ജഗ്‌ദാല്‍പൂര്‍(ബീജാപ്പൂര്‍): ഛത്തീസ്‌ഗഡിലെ നക്‌സല്‍ ബാധിത ജില്ലയായ ബീജാപ്പൂരില്‍ മാധ്യമപ്രവര്‍ത്തകന്‍ മുകേഷ് ചന്ദ്രാകറിന്‍റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സുരേഷ് ചന്ദ്രാകറിനെ ഹൈദരാബാദില്‍ നിന്ന് അറസ്റ്റ് ചെയ്‌തു. ഞായറാഴ്‌ച രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്‌തതെന്ന് ബസ്‌തര്‍ ഐജി സുന്ദരരാജ് പറഞ്ഞു.
ആരാണ് മുകേഷ് ചന്ദ്രാകര്‍
പല ചാനലുകളിലും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്യുന്ന യുവ മാധ്യമപ്രവര്‍ത്തകനാണ് മുകേഷ് ചന്ദ്രകാര്‍. ബസ്‌തര്‍ ജംഗ്ഷന്‍ എന്നൊരു സ്വന്തം യുട്യൂബ് ചാനലും ഇദ്ദേഹത്തിനുണ്ട്. ഇതിന് ഏകദേശം ഒന്നരലക്ഷത്തിലേറെ സബ്‌സ്‌ക്രൈബര്‍മാരുമുണ്ട്. 2021 ഏപ്രിലില്‍ തകല്‍ഗുട നക്‌സലൈറ്റ് ആക്രമണത്തിനിടെ ഇവര്‍ പിടിച്ച് കൊണ്ടുപോയ കോബ്ര കമാന്‍ഡോ രാകേശ്വര്‍ സിങ് മന്‍ഹാസിനെ മോചിപ്പിക്കാന്‍ മുഖ്യ പങ്കുവഹിച്ചതോടെയാണ് മുകേഷ് ചന്ദ്രാകര്‍ ശ്രദ്ധിക്കപ്പെടുന്നത്. സംഭവത്തെ തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ഭൂപേഷ് ബാഗല്‍ മുകേഷ് ചന്ദ്രാകറിനെയും രക്ഷാപ്രവര്‍ത്തനത്തിലുള്‍പ്പെട്ട മറ്റ് മാധ്യമപ്രവര്‍ത്തകരെയും സന്ദര്‍ശിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ചന്ദ്രാകറിനെ കാണാതായത് പുതുവര്‍ഷ ദിനം മുതല്‍
നവവത്സര ദിനമായ ജനുവരി ഒന്നിന് വൈകിട്ട് മുതലാണ് ചന്ദ്രാകറിനെ കാണാതായത്. സ്വന്തം നിലയ്ക്ക് സഹോദരനെ കണ്ടെത്താന്‍ അദ്ദേഹത്തിന്‍റെ സഹോദരന്‍ യുകേഷ് ചന്ദ്രാകര്‍ ശ്രമിച്ചു. പിന്നീട് സഹോദരനെ കാണാനില്ലെന്ന വിവരം ഇദ്ദേഹം സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവച്ചു. ഈ സാമൂഹ്യമാധ്യമ പോസ്റ്റ് ചന്ദ്രാകറിന്‍റെ അയല്‍ക്കാരെയും സുഹൃത്തുക്കളെയും ആശങ്കയിലാക്കി. നക്‌സല്‍ ബാധിത മേഖലയായ ബീജാപ്പൂരില്‍ നിന്ന് പെട്ടെന്നുള്ള ഇദ്ദേഹത്തിന്‍റെ തിരോധാനം ഇവരില്‍ ഏറെ ചോദ്യങ്ങളുയര്‍ത്തി. പൊലീസും ഇദ്ദേഹത്തെ അന്വേഷിക്കാന്‍ തുടങ്ങി.
രണ്ട് ദിവസത്തിന് ശേഷം മൃതദേഹം കണ്ടെത്തിയത് സെപ്‌ടിക് ടാങ്കില്‍
മുകേഷിന്‍റെ മൊബൈല്‍ നമ്പരിന്‍റെ അവസാന ലൊക്കേഷന്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തിന്‍റെ മൃതദേഹം കണ്ടെത്തിയതെന്ന് ബീജാപ്പൂര്‍ പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര യാദവ് പറഞ്ഞു. കരാറുകാരനായ സുരേഷ് ചന്ദ്രാകറിന്‍റെ ഉടമസ്ഥതയിലുള്ള വസ്‌തുവിലെ സെപ്‌ടിക് ടാങ്കില്‍ നിന്ന് മുകേഷിന്‍റെ മൃതദേഹം ജെസിബി ഉപയോഗിച്ച് പുറത്തെടുത്തു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം സെപ്‌ടിക് ടാങ്കില്‍ ഉപേക്ഷിച്ച് സിമന്‍റ് തേച്ച് അടച്ചിരുന്നു. ജനുവരി മൂന്നിന് വൈകിട്്ട അഞ്ച് മണിയോടെയാണ് മുകേഷിന്‍റെ മൃതദേഹം പുറത്തെടുത്തത്.
കൊലപാതകം എന്തിന്?
പ്രതി ചേര്‍ക്കപ്പെട്ടിരിക്കുന്ന സുരേഷ് ചന്ദ്രാകര്‍ നിര്‍മിച്ച ഒരു റോഡിന്‍റെ അഴിമതി മുകേഷ് പുറത്ത് കൊണ്ടു വരുന്നിരുന്നു. ഇതാകാം കൊലപാതകത്തിന് കാരണമായതെന്നാണ് കരുതുന്നത്. സുരേഷ് ചന്ദ്രാകറാണ് കേസിലെ മുഖ്യപ്രതിയെന്ന ്പൊലീസ് പറഞ്ഞു. അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായിട്ടുണ്ട്. ഇയാളുടെ സഹോദരന്‍ റിതേഷും സൂപ്പര്‍വൈസര്‍ മഹേന്ദ്ര രാംതേക്കും ചേര്‍ന്ന് മുകേഷിനെ ജനുവരി ഒന്നിന് കൊല്ലുകയും മൃതദേഹം സെപ്‌ടിക് ടാങ്കില്‍ ഉപേക്ഷിക്കുകയുമായിരുന്നു.
ജനുവരി നാലിന് റിതേഷ് ചന്ദ്രാകറിനെയും സൂപ്പര്‍ വൈസര്‍ മഹേന്ദ്ര രാംതേക്കിനെയും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച ദിനേഷ് ചന്ദ്രാകറിനെയും ബീജാപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. നാട്ടുകാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും സമ്മര്‍ദ്ദം ശക്തമായതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ സര്‍ക്കാര്‍ രൂപീകരിച്ചു. സുരേഷ് ചന്ദ്രാകര്‍ തന്‍റെ ഡ്രൈവറിന്‍റെ ഹൈദരാബാദിലെ വീട്ടില്‍ ഒളിച്ച് കഴിയുകയായിരുന്നു. ഇയാളിലേക്ക് എത്താന്‍ പൊലീസ് 200 ലേറെ സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചു. 300ലേറെ മൊബൈല്‍ നമ്പരുകളും പരിശോധിച്ചു.