കണ്ണൂർ: യാത്രയയപ്പ് ചടങ്ങില്‍ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യ പരസ്യമായി അപമാനിച്ചതില്‍ മനംനൊന്ത് കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയതില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. പ്രതിപക്ഷ സംഘടനകൾ ഒന്നടങ്കം പ്രതിഷേധം ശക്തമാക്കുമ്പോൾ പിപി ദിവ്യക്ക് രാജിവയ്‌ക്കേണ്ടി വരുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. പദവിയില്‍ ഇനിയും ഒരു വര്‍ഷം കൂടി കാലാവധി ഉള്ളപ്പോഴാണ് പുതിയ വിവാദം എന്നതും ശ്രദ്ധേയമാണ്.
ദിവ്യക്കെതിരെ നടപടി വേണമെന്നാണ് നവീനിന്‍റെ കുടുംബവും ആവശ്യപ്പെട്ടത്. ഇതാദ്യമായല്ല കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യക്കെതിരെ ഇത്തരം ഒരു ആത്മഹത്യ പ്രേരണക്കുറ്റത്തിന് കേസിന് ഇടവരുന്നത്. സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ ഏറെ വിവാദമുയർത്തിയ 2016ലെ കുട്ടിമാക്കൂൽ സംഭവത്തിൽ പിപി ദിവ്യക്ക് എതിരെ കേസെടുത്തതാണ്. ദലിത് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നാലെയായിരുന്നു കേസ്.
സംഭവത്തിൽ അന്നത്തെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റും ഇന്നത്തെ സ്‌പീക്കറുമായ എഎൻ ഷംസീറിനെതിരെയും പിപി ദിവ്യയ്‌ക്ക് എതിരെയും കേസ് എടുത്തിരുന്നു. ദിവ്യ അന്ന് വഹിച്ച പദവി ആകട്ടെ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍റേതായിരുന്നു. കോൺഗ്രസ് തലശ്ശേരി ബ്ലോക്ക് സെക്രട്ടറിയായിരുന്ന കുട്ടിമാക്കൂലിലെ എൻ.രാജന്‍റെ മകൾ അഞ്ജന ഡിവൈഎഫ്ഐ നേതാക്കൾ ചാനൽ ചർച്ചയ്ക്കിടയിൽ നടത്തിയ പരാമർശങ്ങളിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ചുവെന്നാണ് കേസ്.
ഇതുസംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി കോടതിക്ക് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ കേസ് അവസാനിപ്പിക്കുകയായിരുന്നു. പിതാവ് രാജനെ മർദിച്ചതിനെക്കുറിച്ച് ചോദിക്കാൻ കുട്ടിമാക്കൂലിലെ സിപിഎം ഓഫിസിലെത്തിയ അഞ്ജനെയെയും സഹോദരിയെയും പാർട്ടി ഓഫിസിൽ കയറി പ്രവർത്തകരെ മർദിച്ചുവെന്ന കുറ്റം ചുമത്തി കൈക്കുഞ്ഞിനൊപ്പം ജയിലിൽ അടച്ചത് വിവാദമായിരുന്നു.
ജയിൽമോചിതരായ അന്ന് രാത്രിയാണ് ചാനൽ ചർച്ചയില്‍ ഈ കുടുംബത്തെ അപമാനിച്ച് ഷംസീറും ദിവ്യയും രംഗത്തെത്തിയത്. ഇതിൽ നടത്തിയ പരാമർശത്തിൽ മനംനൊന്താണ് അഞ്ജന ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. തുടർന്ന് എഎൻ ഷംസീറിനെയും പിപി ദിവ്യയെയും പ്രതിയാക്കി പൊലീസ് കേസെടുത്തു.
ആത്മഹത്യാശ്രമത്തിന് യുവതിക്കെതിരെയും കേസെടുത്തിരുന്നു. പിന്നീട് ഷംസീറിനെ കേസിൽ നിന്ന് ഒഴിവാക്കി നേരത്തേ കേസ് അന്വേഷിച്ച ഡിവൈഎസ്‌പി സാജുപോൾ കോടതിക്ക് റിപ്പോർട്ട് നൽകുകയും ചെയ്‌തു. എന്നാല്‍ പിന്നീട് കേസ് എഴുതിത്തള്ളുകയും ചെയ്‌തു. യുവതിയെ ചികിത്സിച്ച ഡോക്‌ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേസ് എഴുതിത്തള്ളിയതെന്നായിരുന്നു റിപ്പോര്‍ട്ട്.