റോഡ് ശോചനീയാവസ്ഥയില്‍ പ്രതിഷേധം ഇടുക്കി:ചിന്നക്കനാൽ - വിലക്ക് റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ ജനകീയ പ്രതിഷേധ ധർണയും, റോഡ് ഉപരോധവും സംഘടിപ്പിച്ചു. ചിന്നക്കനാൽ, സൂര്യനെല്ലി നിവാസികളുടെ നേതൃത്വത്തിലാണ് പ്രതിഷേധ ധർണയും റോഡ് ഉപരോധവും സംഘടിപ്പിച്ചത്.
ചിന്നക്കനാൽ പവർഹൗസ് ഭാഗത്ത് റോഡ് ഉപരോധിച്ചുകൊണ്ടാണ് പ്രദേശവാസികൾ സമരം സംഘടിപ്പിച്ചത്. എത്രയും പെട്ടന്ന് റോഡ് ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് പ്രദേശവാസികൾ അറിയിച്ചു. തെക്കിന്‍റെ കാശ്‌മീരായ മുന്നാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ചിന്നക്കനാൽ, സൂര്യനെല്ലി മേഖല. ദിനം പ്രതി ആയിരകണക്കിന് വിനോദ സഞ്ചാരികൾ എത്തുന്ന ഈ മേഖലയിലേക്ക് ഗതാഗത യോഗ്യമായ റോഡ് ഇല്ല.
ദേശിയ പാതയിൽ നിന്നും ചിന്നക്കനാലിലേക്കുള്ള മൂന്ന് കിലോമീറ്റർ ദൂരമാണ് പൂർണ്ണമായും തകർന്ന് കുണ്ടും കുഴിയുമായി കിടക്കുന്നത്. നിർമാണം ആരംഭിച്ച് രണ്ട് വർഷം പിന്നിടുമ്പോഴും റോഡ് പഴയപടി തന്നെ. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ഇതോടെ ദുരിതത്തിലായ ചിന്നക്കനാൽ സൂര്യനെല്ലി നിവാസികളുടെ നേതൃത്വത്തിൽ റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ടാണ് സമരങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ പവർ ഹൗസ് വെള്ളച്ചാട്ടത്തിനു സമീപത്തു നിന്നും ചിന്നക്കനാലിലേക്ക് പോകുന്ന മൂന്ന് കിലോമീറ്ററോളം വരുന്ന പൊതുമരാമത്ത് റോഡാണ് തകർന്നു കിടക്കുന്നത്. കുഞ്ചിത്തണ്ണി ആസ്ഥാനമായ ലേബർ കോൺട്രാക്‌ട് സൊസൈറ്റി ആണ് ഈ റോഡിന്‍റെ നിർമ്മാണം കരാർ എടുത്തത്. എന്നാൽ രണ്ട് വർഷം കഴിഞ്ഞിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല.
റോഡിൽ പലയിടത്തും കുഴികൾ രൂപപ്പെട്ട് അതിൽ വെള്ളം നിറഞ്ഞു കിടക്കുകയാണ്. ചിന്നക്കനാൽ റേഷൻകടയ്ക്ക് സമീപത്തെ കലുങ്കിന്‍റെ നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചതിനാൽ വാഹന യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുന്നു.
കരാറുകാരുടെ അനാസ്ഥയാണ് റോഡ് നിർമ്മാണം വൈകാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. റോഡ് നിർമ്മാണത്തിന്‍റെ പേരിൽ അനധികൃതമായി പാറകൾ പൊട്ടിച്ചു കടത്തിയതായും നാട്ടുകാർ പറയുന്നു. രണ്ട് ആഴ്‌ചക്കുള്ളിൽ നടപടികൾ ഒന്നും ഉണ്ടായില്ലെങ്കിൽ പൊതുമരാമത്ത് വകുപ്പ് ഓഫിസ് ഉപരോധം അടക്കമുള്ള സമരങ്ങളിലേക്ക് കടക്കുമെന്നും പ്രദേശവാസികൾ പറഞ്ഞു.
ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ ആശുപത്രിയിൽ എത്തിക്കുവാനാണ് ചിന്നക്കനാൽ നിവാസികൾ ഏറെ ബുദ്ധിമുട്ടുന്നത്. റോഡിന്‍റെ ശോചനീയ അവസ്ഥ മൂലം വാഹങ്ങൾക്ക് അറ്റകുറ്റ പണികൾ നടത്താനെ സമയമുള്ളൂ എന്നാണ് ടാക്‌സി തൊഴിലാളികൾ പറയുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ഈ വിഷയത്തിൽ ഇടപെടണമെന്നും എത്രയും പെട്ടന്ന് റോഡ് ഗതാഗത യോഗ്യമാക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവിശ്യം.