കേരളം

kerala

ETV Bharat / state

'മുഖ്യമന്ത്രി ചതിച്ചു, സിപിഎമ്മിൽ അടിമത്തം' ഇടത് ബന്ധം അവസാനിപ്പിച്ച് അൻവർ; രാജിയില്ല - PV ANVAR PRESS MEET

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് അൻവറിന്‍റെ വാർത്താസമ്മേളനം. സ്വർണക്കടത്തിൽ പുതിയ വെളിപ്പെടുത്തലുകൾ. പാർട്ടിക്കെതിരെയും രൂക്ഷവിമർശനം. രാജിയോ പാർട്ടിമാറ്റമോ ഇല്ല.

PV ANVAR PRESS MEET  PV ANVAR AGAINST CM PINARAYI  PV ANVAR ALLEGATIONS AGAINST P SASI  PV ANVAR CPM ADGP CONTROVERSY
P V ANVAR- FILE PHOTO (ETV Bharat)

By ETV Bharat Kerala Team

Published : Sep 26, 2024, 5:18 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും പാർട്ടിക്കുമെതിരെ വിമർശന ശരങ്ങളെറിഞ്ഞ് പി വി അൻവറിന്‍റെ വാർത്താസമ്മേളനം. മുഖ്യമന്ത്രി തന്നെ ചതിച്ചെന്ന് പി വി അൻവർ പറഞ്ഞു. മുഖ്യമന്ത്രി എങ്ങിനെയൊക്കെ എന്നെ ചതിച്ചുവെന്ന് പാര്‍ട്ടിക്കാര്‍ അറിയണം. ഞാന്‍ ഉള്ളുതുറന്നാണ് മുഖ്യമന്ത്രിയോട് സംസാരിച്ചത്. പിതാവിന്‍റെ സ്ഥാനത്താണ് മുഖ്യമന്ത്രിയെ കണ്ടത്. എന്നാൽ തന്നെ കള്ളക്കടത്തുകാരനാക്കിയും കുറ്റവാളിയാക്കിയും ചിത്രീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. പാർട്ടി തിരുത്തും എന്ന് പ്രതീക്ഷിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നും അൻവർ പറഞ്ഞു.

പി വി അൻവർ മാധ്യമങ്ങളോട് (ETV Bharat)

മുഖ്യമന്ത്രിക്കെതിരെ ഉയർത്തിയ വിമർശനങ്ങൾ

സ്വർണക്കടത്ത് നടക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന അതീവ ഗുരുതര ആരോപണമാണ് അൻവർ ഉയർത്തിയിരിക്കുന്നത്. ആഭ്യന്തര വകുപ്പിൽ ഒരു നിമിഷം പോലും തുടരാൻ മുഖ്യമന്ത്രിക്ക് അർഹത ഇല്ല. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം. പിണറായി എന്ന സൂര്യന്‍ കെട്ടു പോയി. ഗ്രാഫ് 100 ല്‍ നിന്ന് പൂജ്യത്തിലെത്തി. ഈ രീതിയിലാണ് പോക്കെങ്കില്‍ കേരളത്തിലെ അവസാനത്തെ കമ്യൂണിസ്‌റ്റ് മുഖ്യമന്ത്രിയാവും പിണറായി വിജയന്‍ എന്നും പി വി അൻവർ പറഞ്ഞു.

'8 വര്‍ഷം കൊണ്ട് മുഖ്യമന്ത്രി പൊതു പ്രവര്‍ത്തകരെ അകറ്റി. കേരളത്തില്‍ ഉദ്യോഗസ്ഥ പ്രമാണിത്തമുണ്ട്. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വായിച്ചത് അജിത് കുമാർ എഴുതിക്കൊടുത്ത കാര്യങ്ങളാണ്. വാസ്‌തവം അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. മുഖ്യമന്ത്രിയെ അങ്കിള്‍ എന്നാണ് അജിത്കുമാര്‍ വിളിക്കുന്നത്. പൂരം കലക്കി തൃശൂരില്‍ ബിജെപിക്ക് സീറ്റുണ്ടാക്കിക്കൊടുത്തത് അജിത്കുമാറാണ്. ബിജെപിയെ കുറ്റപ്പെടുത്താന്‍ പറ്റില്ല. അവര്‍ നല്ല തെരഞ്ഞെടുപ്പ് രാഷ്ട്രീയമാണ് കളിച്ചത്. ബിജെപിയെ സഹായിക്കുന്നതു കൊണ്ട് നേട്ടമുണ്ടാകുന്നവരാണ് എഡിജിപിയെ വിട്ട് പലതും നടത്തിയത്. എന്നെ വഞ്ചിച്ചുവെന്ന് മനസ്സിലായതുകൊണ്ടാണ് മുഖ്യമന്ത്രിക്കെതിരെ പ്രതികരിക്കുന്നത്. ഒരു റിയാസ് മതിയോ പാര്‍ട്ടിയില്‍' എന്നും അന്‍വർ ചോദിച്ചു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പാർട്ടിക്കെതിരെയുള്ള വിമർശനങ്ങൾ

പാർട്ടി നേതൃത്വത്തിനെതിരെയും അൻവർ രൂക്ഷ വിമർശനം ഉന്നയിച്ചു. 'സിപിഎമ്മില്‍ അടിമത്തവും ജനാധിപത്യ നിഷേധവുമാണ് നടക്കുന്നത്. സി പിഎം നേതാക്കള്‍ക്ക് മിണ്ടാന്‍ പറ്റാത്ത നിലയാണ്. കേരളത്തില്‍ എല്ലാ രാഷ്ട്രീയ നേതാക്കളും ഒറ്റക്കെട്ടാണ്. നേതാക്കള്‍ക്ക് എന്ത് അഴിമതിയും നടത്താം. രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിഢികളാകുകയാണ്. ആരെങ്കിലും പ്രതികരിക്കാന്‍ മുതിര്‍ന്നാല്‍ അടിച്ചമര്‍ത്താന്‍ ഇവര്‍ക്ക് സന്നാഹമുണ്ട്. കേരളത്തില്‍ നീതി നിഷേധിക്കപ്പെടുന്നത് സാധാരണ സിപിഎം പ്രവര്‍ത്തകര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമാണ്. ഇനിയും സഹിക്കാന്‍ സൗകര്യമില്ല. വർഷങ്ങളോളമായി താൻ പാർട്ടിയിലുണ്ട്. പക്ഷെ പാർട്ടി തന്‍റെ പരാതി പരിഗണിച്ചില്ല. പി ശശിക്കെതിരെ താന്‍ നല്‍കിയ പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പില്ലെന്നാണ് പാര്‍ട്ടി സെക്രട്ടറി പറഞ്ഞത്. പി ശശി കാട്ടുകള്ളൻ ആണ്. എന്‍റെ പിന്നാലെ പോലീസുണ്ട്. എന്നെ കേസില്‍ പെടുത്താന്‍ ശ്രമമുണ്ട്. ഇന്ന് പത്ര സമ്മേളനം നടത്താന്‍ കഴിയുമെന്ന് കരുതിയതല്ല. പാർട്ടി തനിക്ക് തന്ന ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ലെന്നും' അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പരാതി പാർട്ടി പരിഗണിക്കാത്ത സ്ഥിതിക്ക് നിയമവഴിയിലേക്ക് നീങ്ങുമെന്നും അൻവർ അറിയിച്ചു.

സ്വർണക്കടത്തിലെ പുതിയ വെളിപ്പെടുത്തലുകൾ

കരിപ്പൂരില്‍ സ്വർണം കടത്തിയയാളെ പോലീസ് ജീപ്പില്‍ക്കയറ്റി കൊണ്ടു പോയെന്ന് ആരോപിച്ച അന്‍വര്‍ തെളിവായി വീഡിയോ പ്രദര്‍ശിപ്പിച്ചു. വീഡിയോ ചിത്രീകരിക്കാതെ സ്വര്‍ണ്ണം പിടിച്ചെടുത്തു. 900 ഗ്രാം പിടിച്ചെടുത്തപ്പോള്‍ 275 ഗ്രാം പോലീസ് മുക്കി. മറ്റൊരു സംഭവത്തില്‍ 500 ഗ്രാമിലേറെ സ്വര്‍ണ്ണം പോലീസ് മുക്കി. ശശിയും എഡിജിയും സുജിത് ദാസും ഇതിൽ നിന്ന് പങ്കുപറ്റിയിട്ടുണ്ടെന്നാരോപിച്ച അന്‍വർ സ്വർണക്കടത്തു കേസിൽ സിറ്റിംഗ് ജഡ്‌ജിയെ വെച്ച് അന്വേഷണം നടത്താൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.

രാജിയില്ല, ഭാവിയെന്ത്?

നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനങ്ങളുന്നയിക്കുമ്പോഴും നിലവിൽ പാർട്ടി മാറ്റം ഇല്ലെന്നാണ് അൻവറിന്‍റെ നിലപാട്. താൻ സിപിഎമ്മിലേക്കോ കോണ്‍ഗ്രസിലേക്കോ ലീഗിലേക്കോ പോകില്ലെന്ന് അൻവർ അറിയിച്ചു. എംഎല്‍എ സ്ഥാനം രാജി വെക്കില്ല. എംഎല്‍എ സ്ഥാനം ജനങ്ങള്‍ തന്നതാണ്. മുഖ്യമന്ത്രിയേക്കാളും ഉളുപ്പോടെ ഞാന്‍ നിയമസഭയിലിരിക്കും. ഇടത് മുന്നണി നിയമസഭ കക്ഷിയോഗത്തില്‍ പങ്കെടുക്കില്ല. ഞായറാഴ്‌ച നിലമ്പൂരില്‍ പൊതു സമ്മേളനം നടത്തും. ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കും. പാര്‍ട്ടിക്ക് കൊടുത്ത കത്ത് നാളെ പുറത്തു വിടും. കോടിയേരി ഉണ്ടായിരുന്നെങ്കില്‍ ഈ അവസ്ഥ ഉണ്ടാവില്ലായിരുന്നുവെന്നും അൻവർ പ്രതികരിച്ചു.

Also Read:ഭിന്നതകള്‍ മറന്ന് പികെ ബഷീറും പി വി അന്‍വറും, ഒരേ വേദി പങ്കിട്ട് പ്രതിപക്ഷ നേതാവും; വിവാദങ്ങൾക്കിടയിലെ വഴിത്തിരിവുകൾ

ABOUT THE AUTHOR

...view details