ഇടുക്കി:പീരുമേട് താലൂക്കിലെ തേയില തോട്ടങ്ങളിലെ ലയങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കാത്തതിലും പോബ്‌സ് എസ്റ്റേറ്റ് വക തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകുന്നതിലെ കാലതാമസത്തിനെതിരെയും കേരള പ്ലാന്‍റേഷൻ വർക്കേഴ്‌സ് യൂണിയൻ ഐഎൻടിയുസി പ്രക്ഷോഭത്തിലേക്ക്. ജൂൺ ആറിന് കെപിഡബ്ല്യു യൂണിയൻ ഐഎൻടിയുസിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ മാർച്ചും ധർണയും അഡ്വക്കേറ്റ് ഇഎം ആഗസ്‌തി മുന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
പീരുമേട് താലൂക്കിലെ തേയില തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികൾ അധിവസിക്കുന്ന എസ്റ്റേറ്റ് ലയങ്ങൾ മഴക്കാലത്ത് ചോർന്നൊലിക്കുന്ന രീതിയിലും ഏതു നിമിഷവും തകർന്ന് വീഴാവുന്ന അവസ്ഥയിലുമാണ് ഉള്ളത്. എസ്റ്റേറ്റ് ലയങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾക്കായി ഇടതുപക്ഷ സർക്കാർ കഴിഞ്ഞ മൂന്ന് ബജറ്റുകളിലായി പത്ത് കോടി രൂപ വീതം അനുവദിച്ചിരുന്നുവെങ്കിലും ലയങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ കടലാസിൽ മാത്രം ഒതുങ്ങുകയാണുണ്ടായത് എന്നാണ് ആക്ഷേപം.