എറണാകുളം:പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന രണ്ട് പേർ കൂടി മരിച്ചു. കതൃക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ (19), എളംകുളം സ്വദേശി ആൽവിൻ (19) എന്നിവരാണ് മരിച്ചത്. കതൃക്കടവ് സ്വദേശി അഭിഷേക്(22) നേരത്തെ മരണപ്പെട്ടിരുന്നു.
ഞായറാഴ്‌ച അവധി ആഘോഷിക്കാനെത്തിയ യുവാക്കളുടെ സംഘം ബീച്ചിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെടുകയായിരുന്നു. രാവിലെ ഏഴുമണിയോടെയാണ് എട്ടുപേരടങ്ങുന്ന സംഘം പുതുവൈപ്പ് ബീച്ചിൽ കുളിക്കാനെത്തിയത്. ഇതിൽ അഭിഷേകും ആൽവിനും മിലനും തിരയിലകപ്പെടുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ട് സ്ഥലത്തെത്തിയ മത്സ്യത്തൊഴിലാളികളും നീന്തൽ പരിശീലകരും ചേർന്ന് മൂന്ന് പേരെയും കരയ്‌ക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും അഭിഷേകിൻ്റെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട മിലൻ , ആൽവിൻ എന്നിവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയായിരുന്നു. ഇന്ന് പുലർച്ചയോടെ ഇരുവരും മരണപ്പെട്ടു.