കോഴിക്കോട്: രാഹുൽ ഗാന്ധി എന്തുകൊണ്ട് ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്നില്ല എന്ന ചോദ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യ മുന്നണി നേതാവായ രാഹുൽ ഗാന്ധി ബിജെപിക്കെതിരെ പോരാടാതെ എൽഡിഎഫിനെതിരെ മത്സരിക്കുന്നതിൽ എന്താണ് അർത്ഥമെന്നും കോഴിക്കോട് നടന്ന പത്രസമ്മേളനത്തിനിടെ മുഖ്യമന്ത്രി ചോദിച്ചു.
മണിപ്പൂർ വിഷയത്തിൽ രാജ്യദ്രോഹിയായി ചിത്രീകരിക്കപ്പെട്ട ആളാണ് ആനി രാജയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിനെതിരായ എല്ലാ പ്രതിഷേധങ്ങളിലും ആനി രാജ ഉണ്ട്. അവർക്കെതിരെയാണ് രാഹുൽ ഗാന്ധി മത്സരിക്കുന്നത്. ഇത് ഇന്ത്യമുന്നണിയിൽ വലിയ ചോദ്യ ചിഹ്നമാണെന്നും പിണറായി വിജയൻ ഓർമിപ്പിച്ചു.
കോൺഗ്രസ് ഇതര പാർട്ടി നേതാക്കളെ ബിജെപി വേട്ടയാടുമ്പോൾ കോൺഗ്രസും ആ വേട്ടക്ക് ഒപ്പം നിൽക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കെജ്രിവാളിന് എതിരായ ഇഡി നീക്കങ്ങൾക്ക് വഴിവെച്ചത് കോൺഗ്രസാണ്. കെജ്രിവാളിനെതിരെ നേരത്തെ സ്വീകരിച്ച നിലപാട് തെറ്റായിപ്പോയി എന്ന് പറയാനുള്ള ആർജവം കോൺഗ്രസ് കാണിക്കണമെന്നും പിണറായി പറഞ്ഞു.