഘോഷയാത്ര നടത്താൻ സ്‌പെഷൽ സ്‌കീം നിശ്ചയിച്ചാണ് പൊലീസ് പ്രവർത്തിക്കുന്നത്. ഒരു എസ്.പി, 12 ഡിവൈ.എസ്.പി, 31 സർക്കിൾ ഇൻസ്‌പെക്‌ടർ അടക്കമുള്ള 1440 ഓളം പൊലീസ് ഉദ്യോഗസ്ഥരുണ്ട്. പൊലീസ്, ഫയർ ആൻറ് റസ്‌ക്യൂ, എൻ.ഡി.ആർ.എഫ് തുടങ്ങിയ സേനകൾ ജ്യോതി കാണാൻ ആൾക്കാർ കയറുന്ന പ്രധാനപ്പെട്ട എല്ലാസ്ഥലത്തും സുരക്ഷ പരിശോധിച്ചിട്ടുണ്ട്. എല്ലാ വകുപ്പുകളുമായും ഒരു കോ-ഓർഡിനേഷൻ മീറ്റിംഗ് ഞായറാഴ്‌ച നടക്കും.
സന്നിധാനത്ത് ചീഫ് പൊലീസ് കോ-ഓർഡിനേറ്റർ എ.ഡി.ജി.പി എസ്. ശ്രീജിത്ത്, പമ്പയിൽ, സൗത്ത് സോൺ ഐ.ജി ശ്യംസുന്ദർ, നിലക്കലിൽ ഡി.ഐ.ജി അജിതാ ബീഗം, എരുമേലി-ഇടുക്കി ഭാഗത്തിന്‍റെ ചുമതല എറണാകുളം ഡി.ഐ.ജി സതീഷ് ബിനു എന്നിവർ ക്രമീകരണങ്ങൾ മേൽനോട്ടം വഹിച്ച് ക്യാമ്പ് ചെയ്യും.
മകരവിളക്കിനുശേഷം ഭക്തർക്ക് പോകാനുള്ള എക്‌സിറ്റ് പ്ലാനും തയാറാക്കിയിട്ടുണ്ട്. തിരക്ക് വന്നാൽ എക്‌സിറ്റ് പ്ലാൻ ഉപയോഗപ്പെടുത്തി സുഗമായി ഭക്തജനങ്ങൾക്ക് മലയിറങ്ങാനുള്ള ക്രമീകരണങ്ങളാണ് പൊലീസ് തയാറാക്കിയിട്ടുള്ളതെന്നും സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു.