തിരുവനന്തപുരം :71 ശതമാനമെന്നത് കുറഞ്ഞ പോളിങ് ശതമാനമല്ല ഭേദപ്പെട്ട പോളിങ്ങാണെന്നും സംസ്ഥാനത്ത് പോളിങ് ശതമാനത്തിൽ കുറവ് വരാൻ കാരണം തെരഞ്ഞെടുപ്പ് കമ്മിഷനാണെന്ന ആരോപണം അടിസ്ഥാന രഹിതമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ ഇടിവി ഭാരതിനോട് പറഞ്ഞു.
ഉദ്യോഗസ്ഥരുടെ കുറവും പരിശീലനമില്ലായ്‌മയും പോളിങ്ങിനെ സ്വാധീനിച്ചെന്ന വാദവും അടിസ്ഥാന രഹിതമാണ്. ഇന്നലെ ആറു മണിക്ക് സംസ്ഥാനത്തെ 95 ശതമാനം ബൂത്തുകളിലും പോളിങ് പൂർത്തിയായി. വടകരയിൽ 10 ഓളം ബൂത്തുകളിൽ മാത്രമാണ് പോളിങ് വൈകിയത്. മെഷീൻ തകരാർ വ്യാപകമാണെന്ന അവകാശ വാദവും അംഗീകരിക്കാനാകില്ല. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 4.5 ശതമാനം വോട്ടിങ് യന്ത്രങ്ങൾക്കാണ് തകരാർ സംഭവിച്ചത്. ഇത്തവണ ഇത് 0.44 ശതമാനമാണ്.
മോക് പോളിങ് സമയത്ത് മാത്രമാണ് വിവിപാറ്റുകളിൽ പ്രശ്‌നം കണ്ടത്. 2 ശതമാനം വിവിപാറ്റുകളിൽ മാത്രമാണ് പ്രശ്‌നം കണ്ടത്. കള്ളവോട്ട് ഉണ്ടെന്ന ആരോപണങ്ങളും വാർത്തയും അറിഞ്ഞു. എന്നാൽ ആരും പരാതി നൽകിയിട്ടില്ല.
കണ്ണൂർ, കാസർകോട് ജില്ലകളിൽ ബൂത്ത് പിടുത്തമുണ്ടെന്ന ആരോപണത്തിലും കഴമ്പില്ല. ഇരു ജില്ലകളിലെയും 100 ശതമാനം ബൂത്തുകളിലും വെബ് കാസ്റ്റിങ് നടത്തിയിരുന്നു. കണ്ണൂരിലും കാസർകോട്ടും കലക്‌ടർമാരുടെ നേതൃത്വത്തിൽ ഈ ആരോപണം പരിശോധിച്ചു. എന്നാൽ ഒന്നും കണ്ടെത്താനായില്ല.