കോഴിക്കോട് :നാൽപ്പത്തിമൂന്ന് വർഷം പൂവാട്ടുപറമ്പിൽ സ്‌റ്റുഡിയോ നടത്തുകയായിരുന്നു മുരളീധരൻ മംഗലോളി. ഫോട്ടോയെടുക്കാൻ ആവശ്യക്കാർ വരുമ്പോൾ അവർക്ക് വേണ്ട ഫോട്ടോകൾ എല്ലാം ഇക്കാലമത്രയും എടുത്തു നൽകി. എന്നാൽ മനസുനിറയെ പരിസ്ഥിതിയായിരുന്ന മുരളീധരൻ മംഗലോളിക്ക് പരിസ്ഥിതിക്ക് ദോഷം തട്ടുന്ന കാഴ്ച്ചകളെ ചിത്രങ്ങളാക്കി പകർത്തി വയ്ക്കുന്നതിലും വലിയ താത്‌പര്യമായിരുന്നു. അങ്ങനെ പല കാലങ്ങളിൽ പകർത്തിവച്ച മുപ്പതോളം ചിത്രങ്ങളാണ് പൂവാട്ടുപറമ്പിൽ പ്രദർശിപ്പിച്ചത്.
കല്ലായിപ്പുഴയുടെ ഉത്ഭവമായ മാമ്പുഴയുടെ ഇന്നത്തെ കാഴ്‌ചകളാണ് എല്ലാ ചിത്രങ്ങളിലും ഉള്ളത്. മാമ്പുഴയുടെ ജീവൻ എടുക്കുന്ന കാഴ്‌ചകൾ ആരെയും ചിന്തിപ്പിക്കുന്നതാണ്. മാമ്പുഴയെ അറിയുക, മാമ്പുഴയെ തിരിച്ചുപിടിക്കുക എന്ന ആശയം ഉയർത്തിയാണ് ഫോട്ടോ പ്രദർശനം ഒരുക്കിയത്.