മലപ്പുറം: സമസ്‌ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരായ വിമർശനത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനെ തള്ളി പികെ കുഞ്ഞാലിക്കുട്ടി. സലാം പറഞ്ഞത് മുസ്‌ലിം ലീഗിന്‍റെ നിലപാടല്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പാർട്ടി അത് ഓൺ ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
ഇത്തരം പരാമർശങ്ങൾ ആര് പറഞ്ഞാലും എതിർക്കണം. നേരത്തെ ഉമർ ഫൈസി മുക്കം ഇത്തരം പരാമർശം നടത്തിയപ്പോഴും ലീഗ് എതിർത്തിരുന്നു. പിഎംഎ സലാം തന്നെ പരാമർശം നിഷേധിച്ചിട്ടുണ്ട്.
സാദിഖലി തങ്ങളുമായി സംസാരിച്ചിരുന്നു. സലാം പറഞ്ഞത് പാർട്ടി നിലപാടല്ലെന്ന് പറയാൻ തങ്ങൾ പറഞ്ഞു. ഉന്നത നിലവാരമുള്ള പാർട്ടിയാണ് മുസ്‌ലിം ലീഗ് എന്നും പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വിജയത്തിന് പിന്നാലെ കുവൈത്തിൽ പിഎംഎ സലാം നടത്തിയ പരാമർശമാണ് വിവാദമായത്. പാണക്കാട് സാദിഖ് അലി തങ്ങൾ അനുഗ്രഹിച്ച രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിന്നും ജയിച്ചപ്പോള്‍ മറ്റൊരു നേതാവ് അനുഗ്രഹിച്ച സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായി എന്നായിരുന്നു പിഎംഎ സലാമിന്‍റെ വിമര്‍ശനം. മുസ്ലിം സമുദായം ആർക്കൊപ്പമാണെന്ന് ഇതിലൂടെ വ്യക്തമായെന്നും പിഎംഎ സലാം പറഞ്ഞു.
വിവാദമായതിന് പിന്നാലെ ജിഫ്രി തങ്ങളെ അപമാനിച്ചിട്ടില്ലെന്ന് വിശദീകരിച്ച് പിഎംഎ സലാം രംഗത്തെത്തിയിരുന്നു. താൻ ഉദ്ദേശിച്ചത് ജിഫ്രി തങ്ങളെ അല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനെ ആയിരുന്നു എന്നുമാണ് പിഎംഎ സലാമിന്‍റെ വിശദീകരണം.
Also Read:'പരാമര്‍ശം പിണറായിയെ കുറിച്ച്, ജിഫ്രി തങ്ങളെ അപമാനിച്ചിട്ടില്ല': പിഎംഎ സലാം