നടി ഹണി റോസിന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റിന് താഴെ അശ്ലീല കമന്‍റ് രേഖപ്പെടുത്തിയ കേസില്‍ പൊലീസ് നടപടിയില്‍ പ്രതികരിച്ച് ഹണി റോസ്. തന്‍റെ പരാതിയില്‍ പൊലീസിന്‍റെ പെട്ടെന്നുള്ള നടപടിയില്‍ സന്തോഷമുണ്ടെന്നാണ് ഹണി റോസിന്‍റ പ്രതികരണം.
"പരാതി ആരോടുമുള്ള വാശിതീര്‍ക്കല്‍ അല്ല... ഒരു സ്‌ത്രീയോട് മോശമായി പ്രതികരിച്ചതിനുള്ള മറുപടിയാണിത്. ഒരു സ്‌ത്രീ അവര്‍ക്കുണ്ടായ മോശം അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുമ്പോള്‍ അധിക്ഷേപ കമന്‍റുകള്‍ ചെയ്‌ത് സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണിത്," -ഹണി റോസ് പറഞ്ഞു.
സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ചെന്ന ഹണി റോസിന്‍റെ പരാതിയില്‍ 27 പേര്‍ക്കെതിരെ കേസെടുക്കുകയും ഒരാളെ പൊലീസ് അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. കുമ്പളം സ്വദേശി ഷാജിയാണ് അറസ്‌റ്റിലായത്. ഐടി ആക്‌ട്, സ്‌ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ഈ വകുപ്പുകള്‍ പ്രകാരമാണ് 27 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തത്.
തന്‍റെ സ്‌ത്രീത്വത്തെ നിരന്തരം ഒരാള്‍ അപമാനിക്കുന്നുവെന്ന് കുറിച്ച് കൊണ്ട് കഴിഞ്ഞ ദിവസമാണ് ഹണി റോസ് ഫേസ്‌ബുക്കില്‍ ഒരു പോസ്‌റ്റ് പങ്കുവച്ചത്. പ്രശസ്‌തനായ ഒരു ബിസിനസുകാരന് എതിരെയായിരുന്നു നടിയുടെ രൂക്ഷ വിമർശനം. പേരു പരാമര്‍ശിക്കാതെയുള്ള പോസ്‌റ്റിന് താഴെ അധിക്ഷേപ കമന്‍റുകളും പ്രത്യക്ഷപ്പെട്ടു.
ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ ഒരു വ്യക്‌തി മനപ്പൂര്‍വ്വം തന്നെ തുടര്‍ച്ചയായി അപമാനിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ്. ചടങ്ങില്‍ വിളിച്ചപ്പോള്‍ പോകാന്‍ വിസമ്മതിച്ചതാണ് തന്നെ തുടര്‍ച്ചയായി അപമാനിക്കാനുള്ള കാരണമെന്നും ഹണി റോസ് പറഞ്ഞിരുന്നു.
"ഒരു വ്യക്തി ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം തുടർച്ചയായി പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുമ്പോഴും പ്രതികരിക്കാത്തത് അത്തരം സ്‌റ്റേറ്റ്‌മെന്‍റ്‌സ് ആസ്വദിക്കുന്നത് കൊണ്ടാണോ അതോ പറയുന്നതെല്ലാം അംഗീകരിക്കുന്നത് കൊണ്ടാണോ എന്ന് അടുപ്പം ഉള്ളവർ ചോദിക്കുന്നു.
പ്രസ്‌തുത വ്യക്തി പിന്നീടും ചടങ്ങുകൾക്ക് എന്നെ ക്ഷണിച്ചപ്പോൾ ഞാൻ പോകാൻ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം ഞാൻ പോകുന്ന ചടങ്ങുകളിൽ മനപ്പൂർവം വരാൻ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ എന്‍റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നു.
പണത്തിന്‍റെ ധാർഷ്ട്യത്താൽ ഏതു സ്ത്രീയെയും ഒരാൾക്ക് അപമാനിക്കാൻ കഴിയുമോ, അതിനെ എതിർക്കാൻ ഇന്ത്യയിലെ നിയമ സംവിധാനം ഒരു സംരക്ഷണവും നൽകുന്നില്ലേ എന്ന് ചോദിച്ചാൽ ഇയാളുടെ പ്രവർത്തികളിൽ ഇന്ത്യൻ ശിക്ഷാനിയമത്തിൽ സ്ത്രീകൾക്കെതിരെ ലൈംഗികദ്യോതകമായ ഉദ്ദേശത്തോടെ സംസാരിക്കുകയും അതേ ഉദ്ദേശത്തോടെ പിന്തുടരുകയും ചെയ്യുന്നു എന്ന കുറ്റകൃത്യങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണ് എന്നാണ് അറിയാൻ സാധിച്ചത്.
ഞാൻ വ്യക്തിപരമായി, മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവ്, അതിന് എനിക്ക് പ്രതികരണശേഷി ഇല്ല എന്നർത്ഥം ഇല്ല. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വ്യാഖ്യാനത്തിൽ മറ്റൊരാളുടെ വ്യക്‌തി സ്വാതന്ത്ര്യത്തെ അപമാനിക്കാൻ ഉള്ള സ്വാതന്ത്ര്യം ഇല്ല," ഇപ്രകാരമായിരുന്നു ഹണി റോസിന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റ്.